“ഹ്മം…ശില്‍പ……അങ്ങനെ ഒരു പേര് എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല ബാബാ….. “
“ഹ്മം… “
അദ്ദേഹം എന്‍റെ കണ്ണുകളിലേക്കു നോക്കി.
“നീ കുറച്ചു നേരത്തെ എന്തെങ്കിലും സ്വപ്നം കാണുകയോ മറ്റോ ചെയ്തോ? എങ്കില്‍ അതൊന്നു ഓര്‍ത്തു നോക്കിക്കേ…. ചിലപ്പോള്‍. “
ഞാന്‍ വീണ്ടും ആലോചിച്ചു. എന്തോ ഒന്ന് പുക പോലെ. ആ പുകയുടെ നിറം പാതി മാറി ഒരു കാക്കി നിറം. അതില്‍ ഒരു സ്വര്‍ണ നിറത്തിലുള്ള പലക കറങ്ങുന്നു. അതില്‍ ഒരു പേര് കൊത്തി വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് വായിക്കാന്‍ കഴിയുന്നതിനു മുന്നേ അത് പുകയ്ക്കുള്ളില്‍ മറയുന്നു.
ഞാന്‍ ബാബയോട് പറഞ്ഞു.
“ഹ്മം… ആ പേര് വായിക്കാന്‍ പറ്റുന്നുണ്ടോ നിനക്ക്. അത് ശില്‍പ ആണോ എന്ന് നോക്കിയേ… “
ഞാന്‍ വീണ്ടും ഓര്‍മകളിലേക്ക് ഊളിയിട്ടു. ഇല്ലാ ഇപ്പോഴും അത് പുക മറയ്ക്കുള്ളില്‍ തന്നെ. പതുക്കെ ആ പുകയുടെ കട്ടി കുറഞ്ഞു. കാക്കി നിറത്തിലുള്ള ഒരു മതില്‍. അതിലെ സ്വര്‍ണ നിറത്തിലുള്ള നെയിം ബോര്‍ഡില്‍ രണ്ട് അക്ഷരങ്ങള്‍. K.K
ബാബ എല്ലാം കേട്ട് ആലോചിച്ചിരുന്നു..
“ഹ്മം.. തല്‍കാലം ഇത് ആരോടും പറയണ്ട. നീ ഉറങ്ങിക്കോ… “
കുറെ കഴിഞ്ഞപ്പോള്‍ ആണ് അവള്‍ വന്നത്.. എന്‍റെ മുഖത്തേക്ക് അവള്‍ പ്രതീക്ഷയോടെ നോക്കി. ആ കണ്ണുകളിലേക്കു നോക്കി ആരാണ് നീ എന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയില്ല.
“ശില്പേ…. “ ഞാന്‍ വിളിച്ചു.
ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ എന്‍റെ നെഞ്ചിലേക്ക് വീണു.
കുറെ നേരം എന്‍റെ നെഞ്ചില്‍ കിടന്നു അവള്‍ കരഞ്ഞു. അവളെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കണമെന്നുണ്ട് എനിക്ക്. പക്ഷെ. എന്‍റെ കരങ്ങള്‍ അതിപ്പോള്‍ എന്‍റെ സ്വന്തമല്ലല്ലോ….
പതിയെ അവളുടെ കരച്ചില്‍ നേര്‍ത്തു വന്നു. അവള്‍ ഉറങ്ങിയെന്നു തോന്നുന്നു. ആ നെഞ്ചിന്‍റെ മിടിപ്പ് എനിക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ട്. അവളുടെ ചുടു നിശ്വാസം എന്‍റെ കാതില്‍ മുഴങ്ങുന്നു. അവളുടെ ചൂട് എന്‍റെ ശരീരം ഏറ്റു വാങ്ങുന്നു. ശരിയാണ്. ഇവള്‍ എന്‍റെ എല്ലാം ആണ്.