ഇര 6

Posted by

ഉണ്ണി വേഗം ഷാഹുൽ ഹമീദിനു മുന്നിൽ നിന്നും മാറി. അയാൾ രണ്ടു കോൺസ്റ്റബിൾമാരെയും കൂട്ടി റിക്കവറി വാനിൽ കയറി. അതു സംഭവസ്ഥലം ലക്ഷ്യമാക്കി നീങ്ങി.
“ഇയാള് വന്നതിൽ പിന്നെ നമുക്ക് വല്ലാത്ത തലവേദനയാണല്ലോ” എസ് ഐ ഉണ്ണി സംഭവസ്ഥലത്തേക്ക് പോകുന്നതിനിടയിൽ കൂടെ കൂട്ടിയ കോൺസ്റ്റബിൾമാരോട് പറഞ്ഞു. തന്റെ സിൽബന്ധികളായ കോൺസ്റ്റബിൾമാരെ മാത്രമേ ഉണ്ണി കൂടെ കൂട്ടിയിരുന്നുള്ളു.
“അതെയതെ, സ്വസ്ഥമായി ജോലി ചെയ്യാനും പറ്റുന്നില്ല” ഉണ്ണിയെ പിൻതാങ്ങി ഒരു കോൺസ്റ്റബിൾ പറഞ്ഞു.
“ഇയാളെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല” ആ അഭിപ്രായം മറ്റൊരു കോൺസ്റ്റബിളിന്റെതായിരുന്നു.
“അതിനുള്ള ചില നീക്കങ്ങളൊക്കെ ഞാൻ നടത്തുന്നുണ്ട്, ആ റഹീം ഹാജിയാണ് അയാളെ ഇവിടെ പിടിച്ചു നിർത്തുന്നത്” ഉണ്ണി തന്റെ ഈർഷ്യ പ്രകടമാക്കി.
അപ്പോഴേക്കും അവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. അവിടെ കൂടിയിരുന്ന ആളുകളിൽ സിംഹഭാഗവും ഒഴിഞ്ഞു പോയിരുന്നു. അവർ വേഗം തന്നെ ഇറങ്ങി. ഓംനി റിക്കവറി വാനുമായി ഘടിപ്പിച്ചു.
അതു കണ്ടു കൊണ്ടാണ് മിഥുനും സുമേഷും അവിടെ എത്തിയത്. പോലീസ് തങ്ങളുടെ വണ്ടി കൊണ്ടു പോവുകയാണ് എന്നു മനസ്സിലാക്കിയ അവരുടെ ഉള്ളിൽ ഭീതി നിറഞ്ഞു.
രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വസ്തുത അവർക്ക് വ്യക്തമായി. ‘രഘു പോലീസിനോട് എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും?’മിഥു നിന്റെ മനസ് സങ്കർഷഭരിതമായി
* * *
മൊയ്‌തീൻ കാർ പോർച്ചിൽ പാർക്ക്‌ ചെയ്ത് പുറത്തിറങ്ങി. മറുവശതു കൂടി ഷഹാനയും. സംഭവസ്ഥലത്തു നിന്നു മടങ്ങിയ അവർ അപ്പോഴാണ് വീട്ടിൽ എത്തിയത്.
മൊയ്‌തീൻ കാളിങ് ബെല്ലിൽ വിരലമർത്തിയപ്പോൾ തന്നെ ഖദീജ വാതിൽ തുറന്നു. വാതിൽക്കൽ നിന്നിരുന്ന ഭർത്താവിനെ ശ്രദ്ധിക്കാതെ, “ന്താ മോളെ അനക്ക് പറ്റിയെ” എന്നു വിലപിച്ചുകൊണ്ട് അവർ മകളെ സമീപിച്ചു.
എന്നാൽ ആ സമയവും ഷഹാന മറ്റേതോ ലോകത്തായിരുന്നു. രക്ഷപെട്ട സമയം അല്പം ധൈര്യം തോന്നിയിരുന്നെങ്കിലും കാഴ്ചക്കാർ കൂടിയപ്പോൾ അവളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഉമ്മയുടെ ചോദ്യവും ഭയവും അവൾ കണ്ടില്ല.
ഷഹാന അകത്തു കടന്നതും തന്റെ മുറിയിലേക്ക് ഓടി. മുറിയിൽ എത്തിയ അവൾ ബാഗ് കട്ടിലിന്റെ ഒരു മൂലയിൽ എറിഞ്ഞ് കട്ടിലിലേക്ക് വീണു. അകാരണമായി അവളുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *