” ആ സത്യം, വാ ഇനി വന്നു സൈക്കിളിൽ കയറു..!” ഞാൻ അവളെ പിന്നെയും പിടിച്ചു സൈക്കിളിൽ ഇരുത്തി
അവൾ ഒരു കൊച്ചുകുട്ടിയെപോലെ പിന്നെയും സൈക്കിളിന്റെ പുറകെ വന്നിരുന്നു
ഞാൻ മെല്ലെ സൈക്കിൾ ചവിട്ടി നീങ്ങി, മഴയും ആ തണുത്ത കാറ്റും പിന്നെയും എന്നെയും അനുവിനെയും തഴുകികൊണ്ട്, എങ്ങോ ഓടിമറഞ്ഞു,
എന്റെ പുറകിൽ എന്നെ ശക്തിയായി കെട്ടിപ്പിച്ചുകൊടണ്ടു അനു ഇരുന്നിരുന്നു, അവൾ അവളുടെ തല എന്റെ പുറത്തായി ചാരിയാണ് വെച്ചിരുന്നത്
“സുനി…” അവൾ മെല്ലെയെന്നെ വിളിച്ചു
“എന്താടി വട്ടീ..” ഞാൻ സൈക്കിൾ ചവിട്ടലിൽ ശ്രദ്ധിച്ചു കൊണ്ടു വിളികേട്ടു
“എടാ നീ അന്ന് ഞാൻ താരയുടെ വീട്ടിൽ വെച്ച് ചോദിച്ചതിന് മറുപടി തന്നില്ലാല്ലോ..!”
“ആഹ്, ആ ചോദ്യമല്ലേ, അതിനു സമയമാവുമ്പോൾ ഞാൻ മറുപടി നൽകികോളാം.!” ഞാൻ മനപ്പൂർവം അവളെ ശുണ്ഠികയറ്റാനായി പറഞ്ഞു
” ഹ്മ്മ് മതി, ഞാൻ നിനക്കായി ഒരു സമ്മാനം കരുതി വെച്ചട്ടുണ്ട്, അത് തരുമ്പോൾ നീ പറഞ്ഞാൽ മതി.!” അവൾ പിന്നെയും എന്നെ അമർത്തി പിടിച്ചു
” എന്ത് സമ്മാനം .”
” അതും സമയമാവുമ്പോൾ തരാം..!” അവൾ ഒരു കൊച്ചുകുട്ടിയെ പോലെ ചിരിച്ചു, ഈ മഴയത്തു അവളുടെ ചിരി എനിക്ക് മുത്തുമണികളുടെ ഇടയിലുള്ള വൈരം പോലെ തോന്നിച്ചു
” ആയിക്കോട്ടെ …!”
ഞാൻ സൈക്കിൾ ചവിട്ടിക്കൊണ്ടേ ഇരുന്നു,
ചവിട്ടി ചവിട്ടി സൈക്കിൾ എന്റെ വീടിന്റെ അടുത്ത് എത്തിയിരുന്നു, എന്നെയും കാത്തു എന്റെ ചേച്ചി ഒരു കുടയുമായി പുറത്തു തന്നെ നില്പുണ്ടായിരുന്നു,
ഈ മഴയത്തു സൈക്കിളും ചവിട്ടി കെട്ടിപിടിച്ചു വരുന്ന എന്നെയും അവളെയും കണ്ടു അവൾ ചിരിച്ചു, അവളെ കണ്ടപ്പോൾ ഞാൻ വേഗം സൈക്കിൾ നിർത്തി ഇറങ്ങി
പെട്ടെന്ന് എന്താ സംഭവിച്ചതെന്ന് മനസിലാവാതെ അനു സ്വപ്നലോകത്തു നിന്നു ഞെട്ടിയെണീറ്റു, പെട്ടെന്ന് ചേച്ചിയെ കണ്ടപ്പോൾ അവളും ചമ്മി
” ആഹാ ഈ മഴയത്തു, രണ്ടും കൂടി കെട്ടിപിടിച്ചിതു എങ്ങോട്ടാ.?” അവൾ കളിയെന്നോണം ചോദിച്ചു
ഞാൻ ഒരു വളിച്ച ചിരി മാത്രം ചിരിച്ചു, ചേച്ചിയെ നോക്കാനുള്ള മടി കാരണം അനുവിന് എത്രയും പെട്ടെന്ന് അവിടുന്ന് പോയാൽ മതിയെന്നായിരുന്നു