“ഇങ്ങള് ഗൗതമ്യല്ലേ…” ഒരു ഫ്രീക്കന്റെ ബഹുമാനത്തോടെയുള്ള ചോദ്യം.
“അതേ…” അവന്റെ ചോദ്യവും അവളുടെ മറുപടിയും കേട്ട് കൂടി നിന്നവർക്കൊന്നും മനസ്സിലായില്ല. അതെല്ലാം കണ്ട് ഫ്രീക്കൻ അഴിഞ്ഞുവീഴാൻ പോയ പാന്റ് വലിച്ചു കയറ്റി വിശദീകരിച്ചു.
“യുവകവിക്കുള്ള കൊറേ അവാർഡ് വാങ്ങിയിട്ടുള്ള ആളാ. ഇങ്ങടെ എല്ലാ കവിതേം ചീറീട്ട്ണ്ട് ട്ടാ ചേച്ച്യേ” തന്നേക്കാൾ പ്രായമുണ്ടെങ്കിലും അവന്റെ കമന്റ് ബഹുമാനാർത്ഥമാണെന്ന് മനസ്സിലാക്കിയ നിഷിത ശരിയെന്ന് മാത്രം തലയാട്ടി.
സഹദേവന്റെ തലയിൽനിന്നും രക്തം ഒഴുകിയത് കണ്ട് അവൾ പരിഭ്രമപ്പെട്ടു. ബാജുകുറൂങ്ങിൽ അത് ഒപ്പിയെടുത്ത നിഷിത നിറുത്തിയിട്ട ഓട്ടോയിലേയ്ക്ക് സഹദേവനെ പിടിച്ച് കയറ്റി. “അടുത്തുള്ള ആശൂത്രീൽക്ക് വിട്… ന്റച്ചന്.. ഹ്” അവൾ വിതുമ്പുകയായിരുന്നു. “ആരെങ്കിലുമൊന്ന് കൂടെ വരോ” അവളുടെ ചോദ്യം കേട്ട് ചുമട്ടുതൊഴിലാളി ഓട്ടോയിൽ ചാടിക്കയറി. അയാൾ തന്റെ നീല തോർത്തെടുത്ത് സഹദേവന്റെ നെറ്റിയിൽ വരിഞ്ഞുകെട്ടി. തൊട്ടടുത്തുള്ള അമല ഹോസ്പിറ്റലിൽ രണ്ടു പേർക്കും പ്രാഥമിക ചികിത്സ നൽകി. എക്സ്റേയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ട് മൂന്നുപേരും പെട്ടെന്ന് തന്നെ യാത്രതിരിച്ചു. തിരിച്ച് കേച്ചേരിയിൽ ടാക്സിയിങ്ങിയ ചുമട്ടുതൊഴിലാളി അവരെ സ്നേഹത്തോടെ യാത്രയാക്കി. നീലത്തോർത്തിൽ പറ്റിയ രക്തം നോക്കി അയാൾ ആത്മസംതൃപ്തിയടഞ്ഞു.
‘എല്ലാ ചോരയ്ക്കും ചുവപ്പ് നിറം. പക്ഷേ മനുഷ്യർക്കെല്ലാം വിവിധനിറം.!
വെറുപ്പ്.., വിദ്വേഷം. മരിച്ച് മണ്ണോട് ചേർന്ന് വെറും ശവമാവേണ്ട ശവങ്ങൾ.
അന്ന് രാത്രി സഹദേവൻ ഉറങ്ങിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന അയാൾ എഴുന്നേറ്റ് നിഷിതയ്ക്കരികിലെത്തി നോക്കി.
“മണി പന്ത്രണ്ടാവുന്നു, മോളിനിയും ഉറങ്ങിയില്ലേ”
“ഉറക്കം വര്ണില്ലച്ഛാ”
“മോള് അമ്മേനെ പറ്റി കാറീന്ന് പറഞ്ഞത് എന്തർത്ഥം വെച്ചാ?” അയാൾ അവളെ മുഖത്ത് നോക്കാതെയാണത് പറഞ്ഞത്.
“ഒരാളും ഭർത്താവിന്റെ സ്ഥാനം മകന് കൊടുക്കില്ല. ഇനി കൊടുത്താൽ തന്നെ കിടക്ക പങ്കിടില്ല” അവൾ ഒറ്റശ്വാസത്തിലത് പറഞ്ഞ് തിരിഞ്ഞ് ചുവരിനോട് ചേർന്ന് കണ്ണീരൊഴുക്കി.
സഹദേവൻ ഒരു നിമിഷം നിശ്ചലമായി…