മകന്റെ അടുത്തിരുന്ന് അയാൾ അവന്റെ മുഖത്തേക്ക് നോക്കി
..എന്ത് പറ്റിയെടാ നിനക്ക് അച്ഛനോട് പറ..
..അത്.. അച്ഛാ.. പിന്നെ…
അവൻ വാക്കുകൾ കിട്ടാതെ പരതി
..മ്മ് അപ്പൊ എന്തോ ഗൗരവമുള്ള കാര്യമാണ്..
..അച്ഛന് ഇഷ്ടമായില്ലെങ്കിലോ എന്ന പേടിയാണ് എനിക്ക്..
..കാര്യം എന്താണെന്ന് അറിയാതെ എങ്ങിനെയാടാ ഇഷ്ടവും ഇഷ്ടക്കേടും തീരുമാനിക്കുക..
അയാൾ അവന്റെ തോളത്ത് തട്ടി
.. എന്താണെങ്കിലും നീ പറ..
ഹരി കട്ടിലിൽ നിന്ന് എഴുന്നേറ്റു
.. ഞാൻ എന്തും അച്ഛനോട് പറഞ്ഞിട്ടേ ചെയ്തിട്ടുള്ളു പക്ഷെ,, ഇത്,, അച്ഛൻ അതെങ്ങിനെ എടുക്കും എന്നെനിക്കറിയില്ല..
.. അതിനു ഇത്രേം വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ..
..അച്ഛാ എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്..
..ഹ ഹ ഹ ഇതാണോ കാര്യം ഇതിനാണോ മുട്ടയിടാൻ മുട്ടിയ കോഴിയെ പോലെ നീ പരുങ്ങിയത്..
അച്ഛൻ മകനെ കളിയാക്കി
..ഈ പ്രായത്തിൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ആർക്കും ഇഷ്ടമൊക്കെ തോന്നും..
ലക്ഷ്മിയമ്മ വരുന്നുണ്ടോ എന്ന് നോക്കി അവന്റെ ചെവിയിൽ അയാൾ രഹസ്യം പോലെ പറഞ്ഞു
..അച്ഛനും തോന്നിയിട്ടുണ്ടെടാ,,, അവസാനം അവൾ കെട്ടി രണ്ട് കുട്ടികൾ ഉണ്ടായ ശേഷാ ഞാൻ നിന്റെ അമ്മയെ കെട്ടിയത്..
അതും പറഞ്ഞയാൾ കുലുങ്ങി ചിരിച്ചു