കുഞ്ഞിന്റെ പേരിടീൽ ചടങ്ങു നാമമാത്രമായി മതിയെന്ന് കല്യാണി പറഞ്ഞെങ്കിലും ദേവൻ വീടെല്ലാം ലൈറ്റുകളാലും ബലൂണും ഒക്കെയായി മോടി പിടിപ്പിച്ചു ..ഷോപ്പിലെ സ്റ്റാഫിനെല്ലാം പുതിയ ഡ്രെസ് വാങ്ങി കൊടുത്തു .അന്നത്തെ ഭക്ഷണം വീട്ടിൽ നിന്നുണ്ടാക്കി കൊടുക്കാൻ ഏർപ്പാടാക്കി
രാവിലെ കല്യാണിയേയും കുഞ്ഞിനേയും കൂട്ടി ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങി .
പേരിടുന്ന സമയം വന്നപ്പോൾ കല്യാണി ദേവനെ നോക്കി
” ആദി …ആദി ദേവൻ “
ദേവൻ പറഞ്ഞു കൊടുത്തത് ചെവിയിൽ മൂന്നു പ്രാവശ്യം പറഞ്ഞു കൊടുത്തപ്പോൾ കല്യാണിയുടെ കണ്ണുനീർ ധാരയായി ഒഴുകി
ചടങ്ങിന് ടെസയുടെ മക്കളും ജോസഫേട്ടനും ഉണ്ടായിരുന്നു കുറച്ചു അയൽക്കാരും . മഞ്ജുവിന്റെ ന്യൂസ് റിപ്പോർട്ടർ രാജിയെ ദേവൻ മനഃപൂർവ്വം ക്ഷണിച്ചില്ല .
കൂടാതെ ദേവന്റെ ബിസിനസ് പാർട്നെഴ്സും . അവർ ദേവന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നവരാണ് . മഞ്ജു പോയത് മുതൽ അവനെ ആശ്വസിപ്പിക്കാൻ കൂടെയുണ്ടായിരുന്നവർ
വൈകുന്നേരമായപ്പോൾ ടെസ പോകാനിറങ്ങി
കല്യാണി അവളെ കെട്ടി പിടിച്ചു കരഞ്ഞു
” എന്താ മോളെ ഇത് …ഇങ്ങനെ കരയുന്ന കണ്ടാൽ തോന്നും എവിടെയോ ദൂരെ പോകുവാന് …ഞാനിങ്ങ് ഓടി വരില്ലേ ?”
” ഇന്ന് ടെസെച്ചി പോകണ്ട ..പ്ലീസ് ‘
” മോളെ നാളെ ഇളയവൾക്കു ഒരു എക്സാം ഉള്ളതാ …….അല്ലെങ്കിൽ ഞങ്ങൾ ഇരുട്ടിയിട്ടേ പോകുമായിരുന്നുള്ളൂ “
“‘ പിന്നെ , അവിടെ ഇരിക്കുന്നോരുടെ മേലെ ഒരു കണ്ണ് വേണേ …ദേവേട്ടൻ അധികം കുടിക്കാതെ ശ്രദ്ധിച്ചോണം ..പിന്നെ ചേച്ചി …ഓടി വാ എന്ന് പറഞ്ഞു എന്നെ വിളിച്ചേക്കല്ല് “
” കല്യാണി ചിരിച്ചു
” ഇന്ന് ദേവേട്ടൻ ഇത്തിരി കഴിച്ചോട്ടെ …എന്ത് വന്നാലും ഞാൻ നോക്കിക്കോളാം “
“എങ്കിൽ ശെരി ഗുഡ് നൈറ്റ് “