കൊലയാളിയെ കണ്ടെത്താനുള്ള ഒരു വഴി ഇതിനാൽ തുറന്ന് കിട്ടിയാലോ എന്നുള്ള ഉപായത്തിൽ ഡാർക്ക് ലോ ഏജൻസി ഈ കേസ്സ് ഏറ്റെടുക്കുകയായിരുന്നു. മൊത്തം വലിയ ചിലവ് വരുന്ന ഈ കേസ്സിന് സാമ്പത്തിക സഹായത്തിന് ഈ തുക സഹായകമാകുമെന്നതിനാൽ വിജയൻ പിള്ളയുടെ ഓഫർ നിരസിക്കാനും ഏജൻസിക്ക് കഴിഞ്ഞില്ല. രഹസ്സ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടതിനാൽ കുറച്ച് നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ്സിനെ കുറിച്ച് അദ്ദേഹത്തോട് തുറന്ന് പറഞ്ഞതുമില്ല.
തുടർന്നുള്ള കാര്യങ്ങൾ തനിക്കറിയാവുന്നതായതിനാൽ വെറുതെ ഒന്നോടിച്ച് നോക്കി. താനും കുടി ഉൾപ്പെട്ട കാര്യങ്ങൾ വായിക്കുന്നതിൽ അപൂർവമായ ആനന്ദം എനിക്ക് ലഭിച്ചു. എനിക്ക് മുന്നോട്ട് പോകാനുള്ള ലീഡ് ഇനി ഇതിൽ നിന്ന് ഞാൻ കണ്ടുപിടിക്കേണ്ടെരിക്കുന്നു എന്നത് ഒരു വലിയ സമസ്സ്യയായി എന്റെ മുന്നിൽ കെട്ടിപിടിച്ചു കിടന്നു.
ഒരു കേസ് ഡയറി എന്നപോലെ ഷേർളി മേഡം തയ്യാറാക്കിയ കുറിപ്പ് മുഴുവൻ വായിച്ചശേഷം ഞാൻ ഏകാഗ്രതക്കായി കനത്തതിൽ രണ്ടുമൂന്ന് വട്ടം നിശ്വസിച്ചു. ടേബിളിൽ ഇരിക്കുന്ന ചെസ്റ്റർഫീൽഡ് എന്നെഴുതിയ വിദേശ നിർമ്മിത സിഗരറ്റ് പെട്ടിയിൽ നിന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. പുകയുടെ ആസ്വാദകരമായ അനുഭൂതി ആസ്വദിച്ചുകൊണ്ട് തുറന്ന് കിടക്കുന്ന ജനാലക്കിടയിലൂടെ പുറത്തേക്ക് നോക്കി. പുറത്ത് കടൽ ഇരമ്പിയാർത്ത് തിരത്തടിക്കുന്ന ശബ്ദം ചെവിയിലേക്ക് കടന്ന് വന്നു. അതെന്നെ മാടി വിളിക്കുന്ന അനുഭൂതി ഉള്ളിൽ പ്രതിഫലിപ്പിച്ചു.
പെട്ടെന്ന് ഞാൻ മുകളിലേക്ക് പോയി കടലിൽ നീന്താനുപയോഗിക്കുന്ന വസ്ത്രമണിഞ്ഞു. ശ്വാസോച്ഛസത്തിനായി ഓക്സിജൻ നിറച്ച ചെറിയ സിലിണ്ടർ അരയിലുള്ള ബെൽറ്റിൽ തൂക്കിയിട്ട് പാതിയിലധികം കഴിഞ്ഞ സിഗററ്റിനെ ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി. പാക്കറ്റും ലൈറ്ററുമെടുത്ത് പുറകിലെ വാതിൽ തുറന്ന് ബീച്ചിലേക്ക് നടന്നു. താൻ താമസിക്കുന്ന വില്ല സമുച്ചയങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ ബീച്ചിലേക്ക് പ്രവേശനമുള്ളത്. അതിനാൽ ആ കടൽ തീരം ഒഴിഞ്ഞ് കിടന്നിരുന്നു.
മഴക്കാറുള്ളതുകൊണ്ട് വെയിലിന് ചൂട് കുറവായിരുന്നു. സിഗരറ്റ് പാക്കറ്റും ലൈറ്ററും മണലിൽ വച്ചുകൊണ്ട് തിരയിലേക്ക് നടന്നു. ചെറിയ തിരയായി വന്ന നനുനനുത്ത പത എന്റെ പാദങ്ങളെ തഴുകി. മുന്നിൽ വലിയ തിരക്കായി ആഴി ഒരുക്കം കൂട്ടുന്നു. അരക്കൊപ്പം വെള്ളമായപ്പോൾ ഞാൻ ചാടി നീന്താൻ തുടങ്ങി.