അപ്പോൾ ദിവാകരേട്ടൻ എന്തേലും കഴിക്കും. സുരേന്ദ്രട്ടന്റെ പൊളിഞ്ഞു വീഴാറായ കടയും ദിവാകരേട്ടനെയും കണ്ടാൽ തിരിച്ചറിയാതെയായി. രണ്ടും എപ്പോ വേണേലും നിലംപൊത്താം. എല്ല് തൊലികൊണ്ടു പൊതിഞ്ഞു വച്ച ഒരു രൂപമായി ദിവാകരേട്ടൻ. മിക്കവാറും സമയം മൂടിപ്പുതച്ചു കിടക്കുന്ന ശരീരത്തിനുള്ളിൽ നിന്ന് വരുന്ന ഞരക്കങ്ങളും തേങ്ങിക്കരയലുകളും ദിവാകരേട്ടൻ മരിച്ചിട്ടില്ല എന്നതിനു തെളിവായി.
ദിവാകരേട്ടാ… പരിചയമുള്ള ശബ്ദം കേട്ട് ദിവാകരേട്ടൻ തലയിൽ നിന്നും മുണ്ടു മാറ്റി. കീറിയ പുതപ്പിനുള്ളിൽ നിന്നും രണ്ടുമൂന്ന് ഈച്ചകൾ പറന്നു പോയി.
ആരാ…
ഞാനാ ഉണ്ണിയാ… കുഴിഞ്ഞകണ്ണുകളിൽ തവിട്ടുനിറത്തിൽ പീള കനം കെട്ടി നിന്നു കാഴ്ചയെ തടഞ്ഞു നിർത്തി. ദിവാകരേട്ടൻ ആകുന്നപോലെ നിരങ്ങി, വളഞ്ഞു, ചാരിയിരുന്നു. ഉണ്ണിയേട്ടൻ അടുത്തിരുന്നു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ദിവാകരേട്ടൻ വീണ്ടും ഞരങ്ങി തുടങ്ങി. പിന്നെ വളഞ്ഞു, ചെരിഞ്ഞു, കിടന്നു.
ഉണ്ണിയേട്ടൻ പോകാനായി എഴുന്നേറ്റു. മുന്നോട്ടാഞ്ഞു. പിന്നെ തിരിഞ്ഞു നിന്നു.
ദിവാകരേട്ടാ. ഞാൻ ദിവ്യെനെ കല്യാണം കഴിച്ചോട്ടെ. ഭയമില്ലാതെ ഉണ്ണിയേട്ടൻ ചോദിച്ചു.
കണ്ണുനീർ തവിട്ടുനിറത്തിലുള്ള കൺപീളയെ രണ്ടായി മുറിച്ചു കൊണ്ട് ദിവാകരേട്ടന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. ഒച്ചയില്ലാതെ ദിവാകരേട്ടൻ കുറെ നേരം കരഞ്ഞു.
ഉണ്ണിയേട്ടൻ ആണത്തമുള്ളൊനാ. ‘അമ്മ പറയും പോലെ കുടുംബം നോക്കി. കള്ളുകുടിക്കാതെ, അന്ന് ദിവാകരേട്ടൻ വീണ്ടും പാടി. ഒന്നല്ല രണ്ടല്ല നേരം പുലരും വരെ പാടി. നെഞ്ചുപൊട്ടിയുള്ള ആ പാട്ടുകേട്ട് ചെറുമീനുകളെല്ലാം പുഴയോരത്തുവന്ന് ദിവാകരേട്ടനെത്തന്നെ നോക്കി നിന്നു. ആ ഗ്രാമം മുഴുവനും കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് ഉമ്മറത്തും കടവിലുമൊക്കെയായി ദിവാകരേട്ടന്റെ പാട്ട് കേട്ടുനിന്നു. പുഴക്കരയിലാരും അന്നുറങ്ങിയില്ല…