“അപ്പോഴേക്കും ബാബ വന്നു. അനീ നിന്‍റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. ഞാന്‍ അവരെ അപ്പുറത്തിരുത്തിയിരിക്കുവാ. മോളെ ശില്പേ, മോള് അച്ഛന്‍റെ അടുത്തേക്ക് പൊയ്ക്കോ. “
“അത് വേണ്ടാ ബാബ. ഇനി എപ്പോഴും ഇവള്‍ എന്‍റെ കൂടെ വേണം. എന്‍റെ അച്ഛനും അമ്മയും കാണട്ടെ ഇവളെ. എന്‍റെ പെണ്ണിനെ. “
ശില്പയുടെ കണ്ണുകള്‍ കൂടുതല്‍ തിളങ്ങി.
ബാബ പോയി അമ്മയെയും അച്ഛനെയും കൊണ്ട് വന്നു. പക്ഷെ എനിക്ക് അവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്‍റെ ഓര്‍മ്മകളില്‍ എവിടെയും അവര്‍ ഇല്ല.
അമ്മ കുറെ കരഞ്ഞു. പഴയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. പക്ഷെ എനിക്കൊന്നും ഓര്‍മ്മ വന്നില്ല. എന്നാല്‍ അച്ഛന്‍ കുറെ ശകാരിച്ചു.
“മുംബൈയ്ക്ക് വണ്ടി കയറിയപ്പോള്‍ ഈ തെണ്ടി നന്നാവുമെന്നാ ഞാന്‍ കരുതിയെ. എന്നിട്ട് മൊബൈലും കളഞ്ഞു ട്രെയിനും കളഞ്ഞു എന്ന് ഫോണ്‍ ചെയ്തു ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു. എന്നിട്ട് ഇപ്പൊ ദേ മാസങ്ങള്‍ക്ക് ശേഷം അവന്‍ ഉള്ള ജോലിയും ഓര്‍മ്മയും കളഞ്ഞു ആരോഗ്യോം നശിപ്പിച്ചു ഒന്നുമറിയാത്ത പോലെ കിടക്കുന്നത് കണ്ടാ.. ഈ അലവലാതി ഒരിക്കലും ഗുണം പിടിക്കില്ല. “
ഞാനും ശില്‍പയും അത് കേട്ട് ഞെട്ടി. ഈ മനുഷ്യന് എങ്ങനെ ഇപ്പോള്‍ എന്നെ ഇത് പോലെ ശകാരിക്കാന്‍ ആകുന്നു. ആ നെഞ്ചു കല്ലാണോ?
ബാബ അച്ഛനെ പിടിച്ചു. “നിങ്ങള്‍ പുറത്തേക്കു വരോ. നമുക്ക് സംസാരിക്കാം. “
എന്നാല്‍ എല്ലാവരെയും പിന്നും അമ്പരപ്പിച്ചു കൊണ്ട് അച്ഛന്‍ ബാബയുടെ നെഞ്ചില്‍ കിടന്നു പൊട്ടിക്കരഞ്ഞു.
“ഇവനെ ഞാന്‍ ഇങ്ങനെ തെറി വിളിച്ചാല്‍ ആ നിമിഷം തറു തല പറയുന്നവനാ. ഇപ്പൊ ഒന്നും ഓര്‍മ്മയില്ലാതെ പ്രതികരണ ശേഷിയില്ലാതെ ഇവന്‍ ഇരിക്കുന്നത് കണ്ടപ്പോ എനിക്ക് സഹിക്കണില്ല ബാബാ.. “
ഒന്നും മനസ്സിലായില്ലെങ്കിലും ബാബ അച്ഛനെ ആശ്വസിപ്പിച്ചു.