ഈ മരം കോച്ചുന്ന തണുപ്പിൽ തേയിലച്ചെടികളും തണുത്ത് വിറയ്ക്കുകയാവുമെന്ന് രാധികയ്ക്ക് തോന്നി. റോഡരികിലൂടെ തണുപ്പിനെ വകവയ്ക്കാതെ നടന്നു നീങ്ങുന്ന ഒരു പറ്റം തൊഴിലാളികളെ അവൾ കണ്ടു. മിക്കവരും തമിഴരാണ്. കാർ മെല്ലെ മൂന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
രാധിക തന്റെ ഷാൾ ഒന്നു കൂടി ദേഹത്തേയ്ക്ക് വലിച്ചടുപ്പിച്ചു. എന്നിട്ട് അമ്മയുടെ തോളിലേയ്ക്ക് മെല്ലെ മുഖം ചായ്ച്ച് ഇരുന്നു. ഈ സമയം വസുന്ധര തന്റെ മോളെ ശരീരത്തോട് ചേർത്തമർത്തിപ്പിടിച്ചു.
അമ്മയുടെ ശരീരത്തിൽ നിന്നും ഉയർന്ന വിയർപ്പിന്റെ ഗന്ധം രാധികയുടെ മുക്കിൽ വന്ന് തട്ടി. അമ്മയുടെ കൈകളുടെ മൃദുലത അവൾക്ക് സുഖം പകർന്നു.
മധ്യവയസ്സോടടുത്തിട്ടും എന്തൊരു മൃദുലതയാണ് അമ്മയുടെ കൈകൾക്കെന്ന് രാധിക ഓർത്തു. ആരു കണ്ടാലും ഒന്ന് നോക്കി നിന്നു പോകും അമ്മയെ, അത്രയ്ക്ക് സൗന്ദര്യമുണ്ട് തന്റെ അമ്മയ്ക്ക്. രാധിക ഒരു നിമിഷം മനസ്സിൽ ചിന്തിച്ചു.
പ്രായം ഇത്രയും ആയെങ്കിലും രാധികയെയും വസുന്ധ്രയെയും ഒരുമിച്ച് കണ്ടാൽ ചേട്ടത്തിയും, അനിയത്തിയും ആണെന്നേ ആരും പറയു. വസുന്ധരയുടെ സൗന്ദര്യം കണ്ട് മോഹിച്ച് വിവാഹം കഴിച്ചതാണ് വാസുദേവൻ.
നീണ്ട യാത്രയ്ക്ക് ശേഷം കാർ എസ്റ്റേറ്റ് ബംഗ്ലാവിൽ പോർച്ചിൽ ചെന്നു നിന്നും. കാറിൽ നിന്നും എല്ലാവരും പുറത്തിറങ്ങി. രാധിക ചുറ്റുമൊന്ന് കണ്ണോടിച്ചു. കഴിഞ്ഞ വെക്കേഷനു വന്നു പോയതാണവൾ.
ഒരു വർഷം കൊണ്ട് വലിയ മാറ്റമൊന്നും ചുറ്റുപാടിനും വന്നിട്ടില്ലെന്ന് രാധികയ്ക്ക് തോന്നി.
വേലായുധാ. ഡിക്കിയിലിരിക്കുന്ന പെട്ടികളെല്ലാം എടുത്ത് അകത്തു വയ്ക്ക്. വാസുദേവൻ എസ്റ്റേറ്റിലെ വാച്ചുമാനെ നോക്കി പറഞ്ഞു.