എവിടെ നിന്നാണ് ഈ സുഗന്ധം? ഇത്രയും സ്വര്‍ഗീയ സുഗന്ധം ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ എവിടെയോ കിടക്കുകയാണ്. എന്‍റെ മുന്നില്‍ നീലയും പച്ചയും ചുവപ്പും നിറമുള്ള ചില്ലുകള്‍ കൊണ്ട് അലങ്കരിച്ച ജനാല. ഏതോ കൊട്ടാരത്തില്‍ ആണെന്ന് തോന്നുന്നു.
പക്ഷെ എന്തിനാണ് എന്നെ ബന്ധിച്ചിരിക്കുന്നത്? ഈ കൊട്ടാരത്തിനുള്ളില്‍ തളച്ചിടാന്‍ തക്ക എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത്?
എനിക്ക് അനങ്ങാന്‍ ആകുന്നില്ല. തലയ്ക്കു വല്ലാത്ത ഭാരം.
…………………………………………………………………………………………………………………………………….
ഒരു സ്വര്‍ണ പലക. കാഴ്ച വ്യക്തമാകുന്നില്ല. തല ഉയര്‍ത്താനും പറ്റുന്നില്ല. ക്രമേണ ആ സ്വര്‍ണ പലകയ്ക്ക് ചുറ്റും കാക്കി നിറം തെളിഞ്ഞു.
………………………………………………………………………………………………………………………………………
ആരാണ് എന്‍റെ ചെവിക്കരികില്‍ ഇത്ര ഉച്ചത്തില്‍ ഊത്ത് ഊതുന്നത്? ചെവി പൊട്ടി പൊളിയുന്നു.. ഏയ് ആരെങ്കിലും അതൊന്നു എടുത്തു മാറ്റുമോ? ഞാന്‍ ഉറക്കെ അലറി.
……………………………………………………………………………………………………………………………………..
ആരാണ് ഞാന്‍? എത്ര നാളായി ഈ മുറിയില്‍? എനിക്ക് അനങ്ങാന്‍ പറ്റാത്തത് പോലെ തന്നെ എന്‍റെ ചിന്തകള്‍ക്കും ചലിക്കാന്‍ ആകാത്തത് എന്ത് കൊണ്ടാണ്?
………………………………………………………………………………………………………………………………….
ആരാണീ ഹൂറി? എന്തിനിവള്‍ എന്നെ പരിചരിക്കുന്നു? ഈ മുഖം എവിടെയോ കണ്ടു മറന്ന പോലെ?
അവള്‍ എന്‍റെ കണ്ണുകളിലേക്കു നോക്കി എന്തോ ചോദിച്ചു. ഞാന്‍ വ്യക്തമായി കേട്ടു. പക്ഷെ എന്ത് ഭാഷയാണ് അത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഞാന്‍ അവളോട് നീയെന്താ സംസാരിക്കുന്നത് എന്ന് ചോദിച്ചു.
അവള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഓടിപ്പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ വന്നു. ആ വെളുത്ത താടിയുള്ള, തലപ്പാവണിഞ്ഞ മനുഷ്യന്‍. അയാള്‍ എന്‍റെ കണ്ണുകളില്‍ പിടിച്ചുവോ? എന്തൊക്കെയോ ചോദിക്കുന്നു. എന്ത് ഭാഷയാ ഇത്? എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ ചോദിച്ചു.
അയാള്‍ താടി തടവി മുകളിലേക്ക് ഉയര്‍ന്നു. ആരുടെയോ കൈകള്‍ പിടിച്ചു നോക്കി. ആ പെണ്‍കുട്ടിയോട് എന്തൊക്കെയോ പറഞ്ഞു. കരഞ്ഞു കൊണ്ട് അവള്‍ എല്ലാം കേട്ടു.
എപ്പോഴൊക്കെയോ ആരൊക്കെയോ വന്നു. എന്തൊക്കെയോ ചെയ്യുന്നുണ്ട്. എന്നാല്‍ ആ താടിക്കാരന് അപ്പൂപ്പനെയും ആ പെണ്‍കുട്ടിയെയും മാത്രം മിക്കവാറും കാണും.