ഒരു വിസ്കി സോഡ ചേർത്ത് നീട്ടി. ഞാൻ ഒന്ന് ശങ്കിച്ചു. അച്ഛൻ ചിരിച്ചു. നീ ഇതു പിടിക്ക്. പിന്നെ ഒരു പെഗ് സ്വയം ഒഴിച്ചു.
ചാരു കസേരയിൽ ഇരുന്നിട്ട് എന്നെ പിടിച്ച് അടുത്തിരുത്തി. ഞങ്ങൾ കൂട്ടുകാരെപ്പോലെ വർത്തമാനം പറയാതെ തന്നെ വിനിമയം നടത്തി സുഖമുള്ള നിശ്ശബ്ദതയിൽ മെല്ലെ മദ്യം അകത്താക്കി. അ ടുത്ത പെഗ്ഗുകൾ ഞാൻ ഒഴിച്ചു.
ഇപ്പോൾ.. നിനക്കറിയാമോ എന്നറിയില്ല…. നിന്റെ അമ്മയ്ക്കും എനിക്കും ഏറ്റവും പ്രിയപ്പെട്ടവൻ നീ ആയിരുന്നു. നീ പോയിക്കഴിഞ്ഞ് ഞങ്ങൾക്ക് അതു മനസ്സിലായി. ഒരിക്കലും മറ്റു മക്കളെ പോലെ നിനക്ക് വലിയ ആവശ്യങ്ങൾ ഒന്നും തന്നെ ഇല്ല. നിന്നെപ്പറ്റി അവൾ എന്നും പറയുമായിരുന്നു. ആ…പോട്ടെ..അച്ഛൻ നിശ്വസിച്ചു.
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം.
എനിക്ക് നിന്റെ ചേട്ടന്റെയും, ചേച്ചിയുടെയും മനസ്സിലിരിപ്പ് നന്നായി അറിയാം. അവരായി, അവരുടെ പാടായി. ഞാൻ ഇല്ലാതെ ആയാൽ നിന്നെ പറ്റി ആർക്കും ഒരു താൽപ്പര്യവും കാണില്ല. അതുകൊണ്ട് ഞാൻ ഒരു വിൽപ്പത്രം എഴുതി വക്കീലിനെ ഏല്പിച്ചിട്ടുണ്ട്. പിന്നെ നിന്റെ പേരിൽ നല്ല ഒരു സംഖ്യ ബാങ്കിലും. മറ്റുള്ള മക്കൾക്കെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും വാരിക്കോരി കൊടുത്തിട്ടുണ്ട്. നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാൻ പാടില്ല. ഈ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ തന്നെ ഇരിക്കട്ടെ. പിന്നെ നിന്റെ ഇപ്പോഴത്തെ പണി എങ്ങിനെ?