“…വൈഗ മാത്രമല്ലാ …ഞാനുമുണ്ടേ….”. കയ്യിലുള്ള പിസ്റ്റള്‍ വാനിറ്റി ബാഗിലിട്ട് ഐഷ പോക്കര്‍ കടന്നു വന്നു.
“…എന്താ രണ്ടാളും എന്നെ പേടിപ്പിക്കാന്‍ വന്നീരിക്കുകയാണോ കടന്നിരിക്കൂ…മാസ്റ്റര്‍ ഇപ്പോ വരും…”. ചിത്ര സ്വാമിനാഥന്‍ നീണ്ട സോഫ കാണിച്ചു ഇരിക്കാന്‍ പറഞ്ഞു.
എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ ഞാന്‍ സോഫയില്‍ വിസ്തരിച്ചിരുന്നു. ഐഷ ടീവി ഓണ്‍ ചെയ്ത് ന്യൂസ്സ് ചാനല്‍സ് മത്സരിച്ച് മാറ്റികൊണ്ടിരിക്കുന്നു. ഞാന്‍ മുന്നിലെ ടീപ്പോയിയില്‍ അടുത്തിറങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ മറച്ച് നോക്കി. പെട്ടെന്ന് എന്റെ കണ്ണ് ഒരു മാഗസീനിലേക്ക് പോയി. കവര്‍ പേജില്‍ മാസ്റ്ററുടെ ചിത്രം
പാവപ്പെട്ടവരുടെ വക്കീല്‍ എന്ന അടികുറിപ്പോടെ ഗുരുമൂര്‍ത്തി എന്ന മാസ്റ്ററുടെ മുഖചിത്രം. എന്തു തേജ്ജസ്സാണ് അദ്ദേഹത്തിന്റെ മുഖത്തിന്.
ഞാന്‍ പേജുകള്‍ മറച്ച് മാസ്റ്ററേ കുറിച്ചെഴുതിയ ലേഖനം വായിക്കാനാരംഭിച്ചു.
നാട്ടിന്‍പുറത്തെ ഒരു സാധാരണ ഹൈസ്കൂള്‍ വാദ്ധ്യാര്‍. ചെറു പ്രായത്തിലെ തന്നെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ്. സ്കൂളിനടുത്തുള്ളതും കൂടാതെ ആ നാടിനെ ശിഥിലമാക്കുന്ന ഒരു കീടനാശിനി കബനിക്കെതിരെ കഠിനമായ പോരാട്ടങ്ങള്‍. അതു വഴിയുള്ള തുടര്‍ന്നുള്ള ജയില്‍ ജീവിതം. ശിക്ഷക്ക് നിയമ സാദ്ധ്യതയില്ലാ എന്നും അത് കള്ള കേസ്സാണെന്ന് കോടതി വിലയിരുത്തി നീണ്ട നിയമയുദ്ധത്തിനും ജയില്‍ ജീവിതത്തിനും ഒടുവില്‍ സ്വാതന്ത്രം. ജയില്‍ ജീവിതത്തിനവസ്സാനം അദ്ധ്യാപന ജീവിതമുപേക്ഷിച്ച് ഹൈദ്രാബാദിലേക്ക് ജീവിതത്തില്‍ നിന്നൊരു ഒളിച്ചോട്ടം. അതിന് കാരണവും നാട്ടുക്കാര്‍ തന്നെ. ഒരു ജയില്‍ പുള്ളി കുട്ടികളെ പഠിപ്പിക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്ക് മടി. ഹൈദ്രാബാദില്‍ തുടര്‍ന്ന് വക്കീല്‍ പഠനം പിന്നെ നീണ്ട കാലത്തെ പ്രാക്ടീസ്സ് മതിയാക്കി നാട്ടിലേക്ക് മടക്ക യാത്ര.
എഴുത്തുകാരന്‍ വളരെ മനോഹരമായി ആ ലേഖനത്തില്‍ വിശാലമായി തന്നെ വിവരിച്ചീരിക്കുന്നു. സ്വന്തം അപ്പാവെ പോലെ ഞാന്‍ സ്നേഹിക്കുന്ന ഗുരുമൂര്‍ത്തി എന്ന മാസ്റ്ററെ കുറിച്ചുള്ള ആ വാക്കുകള്‍ വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു.
“….മാസ്റ്ററേ കുറിച്ചുള്ള ലേഖനം വായിക്കുകയാവും അല്ലേ….”. ചിത്ര സ്വാമിനാഥന്‍ ഞങ്ങള്‍ക്കായി ഫ്രെഷ് ജൂസ്സ് കൊണ്ടു വന്നു.
“…അതേ…ചിത്ര….എത്ര മനോഹരമായാണ് മാസ്റ്ററേ കുറിച്ചെഴുതീരിക്കുന്നത്….”. ഞാന്‍ ഗ്ലാസ്സെടുക്കുന്നതിനിടയില്‍ പറഞ്ഞു.
“…ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചീട്ടുണ്ടദ്ദേഹം….ആര്‍ക്ക് വേണ്ടിയാണോ പോരാടി ജയിലില്‍ പോയത്…ഒടുവില്‍ അവര്‍ തന്നെ……”. ചിത്ര പല്ലുകള്‍ കടിച്ചു ഞെരിച്ചു. അവളുടെ മുഖം കോപത്താല്‍ ചുവന്നു.