“ ബെനീറ്റ… ബെനീറ്റ ബെല്ലാർമിൻ… “ ഒരു പാതിചിരിയോടെ അവൾ പറഞ്ഞു…
“ ഇതെന്തുട്ട് പേരാ ക്ടാവേ… ഒരു ഫർലോങ്ങ് നീട്ടാണല്ലോ… ഞാൻ നിന്നെ ബെല്ലാ എന്നേ വിളിക്കൂ… “ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…
“ അപ്പൊ കുട്ടീടെ പേരിനും നല്ല നീട്ടൊണ്ടല്ലോ… മുഹ്സിനാ അലിയാസ് മോസി…“ എന്റെ പേരിനെ കുറ്റം പറഞ്ഞത് എനിക്കങ്ങോട്ട് സഹിച്ചില്ല… ഉം…
“ എന്റിഷ്ടാ… തെന്റെ ഉമ്മി ഇട്ട പേരാ.. നല്ല ബെസ്റ്റ് പേരല്ലേ… അതോണ്ട് ഞാനതങ്ങാ ചുരുക്കി… മുഹ്സിന അഥവാ മോസി… നമ്മുടെ സാഗർ അലിയാസ് ജാക്കി പോലെ… “ എന്നും പറഞ്ഞ് അവൾ കുടുകുടെ ചിരിച്ചു…
“ അതെന്നാ… മോസി മോഹൻലാൽ ഫാനാണോ?…“ അവളുടെ കുസൃതി നിറഞ്ഞ ചിരി ഇഷ്ടപെട്ടു കൊണ്ട് ഞാൻ ചോദിച്ചു…
“ പിന്നല്ലാ… അതെന്താ അനക്ക് ലാലേട്ടനെ ഇഷ്ടല്ലേ… “ അവൾ ചുണ്ടു മലർത്തിക്കൊണ്ട് ചോദിച്ചു…
“ ഇഷ്ടമാണ്… എന്നാലും ചോദിച്ചെന്നേ ഉള്ള്… “ അവളോട് ഒരു അടിപിടിക്ക് എനിക്ക് താൽപര്യം തോന്നിയില്ല… എന്നാലും അവൾ പറഞ്ഞ പേര് എനിക്ക് ഇഷ്ട്പപെട്ടു… ബെല്ല… വീട്ടിൽ എന്നെ ബെനീറ്റ എന്നാ വിളിക്കുക… നാട്ടിലും… അവൾ ഇങ്ങിനൊരു പേരിന്റെ സാധ്യത കണ്ടെത്തിയതിൽ എനിക്ക് അവളോട് ഇഷ്ടം തോന്നി…
അപ്പോഴേക്കും ക്ലാസ് ടീച്ചറായ ഇംഗ്ലീഷ് മിസ്സെത്തി… എല്ലാവരേയും ടീച്ചർ പരിചയപ്പെട്ടു… ക്ലാസ്സിൽ ആകെ നാൽപ്പതോളം കുട്ടികളുണ്ട്… 25 പെൺകുട്ടികളും 15 ആൺകുട്ടികളും…. പെൺകുട്ടികൾ മാത്രമിരിക്കുന്ന റോയിലാണ് ഞാൻ ഇരിക്കുന്നത്… ആദ്യത്തെ ദിവസം തന്നെ ക്ലാസിലെ കുട്ടികളുമൊക്കെയായി മോസി കൂട്ടായി… അവൾ എല്ലാവരോടും പെട്ടെന്ന് തന്നെ ഇണങ്ങുന്ന ഒരു പ്രകൃതമായിരുന്നു…
പക്ഷേ എനിക്ക് അങ്ങിനെ എല്ലാവരോടും മിണ്ടാനൊക്കെ മടിയായിരുന്നു… ഇതിനു മുൻപ് പത്താം ക്ലാസു വരെ കോൺവെന്റിൽ പെൺകുട്ടികളോടൊപ്പം മാത്രം ഇടപഴകി വന്ന എനിക്ക് ആൺകുട്ടികളോടൊക്കെ മിണ്ടാൻ നാണമായിരുന്നു… കോൺവെന്റിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് ഒന്നോ രണ്ടോ കൂട്ടുകാരികളേ ഉണ്ടായിരുന്നുള്ളൂ… അവർ ആരോടെങ്കിലുമൊക്കെ മിണ്ടുന്നതും ചിരിക്കുന്നതുമൊക്കെ കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു… അതുകൊണ്ട് ഇവിടെ ആരോടും വല്യ കൂട്ടൊന്നും വേണ്ടെന്ന് ഇങ്ങോട്ട് പോന്നപ്പോൾ തീരുമാനിച്ചതാണ്…