ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ
Alathoorile Nakshathrappokkal bY kuttettan
‘അപ്പൂ, എഴുന്നേൽക്കെടാ, നേരം ഇശ്ശിയായി ‘ അച്ഛമ്മയുടെ വിളി കേട്ടാണു രാജീവ് മേനോൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.പരീക്ഷയുടെ ആലസ്യം മൂലം സ്വയം മറന്നുള്ള ഉറക്കമായിരുന്നു.അച്ഛമ്മയ്ക്ക് അതറിയേണ്ട കാര്യമില്ലല്ലോ, ഏഴു മണി കഴിഞ്ഞ് ഉറങ്ങുന്നത് ദോഷമാണെന്നാണു അച്ഛമ്മയുടെ വിശ്വാസം. പഴമനസിനെ മാറ്റാൻ ആർക്കു പറ്റും
‘ദാ, കാപ്പി കുടിക്കെടാ’ ആവിപൊന്തുന്ന കാപ്പിക്കപ്പ് രാജീവിനു നേരെ നീട്ടിക്കൊണ്ട് അച്ഛമ്മ പറഞ്ഞു. രാജീവ് അതു വാങ്ങി. എന്നിട്ട് സ്‌നേഹപൂർവം ചോദിച്ചു.ഇന്നെന്താ അച്ഛമ്മ അമ്പലത്തിൽ പോയില്ലേ?, രാവിലെ അച്ഛമ്മ അമ്പലത്തിൽ പോയാൽ പിന്നെ തൊഴലും പൂജയും കഴിഞ്ഞ് എട്ടാകും സാധാരണ മടങ്ങുമ്പോൾ.
‘ഓഹ്, എന്തൊരു മഴ, അപ്പൂ, പെട്ടെന്നു കുളിച്ചു വാ, ഹരി പ്രാതൽ കഴിക്കാൻ കാത്തിരിക്കുന്നുണ്ട്ി’ രാമ, രാമ’നാമം ജപിച്ച് അച്ഛമ്മ മുറിയിൽ നിന്നിറങ്ങി പോയി.
അച്ചമ്മയ്ക്ക് രാജീവ് അപ്പുവാണ്. അച്ചമ്മയും അച്ഛനും മാത്രമേ അവനെ അങ്ങനെ വിളിക്കാറുള്ളൂ.ആലത്തുരിലെ മേലേട്ട് ഹരികുമാരമേനോന്‌റെ മകനാണ് രാജീവ്. പാലക്കാട്ടെ പ്രസിദ്ധമായ ജന്മികുടുംബത്തിലെ അവസാനകണ്ണി. പാലക്കാട്ടും തൃശൂരും ഹരികുമാരമേനോന് ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളുണ്ട്. അതിന്‌റെയെല്ലാം അവകാശിയും രാജീവ് തന്നെ. രാജീവിന് രണ്ടുവയസ്സുള്ളപ്പോഴാണ് അവന്‌റെ അമ്മ മരിക്കുന്നത്. തികഞ്ഞ സാത്വികനായ ഹരികുമാരമേനോൻ പിന്നീട് ഒരു വിവാഹം കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ചതു പോലുമില്ല. ഭാര്യ പോയതോടെ പൂർണമായും ബിസിനസിലേക്കായി അദ്ദേഹത്തിന്‌റെ ശ്രദ്ധ. അതുമൂലം മേലാട്ടെ സ്ഥാപനങ്ങൾക്കു നാൾക്കു നാൾ അഭിവൃദ്ധി പ്രാപി്ച്ചു വന്നു.ഐഐടി മദ്രാസിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു രാജീവ്. അവസാനവർഷ പരീക്ഷ കഴിഞ്ഞ് ഇന്നലെ വൈകുന്നേരം എത്തിയതാണ്.മൂന്നാം വർഷം തന്നെ അമേരിക്കയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ സ്വപ്‌നതുല്യമായ ജോലി ലഭിച്ചെങ്കിലും നാട്ടിലെ ബിസിനസ് നോക്കിനടത്താൻ അച്ഛൻ പറഞ്ഞതിനാൽ അതുപേക്ഷിച്ചു. രാജീവിനും അതായിരുന്നു താൽപര്യം . തറവാടും നാടും, അമ്പലവുമൊക്കെ വിട്ട് എങ്ങനെ പോകും . അതിനാൽ രാജീവ് അമേരിക്കൻ കമ്പനിയെ നിഷ്‌കരുണം ഒഴിവാക്കി.