ഷമീർ പിന്നെയും എന്റെ കവിളിൽ തപ്പി നോക്കി, പിന്നെ മുഖത്ത് പിടിച്ചു മൊത്തത്തിൽ ഒരു ഡോക്ടറെ പോലെ തിരിച്ചും മറിച്ചും നോക്കി, എനിക്കവന്റെ മുഖഭാവമൊക്കെ കണ്ടപ്പോൾ ചിരിവന്നു, ഞാൻ അനുവിനെ ഒന്ന് പാളി നോക്കി, അവളുടെ മുഖത്ത് പിന്നെയും ആശ്വാസം വന്നു
” ആ എന്തായാലും അവനുള്ളത് നമുക്ക് പിന്നീട് കൊടുക്കാം, എന്നാലും ആ കള്ളാ ഹിമാറു , എന്റെ ചെക്കന്റെ മോറു ചമ്മന്തിയാക്കിയല്ലോ, അതും ഈ നേരത്തു, ഇനി താര എവിടെ പോയി മുത്തമിടോ..?!”
അവന്റെ വെഷമം കണ്ടു ഞാൻ പിന്നെയും ഞെട്ടി,
ഇവൻ എന്ത് പറഞ്ഞാലും അവസാനം അവളുടെ അടുത്തേയ്ക്കു തന്നെയാണല്ലോ എന്റെ ദൈവമേ വണ്ടിയോടിച്ചുംകൊണ്ടു പോണത്,
ഞാൻ അനുവിനെ നോക്കി അവളുടെ മുഖം പിന്നെയും ദേഷ്യംകൊണ്ട് ചുവന്നു തുടുത്തു,
അവൾ കയ്യിലിരുന്ന ബുക്ക് ശക്തിയായി ഞെരിച്ചു, അവളുടെ പുരികം ദേഷ്യംകൊണ്ട് വളഞ്ഞു നിന്നു ,
ആ ഒരു നിൽപ്പ് അവളെ കാണാനൊരു ചേലൊക്കെ ഉണ്ടെങ്കിലും, അവള് എന്ത് ചെയ്യുമെന്നറിയാതെ എന്റെ മനസ്സിൽ അകാരണമായി ഭീതി കയറി , ഞാൻ വേഗം ഷമീറു ഇനിയും എന്തേലും വിളിച്ചു പറയുന്നത് തടയാനായി ചാടി കയറി പറഞ്ഞു
” എന്റെ പൊന്നു ഷമീറെ , നീയത് വിട്, എനിക്ക് ആരുടേം ഉമ്മയും വേണ്ട ബാപ്പയും വേണ്ടാ..” ഞാൻ വേഗം സബ്ജെക്ട് മാറ്റാനായി നോക്കി
അവൻ എന്നെ പിന്നെയും അത്ഭുതത്തോടെ നോക്കി
” അയ്യേ, ഇതിപ്പോ അനക്കു തലയ്ക്കു വെല്ല അടിയും കിട്ടിയാ.,” അവനെന്റെ തല പിടിച്ചു കുനിച്ചു അങ്ങോട്ട് ഇങ്ങോട്ടും ഇളക്കി നോക്കി തുടർന്ന്
” ഇത്തിരിമുന്നേ വരെ, താരേ താരേ, എന്നും പറഞ്ഞു കാറിക്കൊണ്ടു നടന്ന ചെക്കനാ, ഇപ്പ ഒന്നും വേണ്ടാന്നേ., അവൾടെയാ ആ ചോന്ന ചുണ്ടോണ്ടു ഈ കവിളത്തു ഒരുമ്മ കിട്ടുമ്പോ ഈ പിരാന്തോക്കെ മാറിക്കോളും..” അവൻ പെട്ടെന്ന് ചിരിച്ചോണ്ട് പിന്നിലേയ്ക്ക് ആഞ്ഞു, ഞാൻ അവന്റെ നോട്ടം, ചിരിയും സഹിക്കാൻ പറ്റാതെ കീഴ്പോട്ടു നോക്കി, എന്റെ ഊരിപ്പോയ ചെരുപ്പെടുക്കാനായി കുനിഞ്ഞു
‘ടപ്പേ’ പെട്ടെന്നാണ് ഒരലർച്ചയോടെ ആ ശബ്ദം ഞാൻ കേട്ടത് , എന്താണ് സംഭവമെന്ന് എനിയ്ക്കു മനസിലാവുന്നതിനു മുന്നേ
” എന്റള്ളോ.. എന്റെ തലേ..” എന്ന് പറഞ്ഞു , പിന്നിലേയ്ക്ക് ആഞ്ഞ ഷമീറു അതേ വേഗത്തിൽ നിലവിളിച്ചുകൊണ്ട് താഴേയ്ക്ക് വീഴുന്നതാണ് ഞാൻ പിന്നെ കണ്ടത്, എനിയ്ക്കു എന്താണ് സംഭവിച്ചതെന്ന് പിന്നെയും ഒരു എത്തുംപിടിയും കിട്ടിയില്ല,
നിലത്തേക്ക് വീണ ഷമീര് പെട്ടെന്ന് കിടന്നുകൊണ്ട് ഒന്ന് വെട്ടി തിരിഞ്ഞു, തലയ്ക്കു കയ്യും കൊടുത്തു അവന് അനുവിനെ നോക്കി,