ശരീരത്തിൽ പറ്റിയ മാറാലകൾ തുടച്ചു കളഞ്ഞതിന് ശേഷം ജഗൻ പതിയെ ആ പെട്ടി തുറന്നു. അതിനകത്തു ഒരു എഴുത്തോലയും ഒരു ചെറിയ ബോക്സും അവൻ കണ്ടു. അവൻ എഴുത്തോല എടുത്തു വായിക്കാൻ ശ്രമിച്ചു. ചെറുപ്പത്തിൽ പഠിച്ചിരുന്ന സംസ്‌കൃതം അവൻ പൊടി തട്ടിയെടുത്തു. ഒരു ലെൻസുപ്രയോഗിച്ചു അവൻ പതിയെ അത് വായിക്കാൻ തുടങ്ങി.
” ഈ ബോക്സിൽ ഉള്ളത് ദേവേന്ദ്രന്റെ മോതിരം ആണ്. വടക്കേ മംഗലത്തെ താവഴിയിൽപെട്ടവർക്കേ ഇതിന്റെ ശക്തി ആവാഹിക്കാനാവൂ. ഇത് ധരിക്കുന്നയാൾക്ക് മറ്റുള്ളവരുടെ ചെയ്തികൾ നിയന്ത്രിക്കാനുള്ള ശക്തി ലഭിക്കുന്നതാണ്. ഈ ശക്തി നിയന്ത്രിക്കാനുള്ള ആളിന്റെ നിപുണത അനുസരിച്ചു കൂടുതൽ ശക്തികൾ വന്നു ചേരുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കണം ഒരു പ്രാവശ്യം മോതിരം ധരിച്ചു കഴിഞ്ഞാൽ പിന്നെ ആരാലും അത് അഴിച്ചു മാറ്റാൻ സാധിക്കുന്നതല്ല. മോതിരം ധരിച്ച ആൾ ഇതിന്റെ ശക്തി പൂർണ്ണമായും മനസ്സിലാക്കിയതിന് ശേഷം മോതിരം തിരസ്കരിക്കുകയാണെങ്കിൽ മാത്രമേ ഈ മോതിരം ഊരി മാറ്റാൻ സാധിക്കുകയുള്ളൂ.. “
ജഗൻ പതിയെ അതിനുള്ളിൽ ഉള്ള ആ ചെറിയ ബോക്സ് തുറന്ന് നോക്കി. അതിനുള്ളിൽ ഒരു സ്വർണത്തിന്റെ മോതിരം കണ്ടു. അത് ഇടണോ വേണ്ടയോ എന്ന ചിന്ത അവന്റെ ഉള്ളിൽ കിടന്ന് മല്ല യുദ്ധം നടത്തി. അവസാനം അവൻ അത് പരീക്ഷിക്കാൻ തീരുമാനിച്ചു. അവൻ പതിയെ ആ മോതിരം അവന്റെ വിരലിലേക്ക് ഇട്ടു. അവന്റെ ദേഹത്ത് കൂടി ഒരു വൈദ്യുതപ്രവാഹം സംഭവിച്ചത് പോലെ അവനു തോന്നി. അവൻ പെട്ടിയും ഓലയും എടുത്ത് ഭദ്രമായി അവന്റെ മുറിയിൽ വച്ചു.