ദിവാകരേട്ടന്റെ മോള് ദിവ്യ bY Praveen

Posted by

ദിവാകരേട്ടനെ ആശുപത്രിക്ക് കൊണ്ട് പോയതിനു ശേഷമാണ് ഉണ്ണിയേട്ടന്റെ വാതിൽ തുറന്നത്.

ദിവാകരേട്ടന്റെ കൈ ആഴത്തിൽ മറിഞ്ഞിരിക്കുന്നു. പോകുന്ന വഴിക്കു ധാരാളം ചോര വാർന്നുപോയി. ദിവാകരേട്ടന് ചോര കയറ്റണം. അത്യാവശ്യത്തിനുള്ളത് ആശുപത്രിക്കാർ തന്നെ ചെയ്തു. ദിവാകരേട്ടന് ബോധം വന്നതിനൊപ്പം മറ്റൊരു വാർത്ത കൂടി എല്ലാവരും അറിഞ്ഞു. ദിവാകരേട്ടനും.

ദിവാകരേട്ടന് എയ്ഡ്സ്. തിരിച്ചു വന്ന ദിവാകരേട്ടൻ ഗുണ്ടയല്ല. എയ്ഡ്സ് രോഗിയാണ്. എന്നിട്ടും കൂട്ടുകാർ വീണ്ടും ഒത്തുകൂടി. കള്ളുകുടിച്ചു. ഒരു ഗ്ലാസ് വേറെ. അത് ദിവാകരേട്ടനായി മാത്രം. ബഹളമില്ല, പാട്ടില്ല.

കിടക്കപ്പായിൽ കിടന്നു എല്ലാവരും കാതോർത്തു. ഇല്ല ദിവാകരേട്ടൻ പാടിയില്ല. എയ്ഡ്സ് രോഗി പാടാറില്ലെന്നു തോന്നുന്നു. ആരുടെയും മുഖത്തുനോക്കാനാവാതെ ഉണ്ണിയേട്ടൻ മേമയുടെ നാട്ടിൽ ജോലിക്കു പോയി. ദിവ്യയുടെ കൂടെയുള്ള കുട്ടികൾ സ്കൂളിൽ പോക്ക് വേറെ വഴിക്കാക്കി. ദിവ്യയുടെ വരവ് കാത്തിരിക്കുന്നവരെല്ലാം ഇല്ലാതായി. ഞാനും.

ദിവ്യയുടെ ചുറ്റുമുള്ള പ്രകാശമില്ലാതായി. പൈപ്പിൻകടയിൽ വെള്ളമെടുക്കാൻ വന്നാൽ എല്ലാവരും മാറി നിൽക്കും. ദിവ്യയും പുറകിൽപോയി ഊഴം കാത്തു നിക്കാറുമില്ല. എയ്ഡ്സ് രോഗിയുടെ മകൾ ഊഴത്തിനായി കാത്തുനിക്കേണ്ടതില്ല. ‘അമ്മ പതിവുപോലെ ദിവ്യക്കുള്ള പാലെത്തിച്ചു കൊടുത്തു.

ദിവാകരേട്ടൻ വളരെ ക്ഷീണിതനായിരിക്കുന്നു. ഉയരം പോലും കുറഞ്ഞതായി തോന്നി. പുഴക്കടവിൽ അവഗണന കൂടി വന്നതോടെ ദിവാകരേട്ടൻ കിടപ്പു സുരേന്ദ്രേട്ടന്റെ പീടികത്തിണ്ണയിലേക്കു മാറ്റി. കിടപ്പു തുടങ്ങിയതിന്റെ രണ്ടാം ദിവസം ഓരോട് ഇളകി ദിവാകരേട്ടന്റെ തലയിൽ വീണു. പതിയെ ആ ചെറിയ മുറിവിൽ വിങ്ങലും നീരുമായി ചലം കെട്ടിത്തുടങ്ങി.

ഭക്ഷണവും മുണ്ടുമെല്ലാം ദിവ്യ തിണ്ണയിലെത്തിക്കും. ദിവ്യയെ നോക്കി ദിവാകരേട്ടൻ കുറേനേരമങ്ങിനിരിക്കും, കണ്ണ് നിറയും. കഴിക്കാത്തത് കാണുമ്പോൾ. ദിവ്യ എഴുന്നേറ്റു പോകും.

Leave a Reply

Your email address will not be published. Required fields are marked *