“ എന്താടോ നിനക്ക് ഞങ്ങളുടെ കൊന്ത വേണോ?… ” ഒരു കുസൃതിച്ചിരി ഒളിപ്പിച്ചു വച്ച് ബെല്ല ചോദിച്ചു…
“ യ്യോ… എനിക്ക് വേണ്ടേ… എന്നിട്ട് വേണം വർഗ്ഗീയത പറഞ്ഞ് ഇവിടെയാകെ പ്രശ്നമാകാൻ… നിന്റെ മതം നിനക്ക്… ന്റെ മതം എനിക്കും… ” അതു പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു…
“ ഈ മുസ്ലീം പെണ്ണ് എനിക്കും… ” എന്നു പറഞ്ഞുകൊണ്ട് ബെല്ല മോസിയെ പുറകിലൂടെ കെട്ടിപ്പിടിച്ചു… മോസി അതു പ്രതീക്ഷിച്ചതല്ലായിരുന്നു എന്ന് അവളുടെ മുഖഭാവം വിളിച്ചോതി… മോസി തിരിഞ്ഞ് ബെല്ലയെ കെട്ടിപ്പിടിച്ചു…
“ ഇങ്ങിനെ നിൽക്കുമ്പോൾ എനിക്കെന്ത് ആശ്വാസമാണെന്നോ മോസീ… ” മോസിയെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി മുറുക്കി അവളുടെ ഇടതുതോളിൽ മുഖം അമർത്തിക്കൊണ്ട് ബെല്ല പറഞ്ഞു…
“ നീ ചെറ്യേ പിള്ളേരെപ്പോലെ ആണല്ലോ… ഇതെന്തൂട്ടാ ഇത്ര വിഷമം… ” ബെല്ലയിൽ നിന്നു വിട്ടുമാറിയ മോസി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു… ബെല്ലയുടെ മുഖം കണ്ണീരിൽ കുതിർന്നതു കണ്ട് മോസിക്കും സങ്കടമായി… ബെല്ലയുടെ ഉള്ളിലെന്തോ വിഷമമുണ്ടെന്ന് മോസിക്കു തോന്നി…
“ ഹൈ… നീയെന്തിനാ ഇങ്ങനെ കരേണേ… കാര്യം എന്താന്ന് വെച്ചാ പറാന്ന്… ” മോസി ഒന്നും മനസ്സിലാവാതെ ചോദിച്ചു…
“ നീയും എന്നെ വിട്ടു പോവ്വോ… അവളെപ്പോലെ… ” ബെല്ല മുഖം തുടച്ചു കൊണ്ട് ചോദിച്ചു…
“ വിട്ടുപോവാനോ… എങ്ങോട്ട്?… ആരെപ്പോലെ?… നീയെന്തുട്ടാ ഈപ്പറഞ്ഞു കൂട്ടണേ… എനിക്കൊന്നും മനസ്സിലാവണില്ല…. ” തലയും വാലും ഇല്ലാത്ത ബെല്ലയുടെ സംസാരം കേട്ട് മോസി പറഞ്ഞു…
“ നേരത്തേ കോൺവെന്റിൽ നിന്നെപ്പോലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു എനിക്ക്… തൊലിവെളുപ്പുള്ള ഒരു പയ്യനെ കണ്ടപ്പോൾ അവൾക്ക് എന്നോടുള്ള ഇഷ്ടം പോയി… ” അതു പറയുമ്പോൾ ബെല്ലയുടെ ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു…
“ അതുപിന്നെ പെൺപിള്ളേർക്ക് ആൺപിള്ളേരോടല്ലേ ഇഷ്ടം തോന്നാ… അതുകൊള്ളാലോ… ” ബെല്ലയുടെ മൂഡ് ഒന്നു മാറ്റാനായി മോസി പറഞ്ഞു…
“ അപ്പൊ എനിക്ക് ഒരു ആൺകുട്ടിയോടും അങ്ങിനെ തോന്നുന്നില്ലല്ലോ?… ” ബെല്ല ചെറിയ പിള്ളേരെപ്പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…
“ ആൺപിള്ളേരോടല്ലാതാ പിന്നെ നിനക്ക് ആരോടാ ഇഷ്ടം തോന്നണേ… ” അവളെ കളിയാക്കുന്നതു പോലെ മോസി ചോദിച്ചു…