മനപ്പൂർവ്വമല്ലാതെ 2

Posted by

” ആ എന്നാൽ ഞാനൊരു കാര്യം പറയാം, നമ്മുടെ താര ഇന്നലെ വന്നെന്നെ കണ്ടായിരുന്നു, അവൾക്കു ഭാരതനാട്യത്തിന്റെയും, പിന്നെയും ഒന്നുരണ്ടു ഗ്രൂപ്പ് പരിപാടിയും ഉള്ളതുകൊണ്ട്, അവൾക്കു ശകുന്തള ആവാൻ പറ്റില്ലെന്നാണ് പറഞ്ഞത്, ഡയലോഗുകൾ ഒരുപാടുണ്ടത്രെ.! ഞാനതു കൊണ്ട് വേറെ ഒരാളെ തിരഞ്ഞെടുക്കാൻ പോവാണ്, ആർകെങ്കിലും താല്പര്യമുണ്ടെങ്കിൽ ഇപ്പൊ പറയണം..!”

 

എന്റെ മനസ് പെട്ടെന്ന് പൊട്ടി തെറിച്ചു, ദൈവമേ  അങ്ങ് ഇത്ര പെട്ടെന്ന് കാര്യങ്ങൾ തിരിക്കുമെന്നു ഞാൻ കരുതിയില്ല, എനിയ്ക്കു അനുവിന്റെ പേര് പറയണമെന്നുണ്ട് പക്ഷെ എങ്ങനെ തുടങ്ങണമെന്ന് ഒരു പിടിയുമില്ല.

ഞങ്ങൾ ആരും മിണ്ടാത്തത് കണ്ടപ്പോൾ ടീച്ചർ തന്നെ പിന്നെയും തുടർന്നു

 

” ആ എന്ന ഞാൻ തന്നെ തിരഞ്ഞെടുക്കാം, ഹസ്ന ആയാലെന്താ.!” ടീച്ചർ പെട്ടെന്ന് എല്ലാവരോടും പറഞ്ഞു

 

ഞാൻ പിന്നെയും ഞെട്ടി, ഇത് പിന്നെയും കൈവിട്ടു പോവണല്ലോ എന്റെ ദൈവമേ..

 

” ടീച്ചറെ ഹസ്നെയേക്കാൾ നല്ലതു അനുവാണെന്ന എന്റെ ഒരു ഇത്, ഓള് ഇന്നലേം കൂടി എന്നോട് പറഞ്ഞതെ ഉള്ളു, ഓളാവുമ്പോ ഡയലോഗെല്ലാം ഒരുവട്ടം പഠിച്ചുംകൂടി കഴിഞ്ഞതല്ലേ.!” എന്നെ ഞെട്ടിച്ചു കൊണ്ട് ഷമീർ പെട്ടെന്ന് ഇടയ്ക്കു കയറി പറഞ്ഞു.

 

ടീച്ചർ പെട്ടെന്ന് അനുവിനെ മുന്നിലേയ്ക്ക് വിളിച്ചു നിർത്തി

 

” എന്താ അനുവേ സമ്മതമാണോ, അല്ല നിനക്കും ഡാൻസ് പ്രാക്ടീസ് ഉള്ളതല്ലേ.?” ടീച്ചർ പെട്ടെന്ന് അവളോട് ചോദിച്ചു

 

” എനിയ്ക്കു കുഴപ്പമൊന്നുമില്ല ടീച്ചർ, എനിയ്ക്കു ആകെ ഒരു പരിപാടിയെ ഉള്ളു, അതിന്റെ പ്രാക്റ്റീസൊക്കെ നേരത്തെ കഴിഞ്ഞതാണ്, ഞാൻ ഡയലോഗെല്ലാം ഒരുവട്ടം നോക്കിയതും കൂടെയാണ്..” അവളുടെ കണ്ണുകളിലെ തിളക്കം എന്നെയും അത്ബുധപെടുത്തി

 

” ആ എന്നാൽ ആ പ്രശ്നം അങ്ങനെ തീർന്നു, അപ്പൊ താര അനസൂയ, എല്ലാം ഓക്കേ..!” ടീച്ചർ പിന്നീട് തിരിഞ്ഞു കൊണ്ടുവന്ന സാധനങ്ങളെല്ലാം ഒന്നുകൂടി തിട്ടപ്പെടുത്തി

എനിയ്ക്കു ഷമീറിനോട് അടക്കാനാവാത്ത സ്നേഹം തോന്നി ഞാൻ അവനെ പെട്ടെന്ന് കെട്ടിപിടിച്ചു

 

” എന്നാലും അളിയാ, നിനക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടെന്നു ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല ., നീ മുത്താണട, എനിയ്ക്കും അവൾക്കും വേണ്ടി , ശൊ .!” ഞാൻ പിന്നെയും  അവനെ ഇറുകെ  കെട്ടിപിടിച്ചു

 

“ഹ്മ് സ്നേഹം ഒലക്ക.!, അനക്കറിയാൻ പാടില്ല എന്ത് പാടുപെട്ടാണ് ഞാനാ ഹസ്നയെ വളച്ചെടുത്തതെന്നു അറിയോ.?

ഇനി അവളെങ്ങാനും അന്റെ ശകുന്തള ആയാൽ, എന്റെ പൊന്നു സുനി, ഇയ്യാ മൺകുടങ്ങൾ കണ്ട, അതിലൊരെണ്ണം അന്റെ അനുവിന്റെ കയ്യിൽ ടീച്ചര് എപ്പഴേലും കൊടുക്കും,

നീയും ഹസ്നയും സ്നേഹിച്ചു അഭിനയിക്കണത് കാണുമ്പോൾ, ആ വട്ടുണ്ടല്ലോ ചെലപ്പോ, അല്ല ചെലപ്പോഴല്ല ഉറപ്പായും ആ കുടമെടുത്തു എന്റെ പെണ്ണിന്റെ തലയിൽ ഇടും, എനിയ്ക്കുറപ്പാ, ഞാൻ ഓളോടുള്ള സ്നേഹം കൊണ്ട അപ്പൊ അങ്ങനെ പറഞ്ഞത്  അല്ലാണ്ട് നിന്നോടും അവളോടുമുള്ള സ്നേഹംകൊണ്ടൊന്നുമല്ല, ആ കൊടമെങ്ങാനും എന്റെ ഹസ്നുവിന്റെ തലയിലുരുന്ന എന്റെ അള്ളോ, ഓർക്കാൻ കൂടി വയ്യാ.!”

അവൻ അതും പറഞ്ഞു എന്നെ  തള്ളിമാറ്റി

അവന്റെ സന്ദേഹം അസ്ഥാനത്തല്ല എന്ന് എനിയ്ക്കും തോന്നി.!

Leave a Reply

Your email address will not be published. Required fields are marked *