“അവരെന്താ പറഞ്ഞത്, ഉടനെ വരുമോ?”ഷാ സലാഹുദീനോട് ചോദിച്ചു.
“ഉടൻ വരും, അവർ പുറപ്പെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്, ഉപ്പാക്ക് അറിയുന്ന ആളാണ്, അതുകൊണ്ട് വിശ്വസിക്കാം” സലാഹുദീൻ പറഞ്ഞു.
“ഷാഹുൽഹമീദ് സാറാണോ ഹാജിയാരെ” ഷാ ഹാജിയാരോടായി ചോദിച്ചു.
“അതെ, ഓൻ വേഗം വരും”അയാൾ പറഞ്ഞു.
ഷഹാന തന്നെയാണ് ഇടയ്ക്കിടെ നോക്കുന്നത് എന്നു തോന്നിയ അലി വേഗം കാറിൽ തന്നെ കയറി.അവളുടെ നോട്ടത്തിനു മുന്നിൽ അവൻ പലപ്പോഴും പതറുന്നുണ്ടായിരുന്നു.
അപ്പോഴേക്കും സുമേഷിനെ പിടിക്കാൻ പോയ ഹാജിയാരുടെ മൂത്ത മകൻ സലീം തിരിച്ചെത്തി. ഓടി വന്ന അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അയാൾക് സുമേഷിനെ കിട്ടിയില്ല, സുമേഷ് ഓടി രക്ഷപ്പെട്ടിരുന്നു.
അപ്പോഴേക്കും ഒന്നു രണ്ടു വണ്ടികൾ കൂടി പരിസരത്ത് റോഡ് സൈഡിലായി നിർത്തി. അതിലെ ആളുകൾ സൽമാനും പിടികൂടിയ ആളിനും ചുറ്റും കൂടി നിൽക്കാൻ തുടങ്ങി.
“അപ്പോൾ ഹാജിയാരെ ഞാൻ പോവ്വാണ്, ചെറിയ തിരക്കുണ്ട്. നിങ്ങളുടെ നമ്പർ തരികയാണെങ്കിൽ കാര്യങ്ങൾ വിളിച്ചു തിരക്കാമായിരുന്നു”ഷാ അയാളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു.
ഹാജിയാർ നമ്പർ പറഞ്ഞു കൊടുത്തു. ഷാ അത് തന്റെ ഫോണിൽ ഫീഡ് ചെയ്തു. പിന്നെ വണ്ടിക്കരികിലേക്ക് നടന്നു. ഷാ കയറിയ ഉടൻ തന്നെ അർജുൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.
ഷായും കൂട്ടരും പോയിക്കഴിഞ്ഞപ്പോഴാണ് അവിടേക്ക് മൊയ്‌ദീൻ എത്തിയത്. പേടിയും ആധിയും മൂലമുണ്ടായ കിതപ്പോടെ അയാൾ മകൾക്കരികിലെത്തി.. “എന്താ മോളെ, എന്താ പറ്റിയെ, ആരാണവർ., എന്തിനാ അവർ നിന്നെ.” ഒറ്റ ശ്വാസത്തിൽ നിരവധി ചോദ്യങ്ങൾ അയാൾ മകളോടായി ചോദിച്ചു.
“ന്റെ മൊയ്‌ദീനെ.. ഇയ്യ് ഒച്ചയുണ്ടാക്കി ആ കുട്ടീനെ കൂടി പേടിപ്പിക്കല്ലേ, അല്ലേൽ തന്നെ ഓളു പേടിച്ചു നിക്കാണ്, അതൊക്കെ ങ്ങള് പൊരേല് ചെന്നിട്ടു ആക്കത്തിൽ ചോയിച്ചാ മതി” മൊയ്ദീന്റെ വെപ്രാളവും വേവലാതിയും അയാളുടെ ചോദ്യങ്ങളിലൂടെ മനസിലാക്കിയ റഹീം ഹാജി അയാളോട് പറഞ്ഞു.
സലീമും സൽമാനും കൂടെ ആ സമയത്തിനകം പിടികിട്ടിയ ആളുടെ കൈകാലുകൾ ബന്ധിച്ചിരുന്നു.
മൊയ്‌ദീൻ ഹാജിയാരുടെ ഉപദേശം കേട്ട് മകളെ ആശ്വസിപ്പിക്കാനായി തോളിൽ കൈ വച്ച് തന്നോട് ചേർത്ത് പിടിച്ചു. ഷഹാന ഒരാശ്രയമെന്നോണം ഉപ്പയുടെ മാറിലേക്ക് ചാഞ്ഞു.
• • •