ഞാൻ അവിടേക്ക് നടക്കുന്നതിനിടയിൽ നല്ല മരവടി കിടക്കുന്നത് കണ്ടു. ഞാനത് സുരക്ഷക്കെന്ന പോലെ എടുത്ത് അതിന്റെ ബലം നോക്കി കോണിക്കടുത്ത് എത്തി.
“….ആദി…. ശ്രദ്ധിക്കണേ….”.
പുറകിൽ നിന്ന് സഫ്ന വിളിച്ച് പറഞ്ഞു. ചെറിയൊരു ഭയം തോന്നിയെങ്കിലും ചെറുപ്പകാലത്ത് പഠിച്ച കളരിയഭ്യാസങ്ങൾ എന്റെ മനസ്സിന് ബലമേകി. ഞാൻ മുകളിലേക്ക് ചെന്നപ്പോൾ മൂന്നാല് പേർ വട്ടം ചേർന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഞാൻ അറിയാവുന്ന ഹിന്ദിയിലും തെലുങ്കിലും ആരാണെന്ന് തിരക്കി. ഇതിനോടൊപ്പം സഫ്ന മുകളിലേക്ക് കയറി വരുകയും ചെയ്തിരുന്നു.
ആ കുട്ടത്തിലൊരുത്തൻ ആകെ പകപ്പോടെ ഞങ്ങളെ നോക്കികൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പൂർണ്ണമായും തെലുങ്കായതിനാൽ ഞാൻ മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടി. സംഗതി അവർ അടുത്തുള്ള വീട് പണിക്ക് വന്നവരായിരുന്നു. പരോപകാരിയായ സഫ്നയുടെ അമ്മാവൻ ഭക്ഷണം കഴിക്കാൻ ടെറസ്സ് ഉപയോഗിച്ചോളൂ എന്ന പറഞ്ഞിരുന്നു. ബിൽഡിങ്ങ് പണി ഇന്നാണ് അവർ തുടങ്ങിയത്. അമ്മാവനാണെങ്കിൽ ആ കാര്യം ഇവരോട് സൂചിപ്പിക്കാൻ മറന്നിരുന്നു എന്നെനിക്ക് മനസ്സിലായി. ഞാൻ അവരോട് നാളെ മുതൽ മറ്റൊരു ഇടം നോക്കാൻ പറഞ്ഞുകൊണ്ട് ഞാനും സഫ്നയും താഴേക്കിറങ്ങി. വളരെ വേഗത്തിൽ ഭക്ഷണം കഴിച്ച് ആ ബിൽഡിങ്ങ് പണിക്കാരും താഴേക്കിറങ്ങി.
കാർപോർച്ചിൽ കാത്തുനിന്ന ഞങ്ങളെ അൽപ്പം രൂക്ഷമായി നോക്കികൊണ്ട് അവൾ ഞങ്ങളെ കടന്ന് പോയി. അവരുടെ കണ്ണുകൾ സഫ്നയിലും അവളുടെ അമ്മാവന്റെ ഭാര്യയുടെ നേർക്കും ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു. നല്ല കാരിരുമ്പിൻെ കരുത്തുള്ള അവരുടെ നോട്ടം സഫ്നയിലും അമ്മാവന്റെ ഭാര്യയിലും ഭീതിയുണർത്തി. അതിന്റെ പരിണിതഫലമായി പെട്ടെന്ന് ഉള്ളിലേക്ക് അവർ കയറി പോയി. ഏകനായി എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിളറി നിന്നു. വീടിന്റെ ഉള്ളിലേക്ക് കയറാനുള്ളൊരു ചമ്മലും അതിലേറെ ചെറിയ ഭയവും എന്നിൽ ഉയർന്നു.
“…ആദി….എന്താ പുറത്ത് തന്നെ നിന്നകളഞ്ഞേ…..ഉള്ളിലേക്ക് വരൂ ….”. സഫ്ന ഉള്ളിൽ നിന്ന് വിളിച്ചു.
പുറത്തേക്ക് പോകാൻ തുനിഞ്ഞ് നിന്നിരുന്ന ഞാൻ എന്തായാലും ഉള്ളിൽ കയറിയേക്കാം എന്ന തീരുമാനിച്ചു. സന്ദർശന മുറിയിൽ തല കയ്യിൽ വച്ച് സഫ്ന ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അവളുടെ അടുത്തുള്ള സോഫയിൽ ഇരുന്നു.
“…എന്ത് പറ്റി…സഫ്ന…..”.