ആ പേര് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ? എനിക്ക് തിരിച്ചു ആ കാക്കി മതിലിനരികിലേക്ക് പറക്കണം എന്ന് തോന്നി. പക്ഷെ കാറ്റിനെതിരെ പറക്കാന്‍ എനിക്ക് ആകുന്നില്ല. ഞാന്‍ അകന്നകന്നു പോകുകയാണ്. ഇല്ല. ആ പേരിനു എന്നോട് എന്തോ ബന്ധമുണ്ട്. എങ്ങനെയും അതിനരുകിലെത്തിയെ പറ്റൂ….
ഞാന്‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു ചലിക്കാന്‍ നോക്കി. കഴിയുന്നില്ല. കാറ്റിന്‍റെ ശക്തി അത്രയ്ക്കാണ്. ഞാന്‍ ശ്വാസം അടക്കി മുന്നോട്ടു തള്ളി. ഇല്ല. കാറ്റിനെ തോല്‍പ്പിക്കാന്‍ എനിക്കാകുന്നില്ല.
ഞാന്‍ എന്‍റെ കരങ്ങളിലേക്ക് നോക്കി. ഒരായിരം കരങ്ങള്‍ ഉണ്ടെനിക്ക്. പക്ഷെ അപ്പൂപ്പന്‍താടി പോലെ വാടി തളര്‍ന്ന നേര്‍ത്ത കരങ്ങള്‍. ഇവ കൊണ്ട് ഞാനെങ്ങനെ മുന്നോട്ടു പോകാനാണ്?
പറ്റും. നിനക്ക് പറ്റും. ആ കരങ്ങളെ ചേര്‍ത്ത് ഒരൊറ്റ കരമായി നീ ശ്രമിക്കുക. ആരോ കാതില്‍ പറഞ്ഞു.
ആ….ഞാന്‍ സര്‍വ്വ ശക്തിയും എടുത്തു മുന്നോട്ടു പാഞ്ഞു. കാറ്റിന്‍റെ പിടിയില്‍ നിന്നും കുതറി മാറിയ ഞാന്‍ ആ കാക്കിക്ക് നേരെ പാഞ്ഞു ചെന്നു.
ആ സ്വര്‍ണ പലകയിലെ പേരില്‍ മുഖമമര്‍ത്തി ഞാന്‍ നിന്നു. വല്ലാത്ത ചൂട്…
അത് മതിലൊന്നുമല്ല. ഉയര്‍ന്നു താഴുന്ന ജീവനുള്ള ശരീരം. നല്ല പത് പതുത്ത മാറിടങ്ങള്‍. അതില്‍ നിന്നും ഉയരുന്ന മാദക ഗന്ധം എന്‍റെ മൂക്കില്‍ തുളഞ്ഞു കയറുന്നതെന്തേ?
പതിയെ ആ സ്വര്‍ണ പലകയും അതിലെ അക്ഷരങ്ങളും മാഞ്ഞു പോയി. കാക്കി നിറം മാത്രം….പക്ഷെ ആ തുടിക്കുന്ന ഹൃദയത്തിന്‍റെ ചൂട് എന്‍റെ മൂക്കില്‍ തട്ടുന്നുണ്ട്. ആ ഗന്ധവും.
“ശില്പാ…….ശില്പാ…..എന്‍റെ ശില്പാ…..”
“ബാബാ……ബാബാ…… “ ആരോ വിളിക്കുകയാണ്.
എനിക്ക് മുഖം ഉയര്‍ത്തി നോക്കണം എന്നുണ്ട്. കഴിയുന്നില്ല. ഞാന്‍ ഒരു അപ്പൂപ്പന്‍ താടി അല്ലേ. എന്‍റെ കരങ്ങള്‍ തളര്‍ന്നു പോയിരിക്കുന്നു. അതെ ഒരായിരം കരങ്ങളും ഇനി ഒന്ന് ചലിക്കാന്‍ പോലും ആകാത്ത വിധം തളര്‍ന്നു കഴിഞ്ഞിരുന്നു.
ആരോ എന്നെ ആ ചുടു മാറില്‍നിന്നും പിടിച്ചു താഴേക്കെറിഞ്ഞത് പോലെ തോന്നി. ആ മാറു വിട്ടു ഞാന്‍ തറയിലേക്കു വീണു.
കണ്ണുകള്‍ തുറക്കുമ്പോള്‍ ആ വെള്ള താടിക്കാരന്‍, അപ്പൂപ്പന്‍താടി പോലെയുള്ള താടി അനക്കി കൊണ്ട് ചോദിച്ചു
“അനിക്കുട്ടാ….അനിക്കുട്ടാ…..അനികുട്ടന് ഞാന്‍ ചോദിക്കുന്നത് കേള്‍ക്കാന്‍ പറ്റുന്നുണ്ടോ? “