“ആര്? അഥവാ വന്നാല്‍ ഈ പൂക്കുല എന്തിനിവിടെ ഇടണം? നിങ്ങള്‍ വേഗം പോയി നോക്ക്..നമ്മുടെ വീണു കിടക്കുന്ന തെങ്ങില്‍ നിന്നും ആരെങ്കിലും പൂക്കുല എടുത്തിട്ടുണ്ടോ എന്ന്..” ബലരാമന്‍ ചെറിയ ഭയത്തോടെ പറഞ്ഞു.
“ഞാന്‍ നോക്കിയിട്ട് വരാം..” സഹദേവന്‍ വേഗം അതിരിലൂടെ തങ്ങളുടെ പറമ്പിലേക്ക് കയറി.
“എന്താ ഏട്ടാ..ഏട്ടന് വല്ല സംശയവും?” മാധവന്‍ ജ്യേഷ്ഠന്റെ മുഖഭാവം കണ്ടു ചോദിച്ചു.
“ഉം..കുട്ടികള്‍ എന്തോ കണ്ടു ഭയന്നതാണ്..അതും ഇവളും തമ്മില്‍ വല്ല ബന്ധവും കാണുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..ഈ പൂക്കുല നമ്മുടെ തെങ്ങില്‍ നിന്നും ആണെങ്കില്‍, നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു..”
ബലരാമന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അനുജന്മാരുടെ കണ്ണിലും ഭീതി നിഴലിച്ചു. സഹദേവന്‍ തിടുക്കപ്പെട്ടു വരുന്നത് അവര്‍ കണ്ടു.
“ഏട്ടാ..ആ തെങ്ങിന്റെ ഏറ്റവും മുകളിലുള്ള പൂക്കുല ആരോ പിഴുതെടുത്തത് പോലെ തോന്നുന്നു..അതിന്റെ മോടം തുറന്ന് കിടപ്പുണ്ട്..പക്ഷെ പൂക്കുല ഇല്ല..” അവന്റെ ശബ്ദം വിറച്ചിരുന്നു.
ബലരാമന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. അയാളുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നത് അനുജന്മാര്‍ കണ്ടു. അവരുടെ ഉള്ളിലും ഭയം വിത്തുകള്‍ പാകിക്കഴിഞ്ഞിരുന്നു. അയാള്‍ വീണ്ടും ആ പൂക്കുലയിലേക്ക് നോക്കി. പിന്നെ ഒരക്ഷരം ഉരിയാടാതെ തിരിച്ചു നടന്നു. പിന്നാലെ അനുജന്മാരും.
“കുട്ടികള്‍ എഴുന്നേറ്റ് ചായ കുടിച്ചു..” അവര്‍ ചെന്നപ്പോള്‍ ബലരാമന്റെ ഭാര്യ രാധമ്മ പറഞ്ഞു.
“വാ..അവരെ കണ്ടിട്ട് വരാം..” വേഗം പടികള്‍ക്ക് നേരെ നടന്നുകൊണ്ട് ബലരാമന്‍ പറഞ്ഞു.
അവര്‍ ചെല്ലുമ്പോള്‍ ശ്രീലക്ഷ്മിയും രോഹിണിയും കട്ടിലില്‍ ഇരിക്കുകയാണ്. ബാക്കി ഉള്ളവര്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
“നിങ്ങളൊക്കെ പുറത്ത് പോ..” കാര്‍ത്തികേയന്‍ മറ്റുള്ളവരോട് പറഞ്ഞു. അവര്‍ മെല്ലെ മുറിയില്‍ നിന്നും പോയി. ഭീതിയോടെ തങ്ങളെ നോക്കുന്ന കുട്ടികളുടെ അടുത്തേക്ക് അവര്‍ ചെന്നു.
“മക്കളെ..എന്താണ് സംഭവിച്ചത്? നിങ്ങള്‍ വല്ലതും കണ്ടു ഭയന്നോ ഇന്നലെ രാത്രി?”
അവരുടെ അരികില്‍ ഇരുന്നു ബലരാമന്‍ ചോദിച്ചു. രോഹിണിയും ശ്രീലക്ഷ്മിയും പരസ്പരം കണ്ണുകളിലേക്ക് നോക്കി. പിന്നെ അവര്‍ തങ്ങള്‍ കണ്ടത് അതേപടി അവരോട് പറഞ്ഞു. തീഗോളം പനയുടെ മേല്‍ വന്നു നിന്നതും തെങ്ങ് കടപുഴകി വീണതും തുടര്‍ന്ന് അവര്‍ ബോധംകെട്ടു വീണതും കേട്ടപ്പോള്‍ ബലരാമന്റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞു. പക്ഷെ തന്റെ ഭയം കുട്ടികള്‍ അറിയാതിരിക്കാന്‍ അയാള്‍ പണിപ്പെട്ട് ഒരു പുഞ്ചിരി വരുത്തി.