” നിന്നോടെന്തിനാ അലി ഞാൻ നുണ പറയുന്നത്.ഇവൾ എന്റെ മുറപ്പെണ്ണാണെന്നും ഞങ്ങളുടെ നിശ്ചയം മൂന്ന് ദിവസം മുമ്പ് കഴിഞ്ഞതാണെന്നും നിനക്കറിയാവുന്നതല്ലേ …. പിന്നെ നീ പോയി കഴിഞ്ഞപ്പോൾ എനിക്കൊന്ന് മിണിയും പറഞ്ഞുമിരിക്കാൻ ഞാനിവളെ വിളിച്ചു വരുത്തിയെന്നേയുള്ളു. “മായയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു.
“നുണ പറയുകയാണ് അലി ഇന്ന് എട്ടു മണിക്ക് കാണാമെന്ന് ഞങ്ങൾ ഇന്നലെ തീരുമാനിച്ചിരുന്നു”. അർജുനനെ ശ്രദ്ധിക്കാതെ മായ പറഞ്ഞു
” ഇനിയതിനെക്കുറിച്ചൊന്നും പറയണ്ട കഴിഞ്ഞത് കഴിഞ്ഞു. ഞാനൊരു തമാശക്ക് ചോദിച്ചെന്നേയുള്ളു. ” ഒരു കുസൃതിച്ചിരിയോടെ അലി പറഞ്ഞു.
“അല്ല… നീ പോയ കാര്യമെന്തായി”
“ടൗണിലൊക്കെ ഒന്ന് കറങ്ങി. നേരം വൈകുമെന്ന് തോന്നിയപ്പോൾ വേഗം തിരിച്ചു പോന്നു.”
” ഇത്ര പെട്ടന്ന് തിരിച്ച് വരേണ്ട ആവശ്യമില്ലായിരുന്നു.” അർജുൻ പറഞ്ഞു.
“അതേയതെ “മായ അതേറ്റു പിടിച്ചു.
”സോറി, ഞാനില്ല നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാൻ ” അലി ഓഫീസിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
അർജുനും മായയും തൊട്ടപ്പുറത്ത് ഉങ്ങിനു ചുറ്റും പടുത്തുയർത്തിയ തറയിലേക്കിരുന്നു. ചുറ്റുപാടുള്ളതൊന്നും ശ്രദ്ധിക്കാതെയുള്ള അവരുടെ സംസാരത്തിനിടയിൽ പൊട്ടിച്ചിരികൾ ഉയരുമ്പോൾ അലി അവിടേക്കൊന്ന് എ|ത്തി നോക്കി. അത് കണ്ട് കൊണ്ടിരുന്നപ്പോൾ അവന്റെ കാഴ്ചകളെ മങ്ങലേൽപിച്ച് കൊണ്ട് ഒരു തുള്ളി കണ്ണുനീർ മിഴികളിൽ നിന്നുതിർന്ന് അവന്റെ കവിളിൽ പതിച്ചു.
* * *
ഷഹാനയും സുമയ്യയും കോളേജിന്റെ ഗേറ്റ് കടന്ന് അകത്തെത്തി. അത് വരെയും അവരന്വേഷിച്ച് നടന്ന തമിഴ് സംസാരിക്കുന്ന ആ മനുഷ്യനെ അവർക്ക് കാണാൻ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ചെറിയൊരു ടെൻഷനോടെ ഷഹാന ചോദിച്ചു. “അവനെന്താടീ ഇന്ന് വരാതിരുന്നത് ”
“ആ…. എനിക്കെങ്ങനെ അറിയാം.”
“വല്ല അസുഖവുമായിരിക്കുമോ?”
“അതൊന്നുമാവില്ലെടീ”
” പിന്നെന്താ അയാളെ കാണാത്തത് ” അയാളെ സുമയ്യക്ക് കാണിച്ചു കൊടുക്കാൻ കഴിയാത്ത ഈർഷ്യയോടെ അവൾ പറഞ്ഞു
“അല്ല പറഞ്ഞ് പറഞ്ഞ് നീ ആ അണ്ണാച്ചിയെ പ്രേമിക്കാൻ തുടങ്ങിയോ?”
” ഞാനോ, ആ അണ്ണാച്ചിയെയോ നല്ല കഥയായി ”
“പിന്നെന്തിനാ അവന്റെ കാര്യത്തിൽ നിനക്കിത്ര ശുഷ്കാന്തി. അവൻ നിനക്ക് വല്ല കൈമടക്കും തന്നോ?”
“അങ്ങനെയൊന്നുമില്ല. പക്ഷേ, … അയാളൊരു നല്ല വ വ്യക്തിയാണെന്ന് എനിക്ക് ഫീൽ ചെയ്യുന്നു”
“ഓ…. നിന്റെയൊരു ഫീലിങ്ങ് ” സുമയ്യ പുച്ഛഭാവത്തിൽ ചുണ്ടുകൾ കോട്ടി
“നീയെന്നെ വല്ലാണ്ട് പുച്ഛിക്കുകയൊന്നും വേണ്ട. നീ തന്നെയല്ലെ അയാൾക്ക് എന്നോട് ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞത്.?”
“അതെന്റെ ഒരുഹമല്ലേ,…. ഞാൻ പറഞ്ഞത് അയാളിനിയും നിന്റെ പുറകെ വരുകയാണെങ്കിൽ നിന്നോട് ഇഷ്ടമാണെന്നല്ലേ.”
” അതേ…. പക്ഷേ എന്റെ മനസ് പറയുന്നു അയാൾക്ക് എന്നോട് ഇഷ്ടമുണ്ടായിട്ടാണ് മാറി നടക്കുന്നതെന്ന്.