കല്യാണം ഞാൻ ആവുന്നതും എതിർത്തുനോക്കി.. പക്ഷെ
എന്നും വൈകുന്നേരം ചെളിയാക്കി കൊണ്ടുവരുന്ന ജേഴ്സിയും ട്രൗസറും എനിക്കിനി അലക്കാൻ ആവില്ലെന്ന് ഉമ്മ തീർത്തുപറഞ്ഞപ്പോൾ എനിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു..
ഇന്നിപ്പോ ഞാനൊരു മണവാളനാണ് ഇതെന്റെ ആദ്യരാത്രിയും..
കട്ടിലിന്റെ അങ്ങേ തലക്കലായി ഷാഹിന ഇരിക്കുന്നുണ്ട്..
എന്നെ കണ്ടതും അവളെണീറ്റു..
ഇരുന്നോളു..
“ക്ഷീണം വല്ലതും തോന്നുന്നുണ്ടേൽ കിടന്നോളു.. ”
ഞാൻ പറഞ്ഞു.
“ഇക്ക ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.. “
അവൾ തലതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“ഇക്കയ്ക്ക് എന്നെ ശരിക്കും ഇഷ്ടായിട്ട് കെട്ടിയതാണോ അതോ ഉമ്മാടെ നിർബന്ധത്തിന് കെട്ടിയതാണോ..?
വേറൊന്നും കൊണ്ടല്ല.. നേരത്തെ ഇവിടുന്ന് എങ്ങോട്ടോ പോകുമെന്നൊക്കെ ഇക്ക ഉമ്മയോട് പറയുന്നത് കേട്ടു..”
അവളുടെ സ്വരം ഇടറുന്നുണ്ട്..
“എടോ ഇയ്യ് കരയല്ലേ. അങ്ങനൊന്നുമല്ല. ഇ നിക്കിന്ന് മാറ്റിവെക്കാൻ പറ്റാത്ത ചെറിയോരു പരിപാടി ണ്ട്..
അതാ ഞാൻ പോയില്ലെങ്കിൽ അതാകെ കുളമാവും”
“എന്ത് പരിപാടി.. ?”
“അത്…
ഒരു കളിയുണ്ട്.. “
ഞാൻ ശബ്ദം താഴ്ത്തിപറഞ്ഞു..
കളിയോ അവൾ അത്ഭുദത്തോടെ എന്നെ നോക്കി.. ഞാൻ അവളുടെ അടുത്തേക്കിരുന്നു..