“അത് പിന്നെ ആന്‍റി.. ” കുഞ്ഞ നിര്‍ത്തി തിരിഞ്ഞു എന്നെ നോക്കി..
“കുട്ടന്‍ ക്ലാസ്സില്‍ പൊയ്ക്കോളൂ കുഞ്ഞ ടീച്ചറോട് ഒന്നു പറഞ്ഞിട്ടു പോയേക്കാം..” കുഞ്ഞ പറഞ്ഞു..
എനിക്കാകെ പേടിയായി.. വെളുക്കാന്‍ തേച്ചത് പാണ്ടാവുമോ.. കുഞ്ഞ ടീച്ചറോടു എന്തേലും പറയുമോ.. ഞാന്‍ മെല്ലെ ക്ലാസ്സിലേക്ക് നടന്നു..
ഉച്ച കഴിഞ്ഞു ക്ലാസ്സില്‍ രമ ടീച്ചര്‍ വന്നു.. വന്ന പാടെ എന്‍റെ അടുത്തേക്ക് വന്നു..
“കുട്ടാ.. വേറെ കാര്യങ്ങള്‍ ഒന്നും ഓര്‍ത്തു പഠിക്കുന്ന സമയം കളയരുത് കേട്ടോ..” അല്‍പം സ്നേഹം ആ വാക്കുകളില്‍..? കുട്ടാ എന്ന് വിളിക്കുന്നൂ.. എനിക്കു എന്തോ പന്തികേടു തോന്നി..
ക്ലാസ്സ് കഴിഞ്ഞു പോവും മുന്‍പേ ടീച്ചര്‍ എന്‍റെ അടുത്തേക്ക് പിന്നെയും വന്നു.. പക്ഷെ നോട്ടം എന്‍റെ കൂട്ടുകാരുടെ നേരെ ആയിരുന്നു..
“ദേ, എല്ലാവരോടും ആയി പറയുകയാ.. അതുമിതും പറഞ്ഞു മറ്റുള്ള കുട്ടികളെ കളിയാക്കുകയോ മറ്റോ ചെയ്താല്‍ ഉണ്ടല്ലോ, വെച്ചേക്കില്ല ഒന്നിനെയും സ്കൂളില്‍.. ഓര്‍ത്തോ..”
എന്റീശ്വരാ.. ടീച്ചറുടെ സ്വഭാവവും ദേഷ്യവും എല്ലാര്ക്കും അറിയാവുന്ന കൊണ്ടു എല്ലാരും കുനിഞ്ഞു ഇരുന്നതെ ഉള്ളൂ.. പൊതുവേ പറഞ്ഞ ഒരു കര്യമായെ എല്ലാരും അതിനെ കരുതിയുള്ളൂ..
പക്ഷെ എനിക്കു കാര്യം പിടികിട്ടി.. ദൈവമേ.. കുഞ്ഞ എന്നെ പിള്ളേര്‍ കളിയാക്കുന്ന കാര്യം ടീച്ചറോടു പറഞ്ഞു.. എനിക്കു തല ചുറ്റും പോലെ തോന്നി..
ഈശ്വരാ ഇനി എന്ത് ചെയ്യും..
“കുട്ടന്‍ ഒന്നിങ്ങു വന്നെ..” ദേ എന്നെ വിളിക്കുന്നു.. ഞാന്‍ പേടിച്ചു പേടിച്ചു അടുത്തേക്ക് ചെന്നു..
“ആരും പറയുന്നത് ഒന്നും ശ്രദ്ധിക്കണ്ട.. മോന്‍ പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.. ഞായറാഴ്ചകളില്‍ നിനക്ക് കുറച്ചു ഫിസിക്സ് പോഷന്‍സ് കവര്‍ ചെയ്യാന്‍ വീട്ടിലേക്കു അയക്കാന്‍ ഞാന്‍ നിന്‍റെ കുഞ്ഞയോട് പറഞ്ഞിട്ടുണ്ട്.. മം.. പോയിരുന്നോ..” ടീച്ചര്‍ എന്നെ നോക്കി മന്ദഹസിച്ചു.. ഞാന്‍ ഇന്നേ വരെ ടീച്ചര്‍ പുഞ്ചിരിച്ചു കണ്ടിട്ടില്ല.. എങ്കിലും എനിക്കു തല കറങ്ങുന്ന പോലെ തോന്നി..
വൈകീട്ട് വീട്ടിലേക്കു പോവുമ്പോ എന്‍റെ തല മുഴുവന്‍ ഇനി എങ്ങിനെ ടീച്ചറുടെ മുഖത്ത് നോക്കും എന്ന പേടിയായിരുന്നു..
— തുടരും —