ഇര 6
Era Part 6 bY Yaser | Previous Parts
ഷാ ഇരിക്കുന്ന കാറിൽ നിന്നിറങ്ങിയ ആളെക്കണ്ട് ഷഹാന അമ്പറാന്നു പോയി.പ്രമുഖ ഗായകനൊപ്പം ഒരു തമിഴനെ കണ്ടതാണ് അവൾ അമ്പരക്കാനുള്ള കാരണം.
അർജുനിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഷാ കാറിൽ നിന്നിറങ്ങി നേരെ റഹീം ഹാജിയുടെ അടുത്തേക്ക് ചെന്നു.
അപ്പോഴും ഹാജിയാർ പിടികിട്ടിയ ആളെ കഴുത്തിനു കുത്തിപിടിച്ചു ചോദ്യം ചെയ്യുകയായിരുന്നു. “അനക്ക് പേര് പറയാൻ പറ്റൂലെങ്കിൽ അന്നെക്കൊണ്ട് പറയിക്കാനുള്ള പണി ഞമ്മളെ അടുത്തുണ്ട്”എന്ന് പറഞ്ഞുകൊണ്ട് ഹാജിയാർ അയാളുടെ കൈകൾ പിന്നിലേക്ക് തിരിച്ചു പിരിക്കാൻ തുടങ്ങി. “ആ….” അയാളുടെ അലർച്ച അവിടമാകെ പ്രതിധ്വനിച്ചു.
ഹാജിയാരുടെ അടുത്തെത്തിയ ഷാ അദ്ദേഹത്തോടു പറഞ്ഞു “ഹാജിയാരെ ങ്ങള് ദേഹോപദ്രവമൊന്നും ഏൽപ്പിക്കണ്ട, മ്മക്ക് പോലീസിൽ അറീക്കാം, അതല്ലേ നല്ലത്”
ഹാജിയാർ പിടികിട്ടിയ ആളുടെ മേൽ നിന്ന് കയ്യെടുത്തു. പതിയെ ഷായെ സമീപിച്ചു കൊണ്ട് പറഞ്ഞു “ങ്ങള് പറേണതൊക്കെ ശെരിയാണ്, പക്ഷെ,ഓനൊന്നു പേര് പറഞ്ഞൂടെ,അതല്ലേ ഞമ്മള് ചോദിച്ചിട്ടുള്ളൂ”ഹാജിയാർ തന്റെ രോഷം പ്രകടമാക്കി കൊണ്ട് പറഞ്ഞു.
“ഹാജിയാരെ ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്, ങ്ങള് ഇവനെ ഉപദ്രവിച്ചാൽ പിന്നെ അതാവും പോലീസ് കേസെടുക്കുക, അതുകൊണ്ട് പറഞ്ഞതാണ്, അല്ലാ..,ങ്ങള് പോലീസിൽ അറിയിച്ചില്ലേ” ഷാ ഹാജിയാരോടായി ചോദിച്ചു.
“അറിയിച്ചിട്ടുണ്ട്, ഇപ്പൊ വരും”മറുപടി പറഞ്ഞത് ഹാജിയാരുടെ ഇളയ മകൻ സലാഹുദീനാണ്.