മിഥുൻ ഓടി അവശനായിരുന്നു. ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരിടത്ത് അവൻ ഇരിപ്പുറപ്പിച്ചു. പിന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് ജയന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടാമത്തെ റിങ്ങിൽ തന്നെ അപ്പുറത്ത് ഫോൺ എടുത്തു.
“ഹലോ, മിഥുൻ എന്തായി കാര്യങ്ങൾ” ജയൻ ഉദ്ദ്യോഗത്തോടെ ചോദിച്ചു.
“എടാ ഇവിടുത്തെ പദ്ധതി പാളിപ്പോയി. ഇന്നിനി അവൾ കോളേജിലേക്ക് വരാൻ സാധ്യത ഇല്ല” ഒരു നെടുവീർപ്പോടെയാണ് മിഥുനത് പറഞ്ഞത്.
“എന്തു പറ്റി, നീ വല്ലാതെ കിതക്കുന്നുണ്ടല്ലോ”ജയൻ ചോദിച്ചു.
“ഞാൻ ഉച്ചക്ക് വന്നിട്ട് എല്ലാം പറയാം, തത്കാലം ഇന്ന് ആസൂത്രണം ചെയ്ത പദ്ധതി നാളത്തേക്ക് മാറ്റി വയ്ക്ക്, അല്ലാതെ വേറെ വഴിയൊന്നുമില്ല”
“ശരി നീ ഉച്ചക്ക് തന്നെ വാ.ഞാൻ ഇപ്പോൾ കൂടുതൽ ചോദിച്ച് നിന്റെ ടെൻഷൻ കൂട്ടുന്നില്ല”
“എടാ ഞാനെല്ലാം പറയാം. ടെൻഷൻ കുറച്ചൊന്നു കുറയട്ടെ. അതുകൊണ്ടാടാ”
“കുഴപ്പമില്ലടാ നീ ഉച്ചക്ക് പറഞ്ഞാൽ മതി” ജയൻ പറഞ്ഞു.
“ശരിയെടാ ഞാൻ ഉച്ചക്ക് വരാം”
“ഉച്ചക്ക് ക്ലാസ്സ് കട്ട് ചെയ്യണോ?”ജയൻ മിഥുനോടായി ചോദിച്ചു.
“വേണ്ട ഉച്ച സമയത്ത് നിങ്ങൾ ഒരു മണിക്കൂർ എന്റെ അടുത്ത് വന്നാൽ മതി ഞാൻ ക്യാമ്പസ് ഗ്രൗണ്ടിലേക്ക് വരാം”
“ഓക്കേ മിഥുൻ, ഭക്ഷണം കഴിക്കാറാവുമ്പോൾ ഞങ്ങൾ അവിടെ എത്താം”
“ശെരിയെടാ” അവൻ കാൾ കട്ട് ചെയ്തു. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അവനൊരു ‘എത്തുംപിടിയും’ കിട്ടിയില്ല. അവന്മാരെ നാട്ടുകാർക്ക് പിടികിട്ടിക്കാണുമോ, അവരെ തല്ലിക്കാണുമോ അവന്റെ ചിന്തകൾ കാട് കയറി. എന്തായാലും അവിടെവരെ ഒന്ന് പോയി നോക്കാൻ അവനുറപ്പിച്ചു.
അവൻ തൊട്ടടുത്ത റോഡിലേക്ക് ഇറങ്ങിയ ശേഷം സുമേഷിന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ അവന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവർ ഒരുപക്ഷെ സുമേഷ് നാട്ടുകാരുടെ പിടിയിലായെങ്കിൽ നാട്ടുകാർക്ക് ‘തന്നെ’ മനസ്സിലാക്കാനും എളുപ്പം സാധിക്കും എന്നവന് മനസ്സിലാക്കി അവൻ കാൾ കട്ട് ചെയ്തു.
അടുത്ത നിമിഷം അവന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. അവൻ ഫോണിലേക്ക് നോക്കി സുമേഷിന്റെ നമ്പർ തന്നെയാണ്. കാൾ എടുക്കാതിരുന്നാൽ അത് കൂടുതൽ ബുദ്ധിമോശമാകും എന്ന് തോന്നിയ മിഥുൻ കാൾ അറ്റൻഡ് ചെയ്തു.