സുരേഷിനും തോമാച്ചനും സുരേഷിനും ഉണ്ണിയേട്ടനും എന്ന് വേണ്ട സ്കൂള് തുടങ്ങി കടവ് വരെ കാണുന്ന എല്ലാ ആൺപിള്ളേർക്കും ദിവ്യയോട് പ്രേമമാണ്. എനിക്കും.
ഇതൊക്കെയാണേലും ദിവ്യയുടെ വരവും കാത്തു നിക്കുന്ന എല്ലാവരും ദിവ്യ അടുത്തിയാൽ താഴേക്കോ തെങ്ങിന്റെ മുകളിലേക്കോ പുഴക്കക്കരെക്കോ നോക്കും. കാരണം ദിവ്യ ദിവാകരേട്ടന്റെ മോളാണ്.
രണ്ടു കൂട്ടുകാരികളുടെ നടുക്ക് പച്ച ഫുൾപാവാടയും വെളുത്ത ജാക്കറ്റുമിട്ട് നടന്നു വരുന്ന ദിവ്യക്കുചുറ്റും ഒരു പ്രകാശ വലയം തന്നെയുണ്ടെന്ന് തോന്നും. കാത്തു നിന്ന ഞങ്ങളെയെല്ലാവരെയും ഒരുമായാലോകത്ത് വിട്ട് ദിവ്യ കടന്നു പോകും. കുറച്ചു നേരത്തേക്ക് ചെളിമണവും ചകിരി ചീഞ്ഞ മണവുമൊക്കെ പുഴക്കടവിൽനിന്നു മാറിനിക്കും. തോട് കടന്നു ദിവ്യ വീട്ടിൽ കയറുന്നതോടേ കടവിൽ അന്നത്തെ വെളിച്ചം കെടും. പിന്നെ ദിവാകരേട്ടൻ വരും കുടിക്കും വഴക്കിടും ഒച്ചവെക്കും പിന്നെ പാടും ഞങ്ങളെല്ലാവരും ഉറങ്ങും.
മറ്റുള്ളവരോടൊക്കെ ദിവ്യക്ക് വളരെ സ്നേഹമാണ്. പഞ്ചായത്തു പൈപ്പിൽ വെള്ളമെടുക്കാൻ വന്നാൽ പോലും ദിവ്യയോട് ചേച്ചിമാർ പറയും. മോള് വെള്ളമെടുത്തു പൊക്കോ, ഞങ്ങളത് കഴിഞ്ഞെടുത്തോളാമെന്ന്. എന്നാലും അവൾ എല്ലാവർക്കും പുറകിൽ ഊഴത്തിനായി മാറിനിൽക്കും.
‘അമ്മ ഇടയ്ക്കു പറയും ദിവ്യ നല്ല കുട്ടിയാണ് മുഖം പോലെത്തന്നെ സ്വഭാവവും. പാല് വാങ്ങാൻ ഇടക്ക് വീട്ടിലേക്കു വരും. അരമതിലിൽ കൈകുത്തിനിന്നു അമ്മയോട് കൊച്ചുവർത്തമാനമൊക്കെ പറയും.എന്നെ കണ്ടാലോ ഞാനവിടുണ്ടെന്നറിഞ്ഞാലോ, ചേച്ചി… പാല് വീട്ടിലേക്ക് കൊണ്ടുവയോട്ടാ. എന്നും പറഞ്ഞു തിരിഞ്ഞു നടക്കും. തിരിയുന്നതിനിടയിൽ എന്നെയൊന്നു നോക്കും ഞാൻ തല താഴത്തും. കാരണം എനിക്ക് ദിവാകരേട്ടനെ പേടിയാണ്. ദിവ്യ പൈപ്പിൻകടയിൽ വെള്ളമെടുക്കാൻ വന്നാൽ ഉണ്ണിയേട്ടൻ ദൃതിപിടിച്ചു സൈക്കിളോടിച്ചു വരും. ദിവ്യയെ കാണാനുള്ള വരവാണ്. പൈപ്പിനടുത്തെത്തുംബോൾ ദിവ്യയെയൊന്നു നോക്കും ദിവ്യയും. സൈക്കിളിൽ ബലം പിടിച്ചിരിക്കുന്ന ഉണ്ണിയേട്ടന്റെ കണ്ണ് രണ്ടും പുറത്തേക്കു ചാടുമെന്നു തോന്നും.