ഇപ്പൊ 10th നല്ല മാർക്കോടെ പാസ്സായി പ്ലസ്-വണ്ണിനു അപേക്ഷയൊക്കെ കൊടുത്ത്… വീട്ടിനോടു ചേർന്ന റബ്ബർതോട്ടത്തിലും… അയൽവീട്ടിലെ ചെറിയ കുട്ടികളുടെ ഒപ്പമെല്ലാം വേക്കേഷനൊക്കെ ആഘോഷിച്ച് അങ്ങിനെ സസുഖം ജീവിച്ചു പോരുന്ന സമയത്താണ് മമ്മയ്ക്ക് ട്രാൻസ്ഫർ… എങ്ങോട്ടാ… തൃശ്ശൂർക്ക്…
ഞാൻ 10 വരെ പഠിച്ചിരുന്ന കോൺവെന്റിലെ അച്ഛനെക്കണ്ട് എനിക്ക് തൃശ്ശൂർ നഗരത്തിനു അടുത്തു തന്നെയുള്ള സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ തന്നെ അഡ്മിഷൻ മേടിച്ചു തന്നു… സാഹിത്യ ആക്കാദമി ഹാളിന്റെ പരിസരത്തുള്ള വുമൺസ് ക്ലബ് റോഡിലുള്ള ഒരു വീടാണ് വാടകയ്ക്ക് താമസിക്കാൻ ശരിയായത്… ഞാനും മമ്മയും ഇങ്ങോട്ട് പോന്നു… പപ്പയ്ക്ക് അത്ര പെട്ടെന്ന് അവിടത്തെ കാര്യങ്ങളൊക്കെ ഒഴിവാക്കി ഇങ്ങോട്ട് പോരാൻ പറ്റിലല്ലോ… അതുകൊണ്ട് പപ്പ പതിയെ എത്തിക്കോളാം… തൃശ്ശൂരിലെ കാര്യങ്ങളൊക്കെ പപ്പയുടെ സുഹൃത്തായ ബേബിച്ചായനോടു പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു…
കോളേജിലെത്തി സൈക്കിൾ പാർക്കിംഗ് ഏരിയയിൽ വച്ച് ബാഗും തൂക്കി വരാന്തയിലൂടെ എന്റെ സയൻസ് ക്ലാസ്സിലേക്ക് നടന്നു… ആദ്യമായിട്ടാണ് യൂണിഫോമിൽ ക്ലാസ്സിൽ വരുന്നത്… കഴിഞ്ഞ ദിവസം മമ്മയുടെ കൂടെ വന്ന് അഡ്മിഷൻ ശരിയാക്കി പോയതാണ്… വരാന്തയുടെ അരമതിലിൽ ഇരുന്ന് സംസാരിക്കുന്ന കുട്ടികളുടെ വർത്തമാനം കേട്ട് അവൾക്ക് കൌതുകം തോന്നി… ഒരു അമ്പരപ്പോടെ അവൾ ക്ലാസ്സിലേക്ക് കേറി… പുതിയ കുട്ടികളെല്ലാം പരസ്പരം പരിചയപ്പെടുകയോ വർത്തമാനം പറയുകയോ ഒക്കെ ചെയ്യുന്നു…
പെൺകുട്ടികൾ ഇരിക്കുന്ന സെക്കന്റ് ബെഞ്ചിന്റെ ഇടത്തേ അറ്റത്തായി ഒരു ഒഴിവു കിടക്കുന്നത് കണ്ടപ്പോൾ അവൾ അവിടെ ഇരുന്നു… എന്റെ വലതു ഭാഗത്തായി ഇരുന്ന തട്ടമിട്ട പെൺകുട്ടി തന്റെ ബുക്കിൽ പേന കൊണ്ട് കട്ടിയിൽ എന്തോ എഴുതുന്നതു കണ്ടു… അതെന്താണെന്ന് കാണാനുള്ള ജിജ്ഞാസയോടെ ഞാൻ കടക്കണ്ണാൽ അതിലേക്കു നോക്കി… Mossy… അപ്പൊ അതാണോ പേര്… ഞാൻ നോക്കുന്നത് കണ്ടിട്ടെന്ന പോലെ ആ കുട്ടി എന്റെ നേരേ തിരിഞ്ഞ് ഒന്നു പുഞ്ചിരിച്ചു… എന്നിട്ട് എന്റെ നേരെ കൈനീട്ടി…
“ മുഹ്സിനാ… അലിയാസ് മോസി… “ ഒരു പകപ്പോടെയെങ്കിലും ഞാൻ എന്റെ കൈനീട്ടി ആ കുട്ടിക്ക് ഹസ്തദാനം നൽകി…
“ ന്തുട്ടാ നിന്റെ പേര്?… “ അവൾ വീണ്ടും ബുക്കിലെ തന്റെ പേരിനെ കറുപ്പിച്ചു കൊണ്ട് ചോദിച്ചു…