ഞാൻ അവനെ വിട്ട് അനുവിനെ നോക്കി അവൾ ആകെ സന്തോഷവതിയായി എനിയ്ക്കു കാണപ്പെട്ടു,
ടീച്ചർ വേഗം ഓരോ വസ്തുക്കൾ തിരിച്ചു തിരിച്ചെടുത്തു, ടീച്ചർ എന്നെ അടുത്തേയ്ക്കു വിളിച്ചു ഒരു ഷാളും മരംകൊണ്ടുണ്ടാക്കിയ ഒരു വാളും എനിയ്ക്കു തന്നു, പിന്നീട് ആ ഷാൾ എങ്ങനെയാണ് രാജാപ്പാട്ടു സ്റ്റൈലിൽ ഇടണ്ടേയെന്നു കാണിച്ചു തന്നു,
പിന്നെ ടീച്ചർ കുറെ ഷാളെല്ലാം അനുവിനെയും പരിവാരങ്ങയിലും വിളിച്ചു ഉടുപ്പിച്ചു, എല്ലാവരുടെയും കയ്യിലേക്ക് ഓരോ കുടവും കൊടുത്തു,
തനിയ്ക്ക് കിട്ടിയ കുടം തിരിച്ചും മറിച്ചും നോക്കുന്ന അനുവിനെ കണ്ടപ്പോൾ എനിയ്ക്കു പെട്ടെന്ന് ഷമീർ പറഞ്ഞ കാര്യം ഓര്മവന്നു, അറിയാതെ ചിരിപൊട്ടി.!
ടീച്ചർ പിന്നെ ഷമീറിനെയും, അഭിരാമിയെയും അടുത്തേയ്ക്കു വിളിച്ചു,
” ഷമീറെ നീയാണ് ദുർവാസാവ്, അഭി നീ കണ്വയ മഹർഷിയും,!” ടീച്ചർ ഇതും പറഞ്ഞു ആ മരദണ്ഡും മൊന്തപോലത്തെ പാത്രവും അവരെ ഏൽപ്പിച്ചു
ഷമീർ പെട്ടെന്ന് അഭിയെ നോക്കി ഒരു പ്രത്യേക ചിരിച്ചിരിച്ചു, എനിയ്ക്കു അവന്റെ ചിരിയുടെ അർഥം പെട്ടെന്ന് തന്നെ മനസ്സിലായി
” അല്ല ടീച്ചറെ എനിക്കൊരു ഡൌട്ട്, ഈ മഹർഷിമാരെല്ലാം മുണ്ടു മാത്രല്ലേ ഉടുക്കുള്ളു,.!” അവൻ പിന്നെയും അഭിരാമിയെ നോക്കി ആ ചിരി ചിരിച്ചു, അഭിയുടെ മുഖം പെട്ടെന്ന് മാറി, അവളും അത് അപ്പോഴാവണം ഓർത്തത് , അവളും ഒരു ചോദ്യഭാവത്തോടെ ടീച്ചറെ നോക്കി
ടീച്ചർ മെല്ലെയൊന്നു ചിരിച്ചു
” എന്റെ പൊന്നു അഭിയെ നീ പേടിക്കണ്ട, നിനക്കിടാൻ വേറെ കോസ്റ്റും ഉണ്ട്, കണ്വയ മഹര്ഷിയും ശകുന്തളയും സ്നേഹാർത്തമായി അടുത്തിടപഴകുന്ന ഒന്ന് രണ്ടു സീനുകൾ ഉണ്ട് അതാണ്,
മഹർഷിയെയും പെണ്ണാക്കിയത്,
കഴിഞ്ഞ വർഷം ഇതേ നാടകത്തിനു ഇതുകാരണം പി.ടി.എ ക്കാർ ഉണ്ടാക്കിയ പൊല്ലാപ്പുകൾ ഉണ്ടല്ലോ, കാര്യം നിങ്ങള് ചെറിയ പിള്ളേരാണെന്നു എനിക്കറിയാം, പക്ഷെ സദാചാരവും പൊക്കി പിടിച്ചോണ്ട് ചില ഊപ്പകൾ വരും, അവരുടെ വായടപ്പിക്കാനാ ഇങ്ങൊനൊരു സെറ്റപ്പ്.!
എന്നാലും എന്റെ ഷമീർ മഹർഷി ബാക്കി എന്തൊക്കെ ഉണ്ടായിട്ടും നിന്റെ സംശയം പോയ പോക്കെ, എനിക്കിപ്പോ പി.ടി.എ കാരേയും കുറ്റം പറയാൻ പറ്റില്ലാന്ന് തോന്നണുണ്ടേ..!”
ടീച്ചർ ഇതും പറഞ്ഞു പിന്നെയും ചിരിച്ചു
തനിയ്ക്ക് കിട്ടിയ സാധനങ്ങൾ ഒന്നുകൂടി നോക്കി ഷമീർ
“ടീച്ചറെ ഈ മരക്കോല് എന്തിനാണെന്ന് മനസിലായി, ഈ മൊന്ത എന്തിനുള്ളതാ.!” അവൻ കൈയ്യിൽ കിട്ടിയ പാത്രം പിന്നെയും നോക്കിക്കൊണ്ടു ചോദിച്ചു
” എടാ അത് മൊന്തയല്ല, കമണ്ഡലുവാണ്, നീ ശകുന്തളയെ ശപിക്കുന്നതു ഇതിലെ വെള്ളം തളിച്ചാണ്.!” ടീച്ചർ പെട്ടെന്ന് അവനെ തിരുത്തി
“കമ.. എന്തോന്ന്.? മൊന്ത.! അതുമതി, ചുമ്മാ വായിലും കൊള്ളാത്തപേരുമായി രാവിലെതന്നെ വന്നേക്കാണ് .!” അവൻ സ്വയമെന്നോണം പറഞ്ഞു, ടീച്ചർ അതുകേട്ടു അറിയാതെ ചിരിച്ചുപോയി, ഞങ്ങളും അതിൽ പങ്കുചേർന്നു
സാധനമെല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ തന്നെ ടീച്ചർ ഞങ്ങളോട് നാടകത്തിന്റെ സാഹചര്യങ്ങൾ വിവരിച്ചു തുടങ്ങി,
നാടകം തുടങ്ങുന്നത് , ഒരു അശരീരിയിലൂടെ ആണ്,
ശകുന്തള കണ്വയ മഹർഷിക്ക് ലഭിക്കുന്നതാണ് , അതിനെ ചുറ്റിപ്പറ്റിയും ശകുന്തളയുടെ കുട്ടികാലത്തെകുറിച്ചുമുള്ള ഒരു ഒരുമിനിറ്റുള്ള അശരീരി,