ഡ്രാക്കുള 1
Drakula Part 1 Author : Vedikkettu
കാർപ്പത്തിയൻ മല നിലകളിൽ മഞ്ഞു വീഴുന്ന നേരം ജോനാഥൻ സഞ്ചരിച്ചിരുന്ന കുതിരവണ്ടി ഗതിവേഗം പ്രാപിച്ചു..അല്പം മുൻപ് ചെന്നായ കൂട്ടത്തെ മുന്നിൽ നേരിട്ട് അവയെ ആട്ടിപ്പായിച്ച ശേഷം കുതിരവണ്ടിക്കാരൻ പിന്നെയും വണ്ടിയിലേക്ക് കടന്നിരുന്നതെയുള്ളൂ….കുതിരകൾ പായൻ തുടങ്ങി.. അതും മറ്റു കുതിരകൾക്കൊന്നുമില്ലാത്ത കരുത്തോടെ..
ഒടുവിൽ ഒരു കിതപ്പോടെ ചെങ്കുത്തായ മലനിരകൾക്കറ്റിയിലെ പ്രഭുവിന്റെ കോട്ടയ്ക്ക് മുൻപിൽ ആ വണ്ടി വന്നു നിന്നു.. കോട്ടയുടെ ഭീമാകാരമായ വാതിലിൽ തട്ടി ജോനാഥൻ അകത്തേക്ക് വിളിച്ചു..
അല്പസമയത്തിനു ശേഷം ഒരു ഹുങ്കാരവത്തോട് കൂടി ആ കോട്ട വാതിൽ തുറക്കപ്പെട്ടു..
ബലിഷ്ഠനായ ഡ്രാക്കുള പ്രഭു അയാൾക്ക് ഹസ്തദാനം ചെയ്തു..
ആ കൈകളിൽ ഒരു മരവിപ്പുള്ളതായി അന്നേരം ജോനാഥന് തോന്നി..
തന്നെ ഇവിടെ കൊണ്ടു വന്നു വിട്ട കുതിര വണ്ടിക്കാൻറെ കൈകളിലും അതേ മരവിപ്പ് തന്നെയായിരുന്നു..
**********
ഒരുപാട് നാളുകൾക്ക് ശേഷം ഒരു അവധിക്കാലം ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നു..
അതും പത്താം ക്ലാസിന് ശേഷമുള്ള വേനലവധി..
അത് ആഘോഷിക്കാനുള്ള പുറപ്പാടിലായിരുന്നു അമ്മു..
ഒരുപാട് കാലമായി വായിക്കണം എന്നു വിചാരിച്ച പുസ്തകങ്ങളൊക്കെ സ്‌കൂളിലെ നിർമ്മല ടീച്ചറെ സോപ്പിട്ട് നേരത്തെ വാങ്ങി വച്ച് വായിക്കാൻ തുടങ്ങി..
കുറേക്കാലമായി എല്ലാവരും അവളെ പറഞ്ഞു കൊതിപ്പിച്ച അല്ലെങ്കിൽ പേടിപ്പിച്ച ‘ഡ്രാക്കുള’ തന്നെയാണ് അവൾ ആദ്യം കയ്യിലെടുത്തത്..
ഈ സായിപ്പിന്റെ പ്രേതം നമ്മളെ എത്ര പേടിപ്പിക്കും എന്നൊന്ന് അറിയണമല്ലോ..
രക്തരക്ഷസ്സും കള്ളിയങ്കാറ്റ് നീലിയുമൊക്കെയാണല്ലോ നമ്മുടെ ഫേവറൈറ്സ്..
അതു കൊണ്ടു തന്നെ ഡ്രാക്കുള കമ്പം പണ്ടേ അവളെ പിടികൂടിയിരുന്നു..
ഇന്നാണ് അതിനോരവസരം കിട്ടിയത്..
സ്‌കൂലടച്ച ആ സന്ധ്യ..
മഴക്കോളുള്ള ഇരുട്ടുള്ള ഒരു സന്ധ്യ..
ഉമ്മറത്തിണ്ണയിൽ അവൾ ആ കനത്തച്ചട്ടയുള്ള പുസ്തകം മലർത്തി വച്ചു വായന തുടങ്ങി..