അജ്ഞാതന്‍റെ കത്ത് 6

Posted by

“സർ ഇത് പോലീസ് കേസാകും.കേസായാലത് ചാനലിനെ ബാധിക്കും.”

എന്റെ സംസാരം കാരണം ഡോക്ടർ കുറച്ചു നേരം ചിന്തിച്ചു എന്നിട്ട് ചോദിച്ചു.

“ഈ പ്രശ്നം എങ്ങനെ സോൾവ് ചെയ്യുമെന്നാണ് വേദ പറയുന്നത്?”

അപ്പോഴേക്കും ഗായത്രിയുടെ കോൾ വന്നു

” ഡോക്ടർ ഒരു നിമിഷം “

അനുമതി വാങ്ങി ഞാൻ കോളെടുത്തു.

“വേദാ. ദീപയ്ക്ക് എങ്ങനെയുണ്ട് “

തെല്ലു ആധിയോടവർ തിരക്കി.
കാര്യങ്ങൾ എല്ലാം വള്ളി പുളളി തെറ്റാതെ ഞാൻ മേഡത്തെ അറിയിച്ചു.

“വേദയുടെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ ചെയ്യൂ. അതൊരിക്കലും ചാനലിനെ ദോഷമായി ബാധിക്കരുത്.”

ഫോൺ കട്ടായി .ഞാൻ ഡോക്ടർ ഇമ്മാനുവലിനോട് കാര്യം പറഞ്ഞു.

” ആ കുട്ടിയോട് വിശദമായി നിങ്ങൾ ചോദിച്ചറിയണം. സത്യാവസ്ഥ അറിയും വരെ ഞാൻ ഒന്നും ചെയ്യില്ല. എങ്കിലും തൽക്കാലം ഞാനീ കേസ്ഫയലിൽ എന്തെഴുതി ചേർക്കണമെന്ന് താൻ പറ. പ്രഥമദൃഷ്ട്യാ ഞാൻ മനസിലാക്കിയത് അത് ഒരു മൂർച്ചയേറിയ ആയുധത്താലുള്ള മുറിവാണ്. ആഴം കുറവാണെങ്കിലും അതിന് നല്ല നീളമുണ്ട്.അതൊരിക്കലും മരണകാരണമാകില്ലായെങ്കിലും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടോ എന്നറിയണം.”

“സാറെന്തെങ്കിലും എഴുതി ചേർക്കൂ.”

ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ദീപയെ തിയേറ്ററിലേക്ക് മാറ്റിയിരുന്നു..
എന്റെ ആധി കണ്ടാവാം ഐസിയുവിന് പുറത്ത് നിൽക്കുന്ന കൂടെ വന്നവർ പറഞ്ഞു.

“പേടിക്കാനൊന്നുമില്ല വൻകുടലിനു പുറത്ത് ചെറിയ ഒരു മുറിവുണ്ട് “

നെഞ്ചിടിപ്പോടെ ഞാനും മറ്റു രണ്ട് പേരും മണിക്കൂറുകൾ അതിനു മുന്നിൽ ചിലവഴിച്ചു.
മനസിൽ എന്തൊക്കെയോ ചിന്തകൾ കടന്നു കയറി ദീപയെ ആക്രമിച്ചതാരാവും. ചുറ്റിനുമിപ്പോൾ മരണ ഗന്ധം മാത്രമാണ് ഭയം തോന്നുന്നുണ്ട് വല്ലാതെ .
ഐസിയു വാതിൽ തുറന്നു ഡോക്ടർ പറഞ്ഞു.

“B+ve ബ്ലഡ് വേണം”

“സർ അവൾക്കെങ്ങനയുണ്ട്?”

” പേടിക്കാനൊന്നുമില്ല. മുറിവ് ആഴത്തിൽ ഇല്ല. കുറച്ച് ബ്ലഡ് പോയിട്ടുണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *