എന്ത് ചെയ്യണമെന്നറിയാതെ ഞാനും പകച്ച് നോക്കി നിന്ന് ഒരു നിമിഷ നേരത്തേക്ക്. അതി വേഗത്തിൽ ആ ചിന്തകളിൽ നിന്ന് ജെസ്സീക്കയെ പിന്തിരിപ്പിക്കാനായും ആശ്വസിപ്പിക്കാനായും ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.
“…..ഐ വിൽ ബി ഓക്കേ…..ഓക്കേ…..മറക്കാൻ കഴിയുന്നില്ല വൈഗ……വർഷം അഞ്ചാകുന്നു……മറക്കാൻ കഴിയുന്നില്ല മമ്മിയുടെയും പപ്പയുടെയും ആ രക്തത്തിൽ കുളിച്ച് കിടക്കുന്ന കാഴ്ച്ച………അന്വേഷണത്തിൽ മോഷണശ്രമത്തിനിടയിൽ സംഭവിച്ചതാണെന്നാണ് പോലീസ് ഭാഷ്യം….അല്ല വൈഗ…..അനീതിക്കെതിരെ പ്രതികരിക്കുന്ന എന്റെ പപ്പയുടെ നിശബ്ദ്ധനാക്കിയതാ…..”. ജെസീക്കയുടെ കൈകൾ ശക്തിയിൽ ജനാലഴികളിൽ അമർന്നു.
“…..ജെസ്സി…..നമുക്ക് കണ്ടുപിടിക്കാം….ആ കൊടുംപാതകം നടത്തിയവനെ…..”.
“…കൊല്ലണം…..കൊല്ലണം…..”. സത്യത്തിൽ ജെസ്സീക്ക അലറുകയായിരുന്നു.
അലർച്ചയെ മുറിച്ചുകൊണ്ട് വലിയ മേശയിൽ ഇരുന്ന ഫോൺ ശബ്‌ദിച്ചു. ജെസ്സിക്ക ഫോണെടുത്ത് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഫോൺ വച്ച് മുന്നിൽ ഇരിക്കുന്ന ഗ്ളാസ്സിലെ വെള്ളമെടുത്ത് കുടിച്ചുകൊണ്ട് ജെസ്സീക്ക അമർത്തി ശ്വാസം വിട്ട് നോർമലാകാൻ ശ്രമിച്ചു.
“…..സോണൽ ഐ ജിയുമായി അപ്പോയിന്റ്മെന്റ് കിട്ടി….വരൂ നമുക്ക് പോകാം……”.
“..യാ….ഷുവർ….”. ഞാൻ എന്തിനാണെന്ന് ചോദിക്കാതെ പറഞ്ഞു.
ഞങ്ങൾ മുറി വിട്ടിറങ്ങി. നീളൻ വരാന്തയിലൂടെ ഞങ്ങൾ നടന്നു. തണുത്ത കാറ്റേറ്റപ്പോൾ ജെസ്സീക്ക അൽപ്പം ആശ്വാസവതിയായി കാണപ്പെട്ടു.
“..വൈഗ…..എനിക്ക് ഈ പോലീസ് സംവിധാനത്തിൽ വിശ്വാസമില്ല…….ഈ ചെറിയ വലയിലൊന്നും വലിയ സ്രാവുകൾ ഒരിക്കലും വീഴില്ല…..