മറിച്ച്, ഒരു “നല്ലകാലം” ദൈവം നിനക്ക് നൽകുമെന്ന്, എന്റെ സ്വകാര്യദുഃഖങ്ങളിൽ സമാശ്വസിപ്പിക്കാൻ എത്തിയ
ആത്മാർത്ഥതയുള്ള എന്റെ “ചങ്കുകൾ” ചിലരെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു… തൽക്കാലാ ശ്വാസത്തിന്, അന്ന് ഞാൻ ആ വാക്കുകളിലും വിശ്വസമർപ്പിച്ചിരുന്നു. ഒരുപക്ഷെ ദൈവം അറിഞ്ഞുകൊണ്ട് തന്നെ ചൊരിഞ്ഞ അനുഗ്രഹമാണ് എന്റെ ഇപ്പോഴത്തെ “നില” എന്ന് ഞാൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. ഒരു താഴ്ചയ്ക്ക് ഒരു ഉയർച്ച എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അത് ഒരു പ്രകൃതി നിയമമാണ്. എൻജോയ് ചെയ്തു നടക്കേണ്ട പ്രായത്തിൽ കുടുംബപ്രാരാബ്ധങ്ങൾ നെഞ്ചിലേറ്റേണ്ടി വന്ന ഒരു യുവാവ്….
നാട്ടിലെ ജോലിയിൽ വലിയ മെച്ചമൊന്നു മില്ലാത്തതിനാൽ, അൽപ്പം കൂടി, ഒരു മെച്ചപ്പെട്ട കമ്പനിയിൽ ഒരു ജോലി തേടി, രണ്ടു സുഹൃത്തുക്കളുടെ കൂടെ, ഹൈദരാബാദിൽ ഒരു ഇന്റർവ്യൂവിനു പോയതായിരുന്നു ഞാൻ,,. ഒരു നീണ്ട യാത്ര കഴിഞ്ഞുള്ള വരവ്, ആകെ ക്ഷീണിച്ചു, രണ്ടു ദിവസത്തെ ഉറക്കക്ഷീണം. അവിടെ തന്നെ നാലഞ്ച് ദിവസത്തെ അലച്ചിലും, ഓട്ട പ്രദിക്ഷണവും, എല്ലാം കഴിഞ്ഞു, തിരികെ പുലർച്ചെ ട്രെയിൻ ഇറങ്ങി. ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി… കുളിയും കഴിഞ്ഞു… അമ്മ വിളമ്പി തന്ന പ്രാതലും കഴിച്ചു…. ഞാൻ മുറി അടച്ചിട്ടു ഒരു നീണ്ട ഉറക്കമായിരുന്നു. അന്ന് സന്ധ്യ ആയപ്പോഴാണ്, പിന്നെ ഉറക്കമുണർന്നത്… അതിനിടെ അമ്മയും ചേച്ചിയും ഒക്കെ വന്നു വാതിൽ തട്ടി വിളിച്ചതെല്ലാം ഞാൻ അറിഞ്ഞിരുന്നു…. എങ്കിലും ഉറക്കിന്റെയും, ക്ഷീണാധിക്ക്യത്താലും, പിന്നെയും പിന്നെയും ചുരുണ്ട് കൂടി മഥിച്ച് ഉറങ്ങി. വൈകിട്ട് ചായ കുടിക്കാൻ വിളിച്ചപ്പോളാണ് ഞാൻ എഴുന്നേറ്റത്.. വൈകിട്ട് അഞ്ചര മണി. പല്ലുതേച്ചു കുളിയും കഴിഞ്ഞു.. വിട്ടുമാറാത്ത ആലസ്യത്താൽ ഇരിക്കുമ്പോഴാണ്, അമ്മയുടെ ഡയലോഗ്.