എന്റെ ദൈവമേ ഇവളുടെ എല്ലാ ഭാവവും ഒടുക്കത്തെ ഭംഗിയാണല്ലോ എന്ന് എനിയ്ക്കു തോന്നി, ഇനിയിപ്പോ അനുരാഗം അസ്ഥിയ്ക്കു പിടിച്ചോണ്ട് തോന്നണതാണോ.?
എന്തായാലും പ്രണയം ഇത്ര സുഖമുള്ള വികാരമാണെന്നു ഇപ്പോഴാണ് മനസിലായത്, ഇപ്പൊ എല്ലാത്തിനും എനിയ്ക്കു എന്തൊക്കെയോ ഭംഗി കാണാൻ സാധിക്കുന്നു, അതിപ്പോ അനു കൂടെ ആണെങ്കിൽ പറയുകയും വേണ്ട
” ആ നിങ്ങളിങ്ങനെ പെട്ടെന്ന് കിസ്മത്തിലാവുമെന്നു , ഞമ്മള് കരുതിയാ, അള്ളോ ഞാൻ ഉമ്മേമേല് നിർത്തിയത് നന്നായി, അല്ലേൽ ഓള് ഈ കാണണ വെല്ല അലമാരയും തള്ളിയിട്ടു എന്നെ കൊന്നേനെ..” ഞാനപ്പോഴാണ് അങ്ങനെയൊക്കെ ഉള്ള അവസരങ്ങളെ പറ്റി ഓർത്തത്, ഞാൻ ചുറ്റുപാടും ഒന്ന് നോക്കി, എമണ്ടൻ അലമാരകൾ, എന്റെ ശിവനെ , ഇതെങ്ങാനും വീണാൽ , പാണ്ടിലോറി കയറിയ തവള പോലിരിക്കും
” എന്റെ പൊന്നു ഷമീറെ, നീ വെറുതെ അവൾക്കു ഓരോ ഐഡിയകൾ കൊടുക്കല്ലേ..!” ഇതും പറഞ്ഞു ഞാൻ വെറുതെ ചിരിച്ചു, എന്റെ കൂടെ ഷമീറും , അനുവും പങ്കുചേർന്നു
” എന്ന വൈകണ്ട, ചെലപ്പോ അവിടെ എല്ലാരും നമ്മളെ കാത്തിരിക്കാവും., സോറിട്ടോ ഷമീറെ ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാ.” അത്ര നേരം മൗനിയായിരുന്ന അനു പെട്ടെന്ന് എണീറ്റു , അവളുടെ കയ്യിൽ അപ്പോഴും ആ പുസ്തകം ഉണ്ടായിരുന്നു
“ആ സോറി വരവ് വെച്ചിരിക്കണു, ഇനിയും ആരെ തച്ചുകൊല്ലാനാ പെണ്ണേ ആ ബുക്കും പൊക്കി പിടിചോണ്ടു വരണേ ..?” അനുവിന്റെ കയ്യിരിക്കുന്ന ബുക്ക് കണ്ടു പെട്ടെന്ന് ഷമീർ ചിരിച്ചുകൊണ്ട് പറഞ്ഞു, ഞങ്ങൾ എല്ലാരും ആ ചിരിയ്ക്കു പങ്കുചേർന്നു,
അനു ആ ബുക്ക് തിരിച്ചെടുത്തു വെച്ചു , മെല്ലെ മുന്നിൽ നടന്നു, ഞാൻ ഷമീറിനെ താങ്ങിപിടിച്ചെഴുന്നെപ്പിച്ചു,
” ആ തല്ലികൊല്ലാൻ ഭീടരു, പിടിച്ചോണ്ട് നടക്കാൻ മാപ്പിള, എന്നെ ആരും പിടിക്കണ്ട , ഞാൻ നടന്നോളാം..” ഷമീർ എന്റെ കൈ തട്ടി മാറ്റി, ഞാൻ പിന്നെ അവനെ പിടിച്ചില്ല, അവന്റെ ഒപ്പം മെല്ലെ നടന്നു ക്ലാസിലെത്തി,
അനു ഞങ്ങളിലും മുന്നേ എത്തി കൂട്ടുകാരികളുടെ കൂടെ കൂടി കലപില തുടങ്ങിയിരുന്നു..
ഞങ്ങളെയും കാത്തു എല്ലാവരും ഇരിപ്പുണ്ടായിരുന്നു
രജിത ടീച്ചർ എന്നെയും ഷമീറിനെയും കണ്ടപ്പോൾ മേശയുടെ പുറത്തു നിന്ന് എണീറ്റു ഉഷാറായി
“ആ മെയിൻ നടൻ എത്തിയല്ലോ, ഞാൻ ഒരു കാര്യം ചോദിക്കാനാണ് വന്നത്, നിങ്ങൾക്ക് ആർക്കെങ്കിലും ഡയലോഗുകൾ വായിച്ചട്ടു കൂടുതലാണ് എന്ന് തോന്നുന്നുണ്ടോ.? ഉണ്ടേൽ ഇപ്പൊ പറയണം .” ടീച്ചർ വളരെ ഗൗരവത്തിൽ പറഞ്ഞു നിർത്തി എല്ലാവരെയും മാറി മാറി നോക്കി ,