അജ്ഞാതന്‍റെ കത്ത് 7

Posted by

“ഞങ്ങളിവിടെ എത്തിയപ്പോൾ അടുക്കളയുടെ തറഭാഗം മൊത്തം വെട്ടിപ്പൊളിച്ചിട്ടിരിക്കയായിരുന്നു. അരുൺജിത്തിന്റെ സുഹൃത്തിന്റെ ബോഡി മറവ് ചെയ്തത് ഇവിടെയാണെന്ന സംശയത്തിൽ അദ്ദേഹം ഇവിടെ കുഴിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടത് “

“എന്താണ് വേദപരമേശ്വർ കണ്ടത് തെളിച്ചു പറയൂ.”

“ഇവിടെ ഒന്നിൽ കൂടുതൽ ബോഡികൾ മറവു ചെയ്തിട്ടുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. “

“ആരുടെ ബോഡികളാണെന്ന് വ്യക്തമായോ വേദാ? മരണപ്പെട്ടത് സ്ത്രീകളോ പുരുഷന്മാരോ?”

” സുധീപ് കുമാർ ഇതിനകത്ത് ഒന്നിൽ കൂടുതൽ ബോഡി മറവു ചെയ്തിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാവുന്നത്.അതിൽ ഒന്ന് ഒരു കുഞ്ഞിന്റെതാണോ എന്ന സംശയത്തിലാണ് ഞങ്ങൾ “

അപ്പോഴേക്കും മൂന്ന് നാല് പോലീസുകാർ ഓടിക്കയറി വന്നു.കൂടെ കുറച്ച് ചാനലുകാരും

” എല്ലാരും പുറത്തോട്ട് മാറി നിൽക്കണം.”

ഒരു പോലീസുകാരന്റെ ശബ്ദം ഉയർന്നു. കൂടാതെ പിന്നാലെ വന്ന പോലീസുകാർ എന്നെയും ജോണ്ടിയേയും പുറത്താക്കി. വീടിനു ചുറ്റും ആളുകൾ നിറഞ്ഞു കൊണ്ടിരിക്കയായിരുന്നു.

ലൈവ് കട്ട് ചെയ്യാൻ നിർദ്ദേശം കൊടുത്ത് ഞാൻ തെല്ലുമാറി നിന്നു.
അപ്പോഴേക്കും സ്റ്റുഡിയോയിൽ നിന്നും വന്ന ഷീനയ്ക്ക് ഞാൻ മൈക്ക് കൈമാറി തെല്ലുമാറിയിരുന്നു.

അകത്ത് മരണപ്പെട്ടവരിൽ തീർത്ഥയുമുണ്ടെന്ന വേദന എന്നെ തളർത്തി.
CI റാങ്കിലുള്ള ഒരു പോലീസുകാരൻ അകത്തേയ്ക്ക് പോയി. തുടർന്ന് ഒരു ആംബുലൻസ് വന്നു നിൽക്കുന്നു.കുര്യച്ചനേയും തോമസ് ഐസകിനേയും ആംബുലിസിലേക്ക് കയറ്റി.

ഞാൻ ധൃതിയിൽ എഴുന്നേറ്റു.എല്ലാക്യാമറക്കണ്ണുകളും ആംബുലൻസിലേക്ക്.

“ഇതെന്താ പറ്റിയത്?”

ഒരു പോലീസുകാരനോട് ഞാൻ തിരക്കി.

” മയക്കം വിടുന്നില്ല. ആയതിനാൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയതാണ്.”

“ഡോക്ടർ പറഞ്ഞതാണോ ഇത്. “

“അതെ. അവർ രണ്ട് പേരും അബോധാവസ്ഥയിലാണ്.”

ശരിയായിരിക്കാം പുറത്തിത്രയും ബഹളമുണ്ടായിട്ടും അവരുണരാഞ്ഞത് അതാവാം.
തെല്ലു മാറി CI അരുൺജിത്തിനെ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു.
അരുൺജിത്ത് എനിക്ക് നേരെ വിരൽ ചൂണ്ടുന്നു.
ഞാൻ സ്വമേധയാ അവിടേക്ക് ചെന്നു പിന്നാലെ അരവിയും പ്രശാന്തും. നടന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.

” അതിനകത്ത് ചുരുങ്ങിയത് നാല് മൃതദേഹങ്ങൾ ഉണ്ട്. എല്ലാം തിരിച്ചറിയാൻ പറ്റാത്തത്രയും അഴുകിപ്പോയിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 പേർ സ്ത്രീകളാണ്. ഡ്രസ് കണ്ട് തിരിച്ചറിഞ്ഞതാണ്. അലക്സാണ്ടർ എന്ന പേരെഴുതിയ ഒരു റിംഗ് കിട്ടിയിട്ടുണ്ട്.”

” കുട്ടികൾ?”

CI എന്നെ സൂക്ഷിച്ചു നോക്കി.

“അവിടെ ഒരു ഡോളും കുഞ്ഞു ഷൂവും കണ്ടു “

” ആഹ്…. അങ്ങനെ……. കുട്ടികൾ ഉണ്ടോ എന്നത് വ്യക്തമല്ല. നമുക്ക് നോക്കാം. വേദ പോവരുത് ഇവിടെ തന്നെ കാണണം.”

ഞാൻ തല കുലുക്കി സമ്മതിച്ചു.അരവിക്കൊപ്പം ഞാൻ വീട്ടുമുറ്റത്തെ മാവിന്റെ ചുവട്ടിലിരുന്നു. ചാനലുകാർ ഒരു ചെറുപഴുതിനായി ഓടി നടന്നു.

“വേദ അലോഷ്യസ് എന്താ മാറി നിൽക്കുന്നത്? ഇവിടെ വരാത്തതെന്താ?”

Leave a Reply

Your email address will not be published. Required fields are marked *