“മോളെ ഇവള്‍ നിന്റെ അമ്മയല്ല..പിശാചാണ് ഇവള്‍…വെറും പിശാച്…ലോകത്ത് ഒരു തള്ളയും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കില്ല..ഇവളെ തിരിച്ചറിയാന്‍ മോളെന്നെ സഹായിച്ചത് ദൈവാധീനം കൊണ്ടാണ്..വാ..നമുക്ക് പോകാം..”
മമ്മിക്ക് അത് കേട്ടിട്ട് ഒരു കൂസലും ഉണ്ടായിരുന്നില്ല. എന്റെ മനസ് ഇത്രയേറെ തകര്‍ത്ത മറ്റൊരു രംഗവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. പെറ്റ് വളര്‍ത്തിയ അമ്മയ്ക്കും ജന്മം നല്‍കിയ അച്ഛനും വേണ്ടാത്തവളായി മാറിയല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. മമ്മി എന്റെ കരച്ചിലിന് പുല്ലുവില പോലും നല്‍കാതെ സ്വന്തം സാധനങ്ങളും പെറുക്കി മമ്മിയുടെ കാറില്‍ ഞങ്ങളോട് യാത്ര പോലും പറയാതെ പൊയ്ക്കളഞ്ഞു. തളര്‍ന്നു സോഫയിലേക്ക് വീണ എന്നെ ഡാഡി സമാശ്വസിപ്പിച്ചു.”
രേഷ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കണ്ടു. ഇവള്‍ക്ക് ഇത്ര വേദനിക്കുന്ന ഒരു ഭൂതകാലം ഉണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല.
“ഡാഡി എന്നെ ഇവിടെ കൊണ്ടുവന്നപ്പോള്‍ മക്കള്‍ എല്ലാവരും എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. പ്രത്യേകിച്ചും റൂബി. അവള്‍ എന്നെ ഒരു ചേച്ചിയെപ്പോലെ തന്നെ കരുതി. പക്ഷെ മുതലാളിയുടെ ഭാര്യ എന്നെ ഇവിടെ താമസിപ്പിക്കാന്‍ പറ്റില്ല എന്ന് തീര്‍ത്ത് പറഞ്ഞു..”
“ആര്? ലിസിക്കൊച്ചമ്മയൊ?”