ഞാൻ തപ്പി പിടിച്ചു സംസ്കൃതം സെക്ഷനിലെത്തി ഒരു വലിയ മുറിയുടെ ഇരുവശമായി നിരയിൽ കുറെ അലമാരകൾ , അവിടമാകെ പഴയ ബുക്കുകളുടെ മണം തങ്ങിനിന്നിരുന്നു , ഇവിടെ നിന്ന് മുൻവശത്തേയ്ക്കു ഉറക്കെയൊന്ന് വിളിച്ചാൽ പോലും ആരും കേൾക്കില്ലലോ എന്റെ ദൈവമേ എന്ന് എനിക്ക് തോന്നി, ഈയൊരു മൂകത എനിക്ക് വല്ലാത്തൊരു ഭയം നൽകി
ഞാനപ്പോഴാണ് നിരത്തി ഇട്ടേക്കുന്ന കുറെ ബെഞ്ചുകളുടെ പുറകിലായി അനു ഇരിക്കുന്നത് ശ്രെദ്ധിച്ചതു, അവൾ ഏതോ പുസ്തകം മേശയിൽ വെച്ച് വളരെ ശ്രെദ്ധയൊടെ വായിക്കുകയാണ്,
സത്യത്തിൽ എനിക്ക് വേറൊരു അവസരത്തിൽ അവളോട് സംസാരിക്കാൻ പോയിട്ട് അടുത്ത് പോവാൻ തന്നെ താല്പര്യം തോന്നില്ല പക്ഷേ ഈ ഭീകര മൂകതയുള്ള സ്ഥലത്തു എനിക്ക് വേറെ വഴികളൊന്നും തോന്നിയില്ല,
അതുമാത്രമല്ല ഈ സാഗരം പോലെ കിടക്കുന്ന ബുക്കുകളുടെ ഇടയിൽ നിന്ന് ഞാൻ എനിക്കുവേണ്ട അഭിജ്ഞാനശാകുന്തളം എങ്ങനെ തപ്പിയെടുക്കാൻ?
സ്വതവേ പുസ്തക പുഴുവായ അവൾക്കു അത് എളുപ്പം സാധിക്കുമെന്ന് എനിക്ക് തോന്നി, ഞാൻ മെല്ലെ നടന്നു അവളുടെ അടുത്തെത്തി, അവൾ ഞാൻ വന്നതുപോലും അറിയാതെ ഭയങ്കര വായനയിൽ മുഴുകിയിരിക്കാണ്, ഞാൻ മെല്ലെ മുരടനക്കി , എന്റെ ശബ്‍ദം കേട്ടാട്ടോ എന്തോ അവൾ പെട്ടെന്ന് ഞെട്ടിയെണീറ്റു
ഞാനപ്പോഴാണ് അവളുടെ കണ്ണുകൾ ശ്രെദ്ധിച്ചതു, കണ്മഷിയിട്ട ആ കണ്ണുകൾ നിറഞ്ഞിരുന്നു, ഒന്നുരണ്ടു തവണ തുടച്ചിരുന്നതുകൊണ്ടോ എന്തോ അവളുടെ കണ്മഷി ചെറുതായി പടർന്നിരുന്നു, അവളുടെ ആ ഭാവം കണ്ടപ്പോൾ എനിക്ക് അവളോട് തോന്നിയ ദേഷ്യം പെട്ടെന്ന് സഹതാപത്തിലേക്കു വഴിമാറി
” എന്ത് പറ്റി അനു., നീയെന്തിനാ കരയുന്നേ.?” ഞാൻ മെല്ലെ അവളുടെ അരികിലായി ബെഞ്ചിലിരുന്നുകൊണ്ടു ചോദിച്ചു, എന്നെ പെട്ടെന്ന് അവിടെ പ്രേതീക്ഷിക്കാത്തപോലെ എന്തോ അനു എന്നെ തന്നെ നോക്കി കുറച്ചു നേരം ഇരുന്നു , പെട്ടെന്ന് അവൾ മുഖം വെട്ടിച്ചു എന്നിൽ നിന്നും കുറച്ചുകൂടെ നിരങ്ങി മാറിയിരുന്നു
എനിക്കവളുടെ പെട്ടെന്നുള്ള ആ പെരുമാറ്റം അത്ഭുതം നൽകി, ഞാൻ കാര്യം മനസിലാവാതെ അവളെ നോക്കി അവൾ ഒന്നും മിണ്ടാതെ കീഴ്പോട്ടു നോക്കി ഇരിക്കുകയാരുന്നു