പിന്നീട് ഞാന്‍ അവളോട് കാര്യങ്ങളൊക്കെ തിരക്കി. അങ്ങനെയാണ് നിന്നെ കുറിച്ച് അറിഞ്ഞത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെയിന്‍ യാത്രയില്‍ വച്ചാണത്രേ നിങ്ങള്‍ പരിചയപ്പെട്ടത്. ആ യാത്രയില്‍ നിങ്ങള്‍ ഹൃദയം കൈ മാറി എന്നും എന്നാല്‍ ഇടയ്ക്കു വച്ചു നിങ്ങള്‍ക്ക് ട്രെയിന്‍ നഷടപ്പെട്ടെന്നും അവള്‍ പറഞ്ഞു. എങ്ങനെയും നിങ്ങള്‍ മുംബൈയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അവള്‍ യാത്ര തുടര്‍ന്നത്. പക്ഷെ അവളുടെ അച്ഛന് അസുഖം കൂടിയത് കാരണം അവര്‍ക്ക് മംഗലാപുരത്ത് ഇറങ്ങേണ്ടി വന്നു. കുറച്ചു നാള്‍ അവിടെ ഒരു ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. പിന്നീട് ആണ് ഇങ്ങോട്ട് കൊണ്ട് വന്നത്. “
“ബാബാ….എനിക്ക് ഓര്‍മ വരുന്നില്ല………പക്ഷെ അവളെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. എന്‍റെ ഓര്‍മയില്‍ എവിടെയോ അവളുടെ നിശ്വാസം ഉണ്ട്.. ആ ഹൃദയം ഇടിപ്പും എങ്ങോ ഞാന്‍ കേട്ട് മറന്ന പോലെ. പക്ഷെ…… അവളുടെ പേരെന്താണ് ബാബാ…? “
“അനീ. നിനക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ലേ? കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് നീ വ്യക്തമായി അവളുടെ പേര് വിളിച്ചു. അതോടു കൂടിയാണ് ഞങ്ങള്‍ക്ക് നിന്നെ തിരികെ കൊണ്ട് വരാന്‍ പറ്റുമെന്ന വിശ്വാസം വന്നത്. “
“ഇല്ല. ബാബാ…എനിക്ക് ഒന്നും ഓര്‍മയില്‍ ഇല്ല….ഒന്നും… “
“ഇല്ലേ…ഒന്ന് ചലിക്കാന്‍ പോലും ആകാതെ കിടന്ന നീ തലയുയര്‍ത്തി അവളുടെ മാറില്‍ ചാരി ഇരുന്നു ശില്പേ. എന്ന് വിളിക്കുന്നത് ഞാന്‍ കണ്ടതാണ്. അവളുടെ സ്നേഹത്തിന്‍റെ ശക്തി നിന്നെ പുനര്‍ജീവിപ്പിച്ചു. “
ഞാന്‍ കൈകള്‍ ഉയര്‍ത്താന്‍ നോക്കി . ഇല്ല പറ്റുന്നില്ല.
അത് മനസ്സിലാക്കിയിട്ടാകണം ബാബ പറഞ്ഞത്,
“മോനെ…അന്നേരം ഏതോ പ്രേരക ശക്തിയാല്‍ നിന്‍റെ തളര്‍ന്നു കിടന്ന ഞരമ്പുകള്‍ ശക്തി സംഭരിച്ചു നിനക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയതാണ്. എന്തോ ഒരു ഓര്‍മ്മ നിന്നെ അങ്ങനെ പ്രേരിപ്പിച്ചു. പക്ഷെ അത് താല്‍കാലികമായ ഒരു അവസ്ഥ മാത്രം ആണ്. എങ്കിലും ഇനി നിനക്ക് പെട്ടെന്ന് ചലിക്കാനാകും. ആ ഓര്‍മ്മ ഇനിയും വരുകയാണെങ്കില്‍………. “