പെട്ടെന്ന് അനു ഇരുന്നിടത്തു നിന്നു എണീറ്റു , മെല്ലെ ബെഞ്ച് പിന്നോട്ട് മാറ്റി അവൾ പുറത്തിറങ്ങി, അവൾക്കിതു അസഹനീയമായി തോന്നി കാണണം, അവൾ വായിച്ചിരുന്ന ആ വലിയ പുസ്തകം, പെട്ടെന്ന് മടക്കി, അതും നെഞ്ചോടു ചേർത്ത് മെല്ലെ പുറത്തേയ്ക്കു പോവാന് ഭാവിച്ചു, അവളുടെ മുഖമാകെ ദേഷ്യംകൊണ്ട് പിന്നെയും ചുവന്നു തുടുത്തിരുന്നു
“അല്ല നീയി പോവാണോ അനു, നിക്ക് ഞങ്ങളും ഉണ്ട്..” ഷമീർ അനുവിനെ തടഞ്ഞുകൊണ്ട് പറഞ്ഞു.,
പെട്ടെന്ന് അനു നിന്നു, ഞാനും കൂടെ വരുമല്ലോ എന്ന് കരുതിയാവണം,
ഷമീർ വേഗം എന്റെ കയ്യിലേക്ക് ബലമായി പിടിച്ചെന്നെ വലിച്ചു, അത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഞാൻ പെട്ടെന്ന് മുന്നോട്ടായി ആഞ്ഞുപോയി ,
കീറിയ കോളർ മറച്ചുപിടിച്ചിരുന്ന എന്റെ കൈയും സ്ഥാനം തെറ്റി, അപ്പോഴാണ് ഷമീർ എന്റെ ഡ്രസ്സ് കീറിയത് കാണുന്നത്
” അല്ല ഇതെന്തു പറ്റി.? നീയി ഇതിനിടയിൽ ആരുമായി തല്ലുകൂടാൻ പോയെടാ പഹയാ..?” അവനെന്റെ കീറിയ കോളർ തിരിച്ചു മറിച്ചും നോക്കി ചോദിച്ചു
“അത് അത് പിന്നെ..” എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി, അപ്പോഴാണ് അവൻ എന്റെ മുഖത്തെ നാല് കൈവിരൽ പാടുകൾ ചുവന്നു തണർത്തു കിടക്കുന്നതു കണ്ടത്.! അവൻ പെട്ടെന്ന് എന്നെ പിന്നെയും ബെഞ്ചിലേയ്ക്കിരുത്തി, എന്റെ കവിളിൽ മെല്ലെ തടവി, അവന്റെ മുഖത്തും ദേഷ്യം കല്ലിച്ചു വന്നു
” ഏതു നാറിയാടാ, അന്നേ തല്ലിയത്, ഓന്റെ കൈ ഞാൻ തല്ലിയൊടിക്കും..” അവൻ പിന്നെയും എന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് ചോദിച്ചു
ഞാൻ എന്തു നുണ പറയുമെന്നറിയാതെ ഉരുകി, അനു പെട്ടെന്ന് എന്നെയും അവനെയും മാറി മാറി നോക്കികൊണ്ട് തിരിഞ്ഞു നിന്നു, അവളുടെ കണ്ണുകളിൽ പിന്നെയും ആ പഴയ ഭീതി നിഴലാടി
” ആ അതുപിന്നെ, ഞാൻ വരണ വഴി ആ 10സി ലെ അനീഷുമായി ചെറിയൊരു കശപിശ ഉണ്ടായി, നീയിതു കാര്യമാക്കണ്ട, ഞാനവന് നല്ലോണം കൊടുത്തിട്ടുണ്ട്..” ഞാൻ പെട്ടെന്ന് മനസ്സിൽ തോന്നിയ കള്ളം തട്ടിവിട്ടു