എടാ… നമ്മുടെ ബിജുവിനെ കഴിഞ്ഞ ആഴ്ച കണ്ടു. അവനാ നിന്റെ നമ്പർ തന്നേ. നീ എന്നാ പഴയ നമ്പർ മാറ്റിയെ? വിളിച്ചപ്പം ഒരു സ്ത്രീ. പെട്ടെന്ന് കട്ടു ചെയ്തു.
ഓ… നമ്പർ..അതു മമ്മീടെ ആയിരുന്നു. ഇളയ ചേട്ടത്തിയമ്മ ചോദിച്ചപ്പം കൊടുത്തു…അവര് നാട്ടിൽ വന്നപ്പോൾ. പിന്നെ തിരിച്ചു കിട്ടിയില്ല.
കൊള്ളാമല്ലോടെ നിന്റെ ബന്ധുക്കൾ…ശരി ഞാനിപ്പം വിളിക്കാം. അവൻ വിളിച്ചു. ഉള്ള കാര്യം പറഞ്ഞു. ബോംബെയിൽ അവന്റെ മമ്മി ഒരു ചെറുകിട റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്നു.ഒന്നു രണ്ടു സിന്ധി പെണ്ണുങ്ങളും ഒരു മറാട്ടി സ്ത്രീയും ആയി ചേർന്നുള്ള ഇടപാട്. അവൻ മമ്മിയ്ക്കൊരു തുണ ആയിരുന്നു. ഇപ്പോൾ യു എസ്സിൽ പോകാൻ ഒരു വർഷത്തെ സ്കോളർഷിപ് അവനു കിട്ടി. അപ്പോൾ മമ്മിയെ സഹായിക്കാൻ ആരെങ്കിലും വേണം. വകയിലുള്ള ഒരുത്തനെ മൂന്നുമാസം കൂടെ നിർത്തി..അവൻ രണ്ടു ലക്ഷം അടിച്ചുമാറ്റി ഗൾഫിലേക്ക് കടന്നു. എന്തുകൊണ്ടോ വിശ്വസിക്കാൻ പറ്റിയ ഒരാളെ തേടുമ്പോൾ എന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു. പിന്നെ ഒരു തണുപ്പൻ മട്ടുകാരനായ ഞാൻ കാശ് ഒന്നും അടിച്ചോണ്ട് പോകില്ല എന്നും അവനറിയാം.
ഏതായാലും വീട്ടിൽ അവതരിപ്പിച്ചപ്പോൾ മൂപ്പിൽസ് എതിർപ്പൊന്നും കാണിച്ചില്ല. മാത്രമല്ല എന്നെ അമ്പരപ്പിച്ചുകൊണ്ട് ബാങ്കിൽ രണ്ടു ലക്ഷം എന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. നീ അവിടെ ചെന്ന് കാശിനൊന്നും ബുദ്ധിമുട്ടണ്ട. ‘അമ്മ എനിക്കൊരുമ്മയും തന്നു.
ബോംബെയിൽ..അതോ മുംബൈ…ദാദറിൽ ട്രെയിൻ ഇറങ്ങിയപ്പോൾ മാത്യു ചിരിച്ചുകൊണ്ട് എന്നെ എതിരേറ്റു.
വാ..ഒരു ടാക്സിയിൽ കേറ്റി അവൻ എന്നെ ചെമ്പൂരിലുള്ള ഒരു ഫ്ലാറ്റിൽ കൊണ്ടാക്കി.
മമ്മീടെ പാർട്ടണറിന്റെ ആണ്. അവരുടെ മോൻ യു എസ്സിൽ. പിന്നെ അവർക്ക് വീട് വാടകയ്ക്ക് കൊടുക്കാൻ താൽപ്പര്യം ഇല്ല. ഇപ്പം നീ ആണെങ്കിൽ റിസ്ക് ഇല്ലല്ലോ..അവൻ പിന്നെയും ചിരിച്ചു. വീടൊക്കെ നോക്ക്. എല്ലാം ഉണ്ട്.
അവൻ പറഞ്ഞത് ശരി ആയിരുന്നു. ഹാൾ..സോഫ..ഒരു ബെഡ്റൂം..പിന്നെ അടുക്കള, ഹോട്ട് പ്ലേറ്റ്..ഫ്രിഡ്ജ്…ആകപ്പാടെ ഒരൊന്നാം തരം ഇടം.
പിന്നെ ജോലി. ഞാൻ ഒരാഴ്ച കൂടി ഇവിടുണ്ട്. നാളെ കാലത്ത് നമുക്കു തുടങ്ങാം. പണിയുടെ ഒരു രൂപരേഖ നിനക്കു കിട്ടും. പിന്നെ മമ്മി ബാംഗ്ളൂർക്ക് പോയിരിക്കുവാ.. എന്റെ മൂത്ത പെങ്ങളെ കാണാൻ. അടുത്ത ആഴ്ച വരും. ഞാൻ വിടുന്നതിനു മുന്നേ കണ്ടുമുട്ടാം..
ഞാൻ ഒന്ന് നിവർന്നു. പിന്നെ ഒന്നുറങ്ങി.