അന്തിവെയിൽ പതുക്കെ നിഴലിക്കുന്ന നിഴലിക്കുന്ന കാർമേഘങ്ങളിലേക്കലിയാൻ തുടങ്ങി. ആ അന്തരീക്ഷത്തിലേക്ക് തികച്ചും ആത്മവിശ്വാസത്തോടെ നീന്തി കയറിവന്ന കടലിലേക്ക് ഞാൻ നോക്കി. അലറി വരുന്ന തിരകൾക്കുള്ളിൽ എത്രയോ നിഗുഢതകൾ ഒളിച്ചിരിക്കുന്നുണ്ടാകും. സത്യം തേടിയുള്ള ഏതൊരു സഞ്ചാരിക്കും മുന്നിലേക്ക് ഒരു പക്ഷെ ആ നിഗുഢതകൾ വെളിപ്പെട്ടേക്കാം. ഈ കേസ്സും ഈ അനന്തമായ മഹാസാഗരം പോലെയല്ലേ. അടിസ്ഥാനപരമായി ചിട്ടയായ ചിന്തകളും അനുമാനങ്ങളും ആയിരിക്കും ഇനി കേസ്സിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത്.
സിഗരട്ടെടുത്ത് ചുണ്ടിൽ വച്ച് ലൈറ്റർ കൊണ്ട് അതിനെ കൊളുത്തി കൊണ്ട് പുകച്ചരുളുകൾ അന്തരീക്ഷത്തിലേക്ക് പരത്തിവിട്ടു. ചിന്തകളിൽ നേരത്തെ വായിച്ചറിഞ്ഞ വസ്തുതകൾ ഫ്രെയിം ബൈ ഫ്രയിമായി മുന്നിലേക്ക് വന്നു. ക്രിമിനൽ സൈക്കോളജിയിൽ ചിന്തിക്കുബോൾ പലഭാഗത്തും വ്യക്തമായ അനേകം മിസ്സിങ്ങ് ലിങ്കുകൾ. കുറ്റവാളിയിലേക്ക് ഒരു ചിലന്തിയെ പോലെ വല കോർത്ത് മുന്നോട്ട് പോകണം. ആദ്യദിനങ്ങളിൽ കിട്ടിയ വിവരങ്ങളിൽ ഒന്ന് സഞ്ചരിക്കണം. ഇരകളുടെ ശരീരഭാഗങ്ങൾ അടിഞ്ഞ സ്പോട്ട് ഒന്ന് പരിശോധിക്കണം. ഒരു പക്ഷെ എന്തെങ്കിലും പിടിച്ച് കയറാൻ വല്ല തെളിവും കിട്ടിയാലോ. എന്തായാലും കാദറിക്കയെ സഹായത്തിന് വിളിക്കാം.
മണലിൽ കാലുകൾ വച്ച് തലോടിക്കൊണ്ട് ഞാൻ തിരിച്ച് വില്ലായിലേക്ക് നടന്നു. പുറത്തുള്ള ബാത്ത്‌റൂമിൽ കയറി ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണൽതരികളെ ഒഴുക്കി കളഞ്ഞുകൊണ്ട് വിസ്തരിച്ച് കുളിച്ചു. ഷവറിലെ ജലപ്രവാഹം എനിക്ക് സുഖകരമായ അനുഭൂതിയേകി. ബാത്ത് ടവ്വൽ വാരിചുറ്റി ഉന്മേഷത്തോടെ ഈറൻ മുടിയുമായി ഫാനിന്റെ ചുവട്ടിലേക്ക് നടന്നു.
പെട്ടെന്നായിരുന്നു മൊബൈൽ ഫോണടിച്ചത്. ഷേർളി മേഡം ആയിരുന്നു മറുതലക്കൽ.
“…വൈഗ….കേസ്സ് പഠിച്ചോ…..”
“….യെസ് മാഡം….”.
“….. എ എസ് പി ജെസീക്ക മൂപ്പനെ ഓഫിസിൽ പോയി കാണണം….. വൈഗ… വെയ്റ്റ് ഫോർ എ ബിഗ് സർപ്രൈസ് …….”.
“….എന്താണ് സർപ്രൈസ് മേഡം….”.