കരയണമെന്നുണ്ട് പക്ഷെ കരച്ചിൽ പുറത്തേയ്ക്കു വരുന്നില്ല, തലയാകെ പെരുക്കുന്നു,
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അമ്മയുടെ മാറിലേക്ക് ഒരു മരപ്പാവ കണക്കെ കിടന്നു
” അച്ഛൻ ഇപ്പൊ വരും, അച്ഛന്റെ കൂട്ടുകാരനാണ് അനുവിന്റെ അച്ഛൻ രംഗനാഥൻ അങ്കിൾ, അച്ഛൻ ഹോസ്പിറ്റലിൽ പോവുന്നുണ്ട്, ഞങ്ങളും എല്ലാരും പോവുന്നുണ്ട്, സീരിയസൊന്നും ഇല്ലാന്നാ പറഞ്ഞേ , മോൻ വരുന്നുണ്ടോ..!”
അമ്മ എന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു
ഞാൻ പെട്ടെന്ന് ഒര്കക്ഷരം മിണ്ടാതെ അമ്മയെ തള്ളി മാറ്റി ,
കട്ടിലിൽ നിന്ന് ഇറങ്ങി ,
ഞാൻ ഇടയ്ക്കു വേച്ചു പോയപ്പോൾ എന്റെ ചേച്ചി പിടിക്കാൻ വന്നു,
ഞാൻ അവളുടെ കൈ തട്ടി മാറ്റി ,
ഞാൻ വേഗം ഒരു യന്ത്രം കണക്കെ എന്റെ ഡ്രെസ്സെല്ലാം എടുത്തിട്ടു,
ഞാൻ എന്തെക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ,
ഞാൻ ഡ്രെസ്സെല്ലാം ഇട്ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ ഒരു കാറുമായി വന്നു ,
അമ്മയും ചേച്ചിയും നേരത്തെ ഡ്രെസ്സെല്ലാം മാറ്റിയിരുന്നു,
അച്ഛൻ വന്ന പാടെ ഞാൻ ഒന്നും മിണ്ടാതെ പോയി കാറിന്റെ മുൻസീറ്റിൽ ഇരുന്നു,
ഞാൻ എന്തെക്കെയോ പിറുപിറുത്തുകൊണ്ടേ ഇരുന്നു,
ഇത് കണ്ടു എന്റെ ചേച്ചി പെട്ടെന്ന് പൊട്ടി കരഞ്ഞു , ‘അമ്മ അവളെ ശാസിച്ചു, ഞാൻ കാറിന്റെ വിൻഡോയിലൂടെ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു, അച്ഛൻ വന്നു എന്റെ അടുത്തിരുന്നു,
അമ്മയും ചേച്ചിയും പുറകിലായി ഇരുന്നു, കാർ അതിവേഗം ഹോസ്പിറ്റലിലേക്ക് പാഞ്ഞു,
അച്ഛൻ മെല്ലെ എന്റെ തലയിൽ തടവി, ആദ്യമായാണ് അച്ഛൻ അങ്ങനെ ചെയ്യുന്നത്,
ഞാൻ പുറത്തേയ്ക്കു തലയുമിട്ടു അങ്ങനെ ഇരുന്നു,
എനിയ്ക്കു സത്യത്തിൽ തലയ്ക്കാകെ ഒരു പെരുപ്പായിരുന്നു,
പത്തു മിനിറ്റുകൊണ്ട് കാർ ഹോസ്പിറ്റലിൽ എത്തി, വണ്ടി നിർത്തിയ ഉടനെ ഞാൻ ഒരു വെറിളി പിടിച്ചവനെ പോലെ ഹോസ്പിറ്റലിന്റെ ഉള്ളിലേയ്ക്ക് ഓടി, അച്ഛനും അമ്മയും എന്റെ പുറകെയും, താഴെ റിസപ്ഷനിൽ എന്റെ കൂട്ടുകാരും, ഷമീറും, ടീച്ചർമാരും നിൽപ്പുണ്ടായിരുന്നു ,
ഞാൻ ഷമീറിനെ നോക്കി , അവനാകെ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ നോക്കി,
” അനു എവിടാ .” ഞാൻ ആ വാർത്ത കേട്ട് കഴിഞ്ഞു ആദ്യമായി വായ തുറന്നതു അപ്പോഴാണ്
” ഐ.സി.യു , ഒന്നാം നിലയിലാ..!” അവൻ എന്റെ ഭാവമില്ലായ്മ്മ കണ്ടു പേടിച്ചു പറഞ്ഞു,
ഞാൻ അവനെ തള്ളി മാറ്റി അങ്ങോട്ടേയ്ക്ക് ഓടി , മുറിയുടെ പുറത്തു അവളുടെ അമ്മയും അച്ഛനും ചേച്ചിയും കരഞ്ഞുകൊണ്ടു നിൽപ്പുണ്ട്, പിന്നെ കുറച്ചു ടീച്ചർമാരും,
പടികൾ ഓടിക്കയറി എത്തിയ ഞാൻ ഒരു മൂലയിലുള്ള ഐ.സി.യു കണ്ടു അൽപനേരം നിന്നു,
എനിയ്ക്കു പെട്ടെന്ന് എന്റെ തലയിലെ പെരുപ്പെല്ലാം ഒരു വേദന പോലെ കണ്ണിലേക്കു വന്നു ,
ആ വേദന അറിയാതെ എന്റെ തൊണ്ടയിൽ നിന്ന് പുറത്തു ചാടി