ആ ഗ്രാമത്തിന്റെ നിഷ്കളങ്കതയെ ആസ്വദിച്ചും, കൊച്ചു കൊച്ചു ഇടവഴികളിലൂടെ നടന്നും, തെളിനീർ ഉറവകൾ വരുന്ന തോടുകളും, പുഞ്ച വയൽ വരമ്പത്തു കൂടി ഒക്കെ കടന്ന്, നമ്മൾ എല്ലാവരും ഒന്നിച്ചു സ്കൂളിലേക്ക് നടന്നു പോകാറുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു ഞങ്ങൾക്ക്,
സ്കൂളിനടുത്തെത്തുമ്പോൾ കാണുന്ന പെട്ടിക്കടയിൽ നിന്ന് പത്ത് പൈസയുടെ പുളിയച്ചാർ വാങ്ങി കൂട്ടുകാർ തമ്മിൽ പങ്കിട്ടു നുണയുന്നതും, പത്ത് പൈസയുടെ നാരങ്ങ മിട്ടായി വാങ്ങി കടിച്ചു പൊട്ടിച്ച് പങ്കിട്ടുമൊക്കെ, ആ നിഷ്കളങ്ക സ്നേഹം ആസ്വദസിച്ചും ,… കഴിഞ്ഞ നാളുകൾ……
കൂട്ടം കൂടി ചേട്ടന്മാരും, കൂട്ടുകാരുമൊത്ത്, പച്ച മാങ്ങയും, പറങ്കിയണ്ടിയും കല്ലെറിഞ്ഞു വീഴ്ത്തിയും വീതം വച്ചുമൊക്കെ കഴിഞ്ഞും, കൊഴിഞ്ഞും പോയ, ഞങ്ങളുടെ കുട്ടിക്കാലം അതി മനോഹരമായിരുന്നു…
ഓണവും, വിഷുവും, നാട്ടിലെ ഉത്സവങ്ങളും, ഒപ്പം അവധികാലങ്ങളും ഒക്കെ തിമിർത്താടിയ ബാല്യം…..
ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാനിടയില്ലാത്ത ആ സുവർണ്ണ കാലഘട്ടം, ആ ബാല്യവും കൗമാരവും എല്ലാമോർക്കുമ്പോൾ തോന്നും ആ കുട്ടിക്കാലം തന്നെ ആയിരുന്നു നല്ലതെന്ന്……
ആ മനോഹരമായ ദിനങ്ങളെ മനസ്സിൽ പച്ചയായി അവശേഷിപ്പിക്കുന്ന ഒരു നൊസ്റ്റാൾജിക് ഫീൽ ഇപ്പോഴും അവിടങ്ങളിൽ വല്ലപ്പോഴും പോകുബോൾ തോന്നാറുണ്ട്.
എല്ലാവരും കൂടി മണ്ണപ്പം ചുട്ട് കളിച്ചിരുന്ന ആ ബാല്യത്തിലും, എല്ലാവരും ചേർന്നിരുന്ന് കടങ്കഥകൾ പറഞ്ഞു കളിക്കുമ്പോഴും, ബാല്യത്തിൽ നിന്നും യവ്വനത്തിലേക്ക് കടന്നപ്പോൾ അൽപ്പം സ്റ്റാൻഡേർഡ് ആയി കളിതമാശകൾ പറഞ്ഞിരിക്കുമ്പോഴു, റെജിയേട്ടൻ ഒപ്പമുണ്ടായിരുന്നു,…
എല്ലാറ്റിനും ഞങ്ങൾ കൂട്ടായിരുന്നു. അത് വളർന്നു പന്തലിച്ച്, പ്രേമമായി മൊടിട്ട കാലത്തും ഞങ്ങൾ ആ ദേശത്ത് തന്നെയായിരുന്നു. അതിന് ശേഷമാണ് ഞങ്ങൾ വീട് മാറി തൃശൂർക്ക് പോയത്.