പാവം… കുഴന്തൈ….. അവൾ മന്ത്രിക്കുന്നത് കേട്ടു. കണ്ണീരു വീണ് ആ മാറിടം നനഞ്ഞു. എന്തോ എന്നിൽ നിന്നും പറിച്ചെറിഞ്ഞ പോലെ. ദുഃഖം എന്നെ പൊതിഞ്ഞു. അമ്മയെ എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് ‘അമ്മ ഇല്ലാതെ ആയപ്പോൾ മനസ്സിലാക്കി. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ലല്ലോ.
മാഡം വന്ന് എന്നെ പിടിച്ചെണീപ്പിച്ചു. അടുത്ത ഫ്ളൈറ്റിൽ നാട്ടിലേക്ക് അയച്ചു. വീട്ടിലെ വേദനിപ്പിക്കുന്ന രംഗങ്ങൾ എന്തിന് വർണ്ണിക്കണം? മരവിച്ച നിലയിൽ അച്ഛൻ. അതിനിടെ യു എസ്സിൽ നിന്നും വന്ന ചേട്ടനും കുടുംബവും, പിന്നെ സിഗപ്പൂര് കാരി ചേച്ചി…..ഇവരുടെ കുടുംബംഗങ്ങളുടെ അമർത്തിയ പൊങ്ങച്ചം.. ഇളയ, എങ്ങുമെത്താത്ത എന്നോടുള്ള പുച്ഛം. അമ്മയോടുള്ള അവരുടെയെല്ലാം അടുപ്പത്തിന്റെ വർണ്ണനകൾ.
ഉള്ളു വിങ്ങി. ഇളയ മകനായ ഞാൻ കർമ്മങ്ങളെല്ലാം ചെയ്തു. മുംബൈയിലേക്ക് പോന്ന അന്ന് ‘അമ്മ തന്ന ഉമ്മയുടെ മധുരം…ആ ഓർമ്മ.. മനസ്സിലിട്ടു നടന്നു. എല്ലാവർക്കും തിരക്ക്. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് സഞ്ചയനം. അതു കഴിഞ്ഞ് ചേട്ടൻ സ്ഥലം വിട്ടു. ചേട്ടത്തിയമ്മ സ്വന്തം വീട്ടിലേക്കും. അച്ഛനെ ഒരു മാറ്റത്തിനു വേണ്ടി എന്ന പേരിൽ (വാസ്തവത്തിൽ കണ്ണ് സ്വത്തിലും) ചേച്ചി സിംഗപ്പൂരിലേക്ക് കൊണ്ടുപോവാനുള്ള ഒരുക്കത്തിലും.
രാജു.. അച്ഛൻ എന്നെ ഓഫിസ് മുറിയിലേക്ക് വിളിച്ചു. വീട്ടിൽ അന്ന് ആരുമില്ലായിരുന്നു. അളിയൻ ചേച്ചിയേം പിള്ളേരേം കൊണ്ട് വീട്ടിലേക്ക് രണ്ട് ദിവസത്തിനു പോയിരുന്നു. വെച്ചു വിളമ്പാൻ ഒരു വകയിലെ അമ്മായി കിഴവിയെ ഏർപ്പാട് ചെയ്തിട്ട്.