വാടാമല്ലി
Vadamalli bY Noufal
എടീ അന്റാളതാ വര്ണ്!” ഷമീനയുടെ സ്ഥിരം കളിയാക്കൽ കേട്ട് മടുത്തു. പലപ്പോഴും ഇവളെ മാറ്റി മറ്റൊരു കൂട്ടുകാരിയെ നോക്കിയാലോ എന്നാലോചിക്കാതിരുന്നില്ല സൗമ്യ. എന്ത് വെറുപ്പിക്കലാണിവൾ…
ഏതോ നരകത്തിലെ വണ്ടിയാണെന്ന് തോന്നുന്നു. എന്നും സൗമ്യ സ്കൂളിൽ പോകാൻ ബസ്സ് കാത്തുനിൽക്കുന്നിടത്ത് വന്ന് രണ്ടു കുരയും പൊട്ടിച്ചീറ്റലും പതിവാണ്. അത് കഴിഞ്ഞ് മുന്നിലെ ടയർ പൊക്കി കുതിരയെപ്പോലൊരു ചാട്ടമുണ്ടവന്. അവന്റെ ഇളിഞ്ഞ നോട്ടവും കൂളിംഗ് ഗ്ലാസുമൊക്കെക്കൂടി ജഗപൊക ലുക്കാണ്. ഫ്രീക്കനെന്ന് പറഞ്ഞാൽ ഇങ്ങിനെയുമുണ്ടോ?ഒറ്റക്കോലിന്റെ ലുക്ക്! നീർക്കോലി രാജു! മുടിയാണെങ്കിൽ വാനിലുയർന്ന് കുറ്റിച്ചൂലിനെപ്പോലെ ഇങ്കുലാബ് വിളിച്ച് വെറുപ്പിച്ചു നിൽക്കുന്നു.
എങ്ങിനെയാണിവനോട് സ്നേഹം തോന്നുക?
എന്തെങ്കിലുമൊരു മേന്മയുണ്ടായിരുന്നെങ്കിൽ ഒരിഷ്ടമൊക്കെ തോന്നാമായിരുന്നു. ഒരു ജാഡയുമില്ലാതെ തിരിച്ചും ഇഷ്ടമെന്ന് പറയാമായിരുന്നു. മറ്റൊന്നും കൊണ്ടല്ല; അവളും അത്രവല്യ സ്വപ്നസുന്ദരിയൊന്നുമല്ല. ആരെങ്കിലും ഇഷ്ടമെന്ന് പറഞ്ഞാൽ അടുത്ത സെക്കന്റിൽ അവനെ അമ്പരപ്പിക്കാനായി കൊതിച്ച സാധാരണ പെൺകുട്ടി മാത്രമാണ് സൗമ്യ.
അതിന് ഈ വൃത്തികെട്ടവൻ പിറകിൽ നിന്ന് മാറിയിട്ട് വേണ്ടെ മറ്റൊരുത്തന് എന്തെങ്കിലുമൊക്കെ തോന്നാൻ. വല്ലാത്തൊരു കഷ്ടം തന്നെ. ഈ ജന്മത്തിൽ ഇനിയൊരു പ്രണയസൗഭാഗ്യം ഉണ്ടാവില്ലെന്ന് തോന്നുന്നു… നികൃഷ്ടജന്തു! അവളവനെ പ്രാകി സങ്കടമൊതുക്കി.
അതൊക്കെ സഹിക്കാം, ഇന്നാട്ടില് കുറേ ചെത്ത് പയ്യന്മാരുണ്ട്. ആരെങ്കിലും ഒന്ന് പുറകേ വന്നാൽ മതി, അപ്പോൾ തന്നെ ഇവന്മാർ വന്നത് മുടക്കും. നീർക്കോലിടെ പെണ്ണാത്രേ! ഇവന്മാർക്കൊക്കെ ഇത്ര സ്നേഹം തോന്നാൻ എന്ത് സത്യാഗ്രഹമാണ് രാജുവേട്ടൻ ചെയ്തിട്ടുണ്ടാവുക?
ഏ..ഹേ രാജുവേട്ടൻ! കോപ്പ്. നീർക്കോലി രാജു, അതുമതി. വല്ല്യ ഡെക്കറേഷനൊന്നും വേണ്ട. അടങ്ങി നിന്നോ നീ. അവൾക്ക് സ്വയം തിരുത്തിയേ തീരൂ. സൗമ്യയുടെ സ്വപ്നങ്ങളുടെ ഏഴയലത്ത് വരാതിരുന്ന രാജു ഇപ്പോൾ ചിന്തകൾക്കിടയിൽ വലിഞ്ഞുകേറി വന്ന് സ്വയമങ്ങ് ഏട്ടൻ പരിവേഷം ചാർത്താൻ തുടങ്ങിയിരിക്കുന്നു.