” അതേടോ.. ഈ ലോകത് ജീവനില്ലാത്ത ഒന്നിനെ ഞാൻ ജീവനോളം സ്നേഹിച്ചിട്ടുണ്ടേൽ അത് ഫുട്ബോളിനെ മാത്രമാണ്..
ന്റെ ഉമ്മയോടും ഇക്കയോടും എന്തേലും കാര്യത്തിന് ഞാൻ ദേഷ്യം പിടിച്ചിട്ടുണ്ടങ്കിൽ അതും ഫുട്ബോളിന്റെ പേരില..
എനിക്കറിയാം ഒരു പെണ്ണിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് ഇന്നെന്ന്,.
ഒരുപാട് പ്രതീക്ഷയോടെ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്നുമറിയാം പക്ഷെ ഇന്ന് എനിക്ക് പോണം..
കാരണം….
കാരണം പറഞ്ഞാ ചെലപ്പോ അനക്ക് മനസ്സിലാവണം ന്നില്ല.”
“ഇക്ക പൊയ്ക്കോ. ഇക്കയെ എനിക്ക് മനസ്സിലാവും.
ഇനിമുതൽ ഇക്കാനെ മനസ്സിലാക്കേണ്ടത് ഞാനല്ലേ.. ഇക്കാടെ ഭാര്യയാവാൻ മാത്രമുള്ള അർഹതയൊന്നും എനിക്കില്ല. ഇക്കാടെ മനസ്സിൽ ഒരു വേലക്കാരിയുടെ സ്ഥാനമാണെങ്കിലും എനിക്ക് സന്തോഷാണ്..”
“അതെന്താടോ നീ അങ്ങനെ പറഞ്ഞെ.. സ്വന്തമായി ഒരു ജോലിപോലുമില്ലാത്ത, കളിച്ചു നടക്കുന്ന ഈ തലതെറിച്ച എന്റെ ഭാര്യയാവാൻ അതിനുമാത്രം യോഗ്യത വേണോ..?”
അവളുടെ താടി ഉയർത്തി ഞാൻ പറഞ്ഞു..
“നോക്ക്യേ എന്റെ ഭാര്യയാവാനുള്ള നിന്റെ യോഗ്യത എന്താണെന്നോ..
എന്റെ ഉമ്മാക്ക് നിന്നെ ഇഷ്ടപ്പെട്ടു എന്നതാ.. പിന്നെ നമ്മുടെ ആദ്യരാത്രിപോലും എന്റെ മാത്രം ഇഷ്ടം നീ സാധിപ്പിച്ചുതരാൻ സമ്മതിച്ചില്ലേ ഇത്രയൊക്കെ പോരെ..”
നേരം അർധരാത്രി കഴിഞ്ഞു വീട്ടിലെല്ലാവരും ഉറങ്ങിയെന്നു തോന്നുന്നു.. പുറത്തൊന്നും ഒരാളുടെയും അനക്കം കേൾക്കുന്നില്ല.
ഞാൻ ഷാഹിനയെ നോക്കി.. അവൾ തല താഴ്ത്തിത്തന്നെ ഇരിക്കുവാണ്
“ഡോ ഞാൻ പോവാണ്. ഇപ്പം പോയാലേ സമയത്തിന് അവിടെ എത്തോള്ളൂ .
ജയിക്കാൻ വേണ്ടി ഇയ്യ് പ്രാർത്ഥിക്കണം ട്ടോ “.
“ഉം.”
അവളൊന്ന് മൂളി..
ഞാൻ ബൈക്കിന്റെ കീയുമെടുത് വാതിൽ മെല്ലെ തുറക്കുമ്പോൾ പിറകിൽ നിന്ന് അവളുടെ വിളി..
“ഇക്കാ
ഞാനും വന്നോട്ടെ..?”
“എന്ത്.. ??”
“ഏതൊക്കെ തരാം ആൾക്കാരാണെന്നോ അവിടെ ണ്ടാവാ..! അയിന്റെടേൽ പാതിരാത്രി ഇയ്യ് വന്നാൽ എങ്ങനെ ശരിയാവും…??.
ഞാൻ പോയിട്ടു പെട്ടന്ന്ന്നെ വരാട്ടോ ..”
“പ്ളീസ് ഇക്ക ഞാനിവിടെ ഒറ്റക്കെങ്ങാനാ.. ഇക്കാടെ കാറിൽ പോകാം.
ഞാൻ കാറിൽ തന്നെ ഇരുന്നോളാം. പുറത്തേക്കിറങ്ങൂല. പ്ളീസ് ഇക്ക..”
അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല..
ഫോണെടുത്തു നേരെ അൻവറിനെ വിളിച്ചു.. അൻവർ എന്റെ എളാപ്പയുടെ മകനാണ്.. ഞങ്ങളുടെ ക്ലബ്ബിന്റെ നെടുംതൂൺ..