രാമായണം… രാവണൻ… ലങ്ക… ചന്ദ്രഹാസം… ഇതൊക്കെ ഐതീഹ്യമല്ലേ… മുത്തശ്ശി പറഞ്ഞതൊക്കെ ശരിയാകുന്നതെങ്ങിനെ?… 3500 വർഷങ്ങൾക്ക് ശേഷം ഒരാൾ പുനർജ്ജനിക്കുമെന്നോ?… അതിന് ഇത്തിരിപ്പോന്ന താൻ എന്തുചെയ്യാൻ?… അങ്ങിനെയൊരു വാൾ ഉണ്ടെങ്കിൽ തന്നെ ഇത്രയും നാൾ കേടുകൂടാതെ ഇരിക്കുന്നതെങ്ങിനെ?… ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉൂരിത്തിരിഞ്ഞു…
എന്തായാലും മുത്തശ്ശി പറഞ്ഞതു പോലെ നിലവറയിൽ പോയി നോക്കുക തന്നെ… സത്യമറിയണമല്ലോ… അവൻ കത്തിത്തീർന്ന ചിതയ്ക്കരികിൽ നിന്നും ഉറച്ച കാലടികളോടെ വീട്ടിലേക്ക് തിരിഞ്ഞു നടന്നു… നിലവറയിലേക്ക്… മുത്തശ്ശിയുടെ മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന രഹസ്യം തേടി…
അന്ന് വൈകിട്ട് തന്നെ അമ്മയുടെ കയ്യിൽ നിന്ന് നിലവറയുടെ താക്കോൽ മേടിച്ച് പഴയ ബുക്കുകളിൽ ചിലത് എടുക്കാനെന്ന പേരിൽ രാഘവ് നിലവറയ്ക്കുള്ളിൽ കയറി… വീടിനകത്തളത്തിലെ ചായ്പ്പിൽ നെല്ലിടിക്കുന്ന ഉരൽ വച്ചിരുന്ന സ്ഥലമയിരുന്നു നിലവറയിലേക്കുള്ള വഴിയുടെ മുഖം… ഉരൽ തള്ളിനീക്കിയപ്പോൾ ചതുരത്തിലുള്ള ഒരു വാതിൽ കണ്ടു… സൂക്ഷിച്ച് നോക്കിയാൽ മാത്രമേ അതൊരു വാതിൽ ആണെന്ന് മനസ്സിലാകൂ… പഴയ വീടാണിത്… ഹൂം…
അവൻ താക്കോൽ കൊണ്ട് നിലവറ തുറന്ന് അകത്തു കയറി… മുത്തശ്ശി പറഞ്ഞ താളിയോല കണ്ടുപിടിക്കാൻ വല്യ ബുദ്ധിമുട്ട് അവന് അനുഭവപ്പെട്ടില്ല… മുത്തശ്ശിയുടെ ഒരു ട്രങ്ക് പെട്ടിയിൽ പട്ടുകൊണ്ട് പൊതിഞ്ഞ ഒരു ഓല… അതിന്റെ പട്ടഴിച്ച് അതിൽ രേഖപ്പെടുത്തിയിരിക്കുന്ന സംസ്കൃത ലിപികൾ അവൻ വായിച്ചു… ഇത് പഴയ സംസ്കൃതമാണ്… അതിൽ എഴുതിയിരിക്കുന്നതിന്റെ പൊരുൾ വായിച്ചെടുക്കാൻ അവൻ കുറച്ചു പ്രയാസപ്പെട്ടു…
വായിച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശി പറയുന്നതു തന്നെയാണ് അതിലുള്ളതെന്ന് മനസ്സിലായി… അവൻ അതിൽ പറഞ്ഞിരിക്കുന്നത് തന്റെ കയ്യിലുള്ള പേപ്പറിലേക്ക് പകർത്തിയെഴുതി…